ജിഷ കൊലപാതകത്തിലെ നിര്‍ണായക മൂന്നു ചോദ്യത്തിന് ഉത്തരമില്ല; അമീറുളിനെ അടിച്ച സ്ത്രീയാരാണ്?

ameerul islam

കൊച്ചി: ജിഷ കൊലപാതകത്തില്‍ പ്രതി അമീറുള്‍ ഇസ്ലാം മൊഴി മാറ്റി അന്വേഷണ സംഘത്തെ പറ്റിക്കുമ്പോള്‍ നീതി കിട്ടാതാകുന്നത് ജിഷയ്ക്കാണ്. ഇപ്പോഴും നിര്‍ണായകമായ പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല. അമീറിനെ സഹായിച്ചുവെന്ന് പറയുന്ന സുഹൃത്ത് അനറുള്‍ ഇസ്ലാം എവിടെയാണ്? ഇതുവരെ ഇയാളെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല.

ജിഷ കൊല്ലപ്പെട്ട വീട്ടില്‍ പൊലീസ് കണ്ടെത്തിയ അജ്ഞാത വിരലടയാളം ആരുടേതാണ്? കനാലിലെ കുളിക്കടവില്‍ അമീറിനെ അടിച്ച പരിസരവാസിയായ സ്ത്രീ ആരാണ്? ജിഷയുടെ അമ്മ രാജേശ്വരിയാണെന്ന് പ്രതി പറഞ്ഞപ്പോള്‍ അമീറുളിനെ ഇതിനുമുന്‍പ് കണ്ടിട്ടില്ലെന്നാണ് രാജേശ്വരി പറഞ്ഞത്. കൊലപാതകത്തിനു ശേഷം മൂന്നു ദിവസം കൂടി അനര്‍ പെരുമ്പാവൂരില്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. ജിഷ വധക്കേസിന്റെ ഗൗരവം പുറംലോകം അറിഞ്ഞ് അതു പ്രക്ഷോഭമായി വളര്‍ന്ന മേയ് രണ്ടിനാണ് അനര്‍ സ്ഥലം വിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസന്വേഷണം അനറിലേക്ക് എത്തിയതോടെ ഇയാളുടെ ജന്മനാടു കണ്ടെത്താന്‍ കേരള പൊലീസ് അസമിലേക്കു തിരിച്ചു. പൊലീസ് അവിടെ എത്തും മുന്‍പ് അനറുല്‍ ഇസ്ലാം അസം വിട്ടു. അനറിന്റെ വീടു കണ്ടെത്തിയ പൊലീസിനോടു ബന്ധുക്കള്‍ പറഞ്ഞത് സംഭവങ്ങള്‍ അറി?ഞ്ഞ് അനര്‍ കേരളത്തിലേക്കു മടങ്ങിയെന്നാണ്. എന്നാല്‍, ജൂണ്‍ 18 ന് അസം വിട്ട ഇയാള്‍ ഇതുവരെ കേരളത്തില്‍ എത്തിയിട്ടില്ല. ഇതിനിടയില്‍ അനര്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം അന്വേഷണ സംഘം നിഷേധിച്ചു. അനറിനെ കൂടാതെ ഹര്‍ഷദ് ബറുവയെന്ന അസം സ്വദേശിയേയും സംഭവ ദിവസം മുതല്‍ കാണാതായിട്ടുണ്ട്.

ജിഷ കൊല്ലപ്പെട്ട മുറിക്കുള്ളില്‍ കണ്ടെത്തിയ മീന്‍ വളര്‍ത്തിയിരുന്ന വലിയ പ്ലാസ്റ്റിക്ക് ജാറിലാണ് ആരുടേതെന്നു തിരിച്ചറിയാന്‍ കഴിയാത്ത വിരലടയാളം പൊലീസ് കണ്ടെത്തിയത്. അമീര്‍ പിടിക്കപ്പെടും വരെ ഇതു കൊലയാളിയുടെ വിരലടയാളമാണെന്നു സംശയിച്ചിരുന്നു. എന്നാല്‍, അമീറിന്റേതുമായി വിരലടയാളം പൊരുത്തപ്പെട്ടില്ല.

ജിഷയോടുള്ള വൈരാഗ്യത്തിന്റെ തുടക്കമായി പ്രതി അമീര്‍ വെളിപ്പെടുത്തിയ സംഭവങ്ങളുടെ തുടക്കം വട്ടോളിപ്പടിയിലെ കുളിക്കടവില്‍ നിന്നാണ്. സ്ത്രീകളുടെ കുളിക്കടവില്‍ എത്തിനോക്കിയ അമീറിനെ ഒരു സ്ത്രീ അടിച്ചു. അതുകണ്ട ജിഷ പൊട്ടിച്ചിരിച്ചു. പിന്നീടു പലപ്പോഴും അമീറിനെ പരസ്യമായി ജിഷ പരിഹസിച്ചു. ഈ സംഭവത്തെ കുറിച്ചു നേരിട്ട് അറിയാവുന്നതു മൂന്നു പേര്‍ക്കാണ് അമീറിനും ജിഷയ്ക്കും അടിച്ച സ്ത്രീക്കും. അമീര്‍ ഇക്കാര്യം വെളിപ്പെടുത്തിയെങ്കിലും അടിച്ച സ്ത്രീയെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അമീറിന്റെ വെളിപ്പെടുത്തല്‍ വസ്തുതാപരമല്ലെന്നും പൊലീസ് പറഞ്ഞിട്ടില്ല.

കൊല നടത്തുമ്പോള്‍ ധരിച്ചിരുന്ന മഞ്ഞ വസ്ത്രം സംബന്ധിച്ചു ചോദ്യം ചെയ്യലിനിടയില്‍ പലതവണ അമീര്‍ മൊഴിമാറ്റിയതായി പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ വസ്ത്രം പ്രതി ഒളിവില്‍ താമസിച്ച കാഞ്ചീപുരത്തുണ്ടെന്നായിരുന്നു ആദ്യമൊഴി. പിന്നീട് അസമിലാണെന്നു മൊഴിമാറ്റി. ഏറ്റവും ഒടുവില്‍ അമീര്‍ പറഞ്ഞത് അസമിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയില്‍ വസ്ത്രം ഉപേക്ഷിച്ചെന്നാണ്.

പ്രതിയുടെ താമസ സ്ഥലത്തു നിന്നാണു കൊല നടത്താനുള്ള കത്തിയെടുത്തതെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടു പ്രതി മുഴുവന്‍ കാര്യങ്ങളും വെളിപ്പെടുത്തിയിട്ടില്ല. ജയിലില്‍ ഇയാളെ തുടര്‍ന്നും ചോദ്യം ചെയ്യേണ്ടിവരും. പ്രതി ജാമ്യത്തില്‍ ഇറങ്ങിയാല്‍ കേരളം വിടാന്‍ സാധ്യതയുണ്ട്. കേസിലെ സാക്ഷികള്‍ക്കും അതു ഭീഷണിയാവുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തിനിടയില്‍ പ്രതിക്കേറ്റ പരുക്കുകളുടെ വിശദമായ പരിശോധനാ വിവരങ്ങളും റിപ്പോര്‍ട്ടിനൊപ്പം പൊലീസ് ഹാജരാക്കിയിരുന്നു.

Top