കൊച്ചി:ജിഷ വധക്കേസിലെ പ്രതി അമീറിനെ അയല്‍വാസിയായ വീട്ടമ്മ തിരിച്ചറിഞ്ഞു.കൊലപാതകം നടന്ന ഏപ്രില്‍ 28 നു സന്ധ്യയോടെ ജിഷയുടെ വീട്ടില്‍ നിന്നു കൊലയാളിയെന്നു സംശയിക്കുന്ന യുവാവ് സമീപത്തെ കനാലിലേക്ക് ഇറങ്ങുന്നതു കണ്ടതായി മൊഴി നല്‍കിയ വീട്ടമ്മയാണ് ഇന്നലെ കാക്കനാട് ജില്ലാ ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ അമീറിനെ തിരിച്ചറിഞ്ഞത്. അതേസമയം പ്രതി ഉപയോഗിച്ച ആയുധത്തിന് വേണ്ടി വീണ്ടും തെരച്ചില്‍. നേരത്തെ ജിഷയെ കുത്തിയതെന്നു കരുതിയിരുന്ന കത്തി പോലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍, ഇത് വാര്‍ക്ക പണിക്കായി കൊണ്ടുപോകുന്ന ആയുധമെന്നാണ് ഇപ്പോഴത്തെ നിലപാട്.
കത്തി കണ്ടെത്തുന്നതിന് ഇന്നലെയും ജിഷയുടെ വീടിന്റെ പരിസരത്ത് തെരച്ചില്‍ നടത്തി.അന്വേഷണം ആരംഭിച്ചതു മുതല്‍ നിരവധി തവണ ഇവിടെയെത്തി ആയുധത്തിനായി തെരച്ചില്‍ നടത്തിയിരുന്നു. അമീര്‍ ഉള്‍ ഇസ്ലാമിനെ പിടികൂടി കേരളത്തിലേക്ക് കൊണ്ടുവന്ന ദിവസവും തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പരസ്പര വിരുദ്ധമായ മൊഴികളാണ് പ്രതിയില്‍നിന്നുണ്ടാകുന്നത്. ഇതും പോലീസിനെ കുഴയ്ക്കുന്നു. ക്രൂരമായ രീതിയിലാണ് കൊല. അതുകൊണ്ട് തന്നെ ആയുധം നിര്‍ണ്ണായക തെളിവാണ്. പ്രതിയെ പിടികൂടിയെങ്കിലും കൊലപാതകം എങ്ങനെ നടത്തിയെന്നതും കാരണവും വ്യക്തമാക്കാന്‍ പോലീസിനായിട്ടില്ല.കേസിലെ മുഖ്യസാക്ഷിയാണു വീട്ടമ്മ. ജിഷയുടെ അയല്‍വാസികളായ മറ്റു മൂന്നുപേര്‍ക്കും കൊലനടന്ന ദിവസം അമീര്‍ പുതിയ ചെരുപ്പു വാങ്ങാനെത്തിയ കുറുപ്പംപടിയിലെ കടയുടെ ഉടമയ്ക്കും വേണ്ടി വീണ്ടും തിരിച്ചറിയല്‍ പരേഡ് നടത്തും. 30 വരെയാണ് പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ ചോദിച്ചത്. അപേക്ഷ ഇന്നു മജിസ്ട്രേട്ട് കോടതി പരിഗണിക്കും.
പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ തെളിവെടുപ്പ് പുനരാരംഭിക്കും. മുഖം മറച്ചായിരിക്കും തെളിവെടുപ്പ്. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാകും മുന്‍പ് പ്രതിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നു ഡിജിപി ലോക്നാഥ് ബെഹ്റ മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു. പ്രതിയുടെ ചിത്രങ്ങള്‍ പുറത്തു വന്നാല്‍ സാക്ഷികള്‍ ഇയാളെ തിരിച്ചറിയുന്നതിന്റെ നിയമ സാധുത വിചാരണയില്‍ നഷ്ടപ്പെടും.
അമീറിനെതിരെ അന്വേഷണ സംഘത്തിന്റെ പക്കലുള്ള ഏറ്റവും ശക്തമായ തെളിവ് ഡിഎന്‍എ പരിശോധനാ ഫലമാണ്. എന്നാല്‍ കൊലനടത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്താന്‍ കഴിയാത്തതു പൊലീസിനെ കുഴയ്ക്കുന്നുണ്ട്. കത്തി കണ്ടെത്താന്‍ വീടിനു സമീപത്തെ കനാലിലും പരിസരത്തും ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
രണ്ടു കത്തികളാണ് ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലനടന്നതിനു തൊട്ടടുത്ത ദിവസം സമീപത്തെ ഒഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിലാണ് ആദ്യത്തെ കത്തി കണ്ടെത്തിയത്. ഇതില്‍ രക്തക്കറയുണ്ടായിരുന്നില്ല. ഇരിങ്ങോള്‍ വൈദ്യശാലപ്പടിയില്‍ അമീര്‍ താമസിച്ചിരുന്ന ലോഡ്ജിന്റെ സമീപത്തെ കെട്ടിടത്തിന്റെ ടെറസിലാണ് പ്രതി അറസ്റ്റിലായ ശേഷം രണ്ടാമത്തെ കത്തി കണ്ടെത്തിയത്.
കൊലനടത്താന്‍ ഉപയോഗിച്ചത് ഈ കത്തിയല്ലെന്നു ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായി. അമീറിന്റെ കുറ്റസമ്മത മൊഴിയില്‍ ജിഷയുടെ വീടിനു സമീപത്തെ പറമ്പിലേക്ക് കത്തി എറിഞ്ഞതായാണു പറയുന്നത്. അതുകൊണ്ടാണു വട്ടോളിപ്പടിയില്‍ പൊലീസ് ഇന്നലെ പരിശോധന നടത്തിയത്.
ജിഷയുടെ വീടിനു സമീപത്തെ പെരിയാര്‍വാലി കനാലിലും കനാല്‍ ബണ്ടിലും മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചാണു രാവിലെ 11.30 മുതല്‍ പരിശോധന നടത്തിയത്. കനാലില്‍ വെള്ളമില്ലാതിരുന്ന സമയത്താണു പ്രതി കനാല്‍ കുറുകെ കടന്നത്. അതിനിടയില്‍ കനാലിലെ ചെളിയില്‍ കത്തി കുത്തനെ ചവിട്ടിതാഴ്ത്താനുള്ള സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്.പ്രതി ധരിച്ചിരുന്ന ചെരിപ്പുകളില്‍ ഒന്നിന്റെ ഉപ്പൂറ്റിയില്‍ കൂടുതല്‍ ചെളി പുരണ്ടത് ഇതിനാലാവാം. ചെരിപ്പു ചെളിയില്‍ പുതഞ്ഞതിനാലാണ് പ്രതി കനാല്‍ കരയില്‍ ഉപേക്ഷിച്ചത്. അത് കേസില്‍ പ്രധാന തെളിവായി മാറുകയും ചെയ്തു.