ജിഷ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം; മുന്‍വിധിയോടെ അന്വേഷണം ശക്തമായ തെളിവുകളില്ലാതെ കുറ്റപത്രം; ദുരൂഹതകളും വിവാദങ്ങളും വിട്ടൊഴിയാതെ ദലിത് പെണ്‍കുട്ടിയുടെ മരണം

കൊച്ചി: പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കൊലപാത കേസിനെ ചുറ്റിപ്പറ്റി ഇപ്പോഴും ദുരൂഹതകളും വിവാദങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്. പൊലീസ് അന്വേഷണത്തിന് ഒടുവില്‍ അമീറുല്‍ ഇസ്ലാമാണ് ജിഷയെ കൊലപ്പെടുത്തിയത് എന്നതാണ് കണ്ടെത്തല്‍. എന്നാല്‍, അമീറുല്‍ മാത്രമാണോ അതോ മറ്റൊരു പ്രതി കൂടി ഉണ്ടോ എന്ന ആശങ്കകളും ശക്തമാണ്. അമീറുള്‍ തന്നെയാണോ പ്രതി എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

ഇത് സംബന്ധിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തെ തന്നെ പ്രതിക്കൂട്ടിലാക്കി. പ്രതി അസം സ്വദേശി അമീര്‍ ഉള്‍ ഇസ്ലാമിനെതിരേ ശക്തമായ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിനായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനുപുറമേ വിജിലന്‍സ് ഡയറക്ടറും ആദ്യ അന്വേഷണസംഘത്തിന്റെ സമയത്തു പൊലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാറും അന്വേഷണത്തിനെതിരേ ഉന്നയിച്ച ആക്ഷേപങ്ങള്‍കൂടി ആകുന്നതോടെ യഥാര്‍ത്ഥ പ്രതിയെക്കുറിച്ചുള്ള സംശയങ്ങള്‍ പെരുകുന്നുണ്ട്. മുന്‍ അന്വേഷണ മേധാവിയുടെ വെളിപ്പെടുത്തലുകളും വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടും ജിഷക്കേസിലെ പാളിച്ചകളാണ് പുറത്തുകൊണ്ടുവന്നത്.

ജിഷകേസിലെ അന്തിമ അന്വേഷണത്തില്‍ ഇനിയും പലതും കണ്ടെത്താനുണ്ടെന്ന് ഡിജിപി ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ വിരലടയാളങ്ങളും തലമുടിയും തിരിച്ചറിയാന്‍ കഴിയാത്തത് സെന്‍കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ജിഷ വധക്കേസിലെ അന്വേഷണം തുടക്കം മുതല്‍ പാളിയെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. അന്വേഷണത്തില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്ന് വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എഫ്‌ഐആര്‍ തയ്യാറാക്കിയതുമുതല്‍ മുന്‍വിധിയോടെയാണ് അന്വേഷണം നടത്തിയതെന്നും തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതിയിലെ വാദത്തിന് സര്‍ക്കാര്‍ ഉപയോഗിച്ചിരുന്നു. സെന്‍ കുമാര്‍ ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടുകലും തമ്മില്‍ വൈരുദ്ധ്യമുണ്ട്, ജിഷയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച മദ്യവുമായി ബന്ധപ്പെടുത്തി കൂടുതല്‍ അന്വേഷണം നടത്തിയില്ല എന്നീ ആരോപണങ്ങളാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. ഈ വാദങ്ങള്‍ പ്രതിഭാഗം ഉപയോഗപ്പെടുത്തുമെന്നാണ് ആശങ്ക. കേസില്‍ ഇതുവരെ 13 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു. ഓഗസ്‌റ്റോടെ വിചാരണ പൂര്‍ത്തിയാവുമെന്നാണ് പ്രോസിക്യൂഷന്‍ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്തിലെ ഇരവിച്ചിറയില്‍ ജിഷ എന്ന നിയമവിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി പീഡിപ്പിച്ചതിനുശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജിഷയുടെ അമ്മ രാജ്വേശരി കൂലിപ്പണി കഴിഞ്ഞ് എത്തിയപ്പോള്‍ വൈകിട്ട് എട്ടരയോടെയാണ് മൃതദേഹം കണ്ടത്.

ആന്തരികാവയവങ്ങള്‍ വരെ പുറത്ത് വന്ന നിലയിലായിരുന്നു മൃതദേഹം. ജിഷയുടെ കൊലപാതകം വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് ഒരു മാസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് അമീറുള്‍ ഇസ്ലാം എന്ന ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും. പോലീസിന്റെ കൃത്യ വിലോപവും ഈ കേസിനെ വിവാദത്തിലാക്കി. ജിഷയ്ക്ക് ലഭിക്കാത്ത നീതി അവര്‍ ജനിച്ച ദലിത് സമൂഹത്തിന് ലഭിക്കാത്ത നീതിയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു.

Top