കൊച്ചി:ജിഷാ കൊലക്കേസ് വാദം അന്തിമ ഘട്ടത്തിലേക്ക് എത്തി .എന്റെ മകളെ കൊന്നവനെയും വിടില്ല, അവനെ രക്ഷിക്കാൻ വന്നവനെയും വിടില്ല! പ്രതിയുടെ വകീൽ അഡ്വ.ആളൂരിനെതിരെ ഉറഞ്ഞുതുള്ളി ജിഷയുടെ അമ്മ രാജേശ്വരി കോടതിയിൽ വികാരപ്രകടനം നടത്തി. വികാരം പ്രകടനം അതിരുവിട്ടതോടെ താക്കീത് ചെയ്ത് ജില്ലാ ജഡ്ജി.ഇന്നലെ ഉച്ചക്ക് ഒരു മണിയോടടുത്തായിരുന്നു വാദത്തിനിടെ കോടതിക്കുള്ളിൽ രാജേശ്വരിയുടെ ബഹളം. ജിഷ ഭക്ഷണം കഴിച്ച് അധികം താമസിയാതെയാണ് കൊല്ലപ്പെട്ടതെന്നും പ്രൊസിക്യൂഷൻ സമർപ്പിച്ചിട്ടുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ മരണസമയം ശരിയല്ലന്നുമുള്ള ആളൂരിന്റെ പരാമർശമാണ് രാജേശ്വരിയെ ചൊടിപ്പിച്ചത്.
ഇംഗ്ലീഷിലുള്ള വാദത്തിനിടെ കടന്നുകൂടിയ മലയാള പദങ്ങളിൽ നിന്നും വിവരം മനസ്സിലാക്കിയായിരുന്നു രാജേശ്വരി പ്രതിഷേധവുമായി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റത്.രൂക്ഷമായ ഭാഷയിൽ അഭിഭാഷകനെതിരെ പ്രതികരിച്ച ഇവർ ഇടക്ക് അസഭ്യവർഷവും നടത്തിയെന്നാണ് കോടതി മുറിക്കുള്ളിലുണ്ടായിരുന്നവരുടെ നേർസാക്ഷ്യം. വികാരം പ്രകടനം അതിരുവിട്ടതോടെ വാദം കേട്ടിരുന്ന ജില്ലാ ജഡ്ജി രാജേശ്വരിയെ താക്കീത് ചെയ്തു.സംരക്ഷണച്ചുമതലയുണ്ടായിരുന്ന വനിത പൊലീസുകാരോടൊപ്പമാണ് രാജേശ്വരി വാദം കേൾക്കാൻ എത്തിയത്. പ്രതിഭാഗം വാദം നടക്കുന്നതിനിടെ ആദ്യമായിട്ടാണ് രാജേശ്വരി കോടതിയിൽ എത്തിയത്.
പ്രതി അമിറുൾ ഇസ്ലാമിനെ നിയമക്കുരുക്കിൽ നിന്നും രക്ഷിച്ചെടുക്കാൻ അഡ്വ.ആളൂർ അവസാനവട്ട വാദം ആരംഭിച്ച ദിവസം രാജേശ്വരി മൂകാംബിക ക്ഷേത്രദർശനത്തിനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും അകമ്പടി പൊലീസുകാർക്കൊപ്പം പുറപ്പെട്ടിരുന്നു. മകൾ ദീപയാണ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. നേരത്തെ ജിഷ നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്നത് കാണാൻ പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും അതിനാൽ മടക്കയാത്രിൽ പറ്റിയാൽ നീലക്കൂറിഞ്ഞി കാണുമെന്നും രാജേശ്വരി അടുപ്പക്കാരോട് സൂചിപ്പിരുന്നതായുള്ള വിവരവും പിന്നാലെ പുറത്ത് വന്നു. ദിവസങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ രാജേശ്വരി തന്റെ യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടില്ല.
ജിഷ ദാരുണമായി കൊല്ലപ്പെട്ട കേസിൽ പ്രതി അമിറൂൾ ഇസ്ലാമിന്റെ സുഹൃത്ത് അനാറുൾ ഇസ്ലാം അസാന്നിധ്യം പ്രോസിക്യൂഷന് തലവേദനയാകുമെന്നാണ് സൂചന. കേസിൽ അഡ്വ.ബിഎ ആളൂർ പ്രതി അമിറുൾ ഇസ്ലാമിന്റെ വക്കാലത്ത് ഏറ്റെടുത്തതിന് പിന്നാലെയാണ് വീണ്ടും അനാറുളിന്റെ പേര് ഉയർന്നുവരുന്നത്. കൊല നടത്തിയത് അനാറുൾ ആണെന്നും, പൊലീസിന്റെ മർദ്ദനത്തിൽ ഇയാൾകൊല്ലപ്പെട്ടതോടെ അമിറൂളിനെ പ്രതിയാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗത്തിന്റെ ഭാക്ഷ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അടച്ചിട്ട മുറിയിലാണ് കേസിന്റെ വാദം നടക്കുന്നത്. 27 ആം തിയതി മുതൽ മുപ്പത് വരെയാണ് പ്രതിഭാഗത്തിന്റെ അന്തിമവാദം. അനാറുളിന്റെ അസാന്നിധ്യം മുതലെടുത്ത് പ്രോസിക്യൂഷന്റെ വാദങ്ങളെ ഖണ്ഡിക്കുകയാണ് അഡ്വ. ആളൂർ ലക്ഷ്യമിടുന്നത്. അടച്ചിട്ട കോടതി മുറിയിൽ ഇതുവരെ 74 ദിവസത്തെ വാദമാണ് നടന്നത്.
അന്വേഷണ സംഘങ്ങൾ, പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ, ഫൊറൻസിക്, ഡിഎൻ.എ വിദഗ്ദ്ധർ ഉൾപ്പടെ ഇതിനകം 100 സാക്ഷികളെ വിസ്തരിച്ചുകഴിഞ്ഞു. ഇതിൽ 15 പേര് ഇതര സംസ്ഥാന തൊഴിലാളികളാണ്. 290 രേഖകൾ ഹാജരാക്കി. 36 തൊണ്ടിമൊതലുകളാണ് പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയത്. അമിറുൾ കുറ്റക്കാരനാണെന്ന് സ്ഥാപിക്കുന്ന, സാഹചര്യ തെളിവുകളും, സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. എന്നാൽ അമിറൂൾ ഇസ്ലാം ആർക്ക് വേണ്ടിയാണ് ഇത്തരം ഹീനകൃത്യം ചെയ്തതെന്ന ചോദ്യങ്ങളും ഇതിനിടയിൽ ഉയർത്തുകായാണ് ആളൂർ വക്കിൽ.
2016 ഏപ്രിൽ 28 നാണ് ഇരിങ്ങോൾ വട്ടോളിപ്പടി കുറ്റിക്കാട്ട് രാജേശ്വരിയുടെ മകൾ ജിഷമോൾ കൊല്ലപ്പെട്ടത്. ഇരിങ്ങോൾ കനാൽ പുറമ്പോക്കിലെ ഒറ്റമുറി വീടിനുള്ളിൽ ജിഷയെ അസം സ്വദേശി അമിറൂൾ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. ക്രൂരമായ ബലാത്സംഘത്തിന് ശേഷമായിരുന്നു കൊലപാതകം. സംഭവത്തിന് ശേഷം രണ്ടാം ദിവസമാണ് കൊലപാതകം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കാര്യമായ തെളിവുകൽ ലഭിക്കാതിരുന്നത് അന്വേഷണ സംഘത്തെ വെട്ടിലാക്കി. പിന്നീട് എഡിജിപി ബി സന്ധ്യയുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘമാണ് അമിറൂൾ ഇസ്ലാമെന്ന അന്ന്യ സംസ്ഥാന തൊഴിലാളിയെ പിടികൂടുന്നത്.