കോഴിക്കോട്: ജിഷ്ണു കേസില്‍ വീണ്ടും സര്‍ക്കാര്‍ ഒത്തുകളി.വന്‍ വിവാദങ്ങള്‍ക്കുശേഷവും ജിഷ്ണുകേസില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടു. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിച്ചില്ലെന്നും സര്‍ക്കാരിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടതായും ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു.
പൊലീസ് കേസ് അട്ടിമറിക്കുകയാണെന്നും ഇതിനാല്‍ അടുത്ത ദിവസം തന്നെ പുതിയ ഡി ജി പി സെന്‍കുമാറിനെ കാണുമെന്നും അവര്‍ വ്യക്തമാക്കി. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ വച്ച് തന്നെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥക്കെതിരെയും ജിഷ്ണുവിന്റെപോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ച ഡോ. ജെറി ജോസഫിനെതിരെയും, ത ന്റെ മകന്റെ പേരില്‍ വ്യാജ ആത്മഹത്യാ കുറിപ്പ് നിര്‍മ്മിച്ചവര്‍ക്കെതിരെയും എഫ് ഐ ആറില്‍ കൃത്രിമം കാണിച്ച എസ് ഐക്കെതിരെയും നടപടി എടുക്കുമെന്ന് എന്നെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കിയിരുന്നു.
സമരം അവസാനിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ തന്റെ കുടുംബവുമായുണ്ടാക്കിയ പത്ത് കരാറുകള്‍ പൂര്‍ണ്ണമായും ലംഘിച്ചു. നെഹ്‌റു കോളെജിലെ ഇടിമുറിയില്‍ നിന്നുലഭിച്ച രക്തം ജിഷ്ണുവിന്റേതാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
പിന്നീട് നാദാപുരം താലൂക്ക് ആശുപത്രിയില്‍ വച്ച് അച്ഛന്‍ അശോകന്റെയും അമ്മ മഹിജയുടെയും രക്ത സാമ്പിള്‍ എടുത്തിരുന്നു. അന്ന് കണ്ടെത്തിയത് ഒ പോസിറ്റിവ് രക്തമാണെന്നും ജിഷ്ണുവിന്റെ രക്തവും ഒ പോസിറ്റിവ് ആയിരുന്നുവെന്നും ഇത് ജിഷ്ണുവിന്റേതാണെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഫോറന്‍സിക്ക് വിഭാഗം അന്വേഷണ സംഘത്തിന് നല്‍കിയ റിപ്പോട്ടില്‍ ജിഷ്ണുവിന്റെ ഡി എന്‍ എ സാമ്പിള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലന്ന വിവരമാണുള്ളത്. ഇതോടെ കേസില്‍ അന്വേഷണ സംഘത്തിന്റെ ശക്തമായ ഒരു തെളിവാണ് നശിപ്പിക്കുന്നത്.
ഈ തെളിവ് കൂടി നഷ്ടപ്പെട്ടാല്‍ ജിഷ്ണുവിന് കോളെജിലെ രഹസ്യമുറിയില്‍ വച്ചുണ്ടായ മര്‍ദ്ദനമാണ്മരണകാരണമെന്നുള്ള ബന്ധുക്കളുടെ ആരോപണത്തില്‍ കഴമ്പില്ലാതാകും.
കഴിഞ്ഞ മാസം മഹിജയെ സന്ദര്‍ശിച്ച സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികളെ ജയിലില്‍ അടക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.
ഇതും പാലിക്കപ്പെട്ടില്ല. രണ്ടു തവണ കോടിയേരി ബാലകൃഷ്ണനും നാലു തവണ കെ പി സി സി പ്രസിഡന്റും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ഉമ്മന്‍ ചാണ്ടിയും, വി എസും പലപ്പോഴായി വീട്ടിലെത്തിയിട്ടും വടകരയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വരാതിരുന്നതിലെ ദുരൂഹത തന്നെ ഏറെ ദുഃഖിപ്പിച്ചതായും അവര്‍ വ്യക്തമാക്കി.
കേസിലെ നിര്‍ണായക തെളിവായി കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് ഡി എന്‍ എ വേര്‍തിരിച്ചെടുക്കാനാവാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ജിഷ്ണു പഠിച്ച നെഹ്‌റു എന്‍ജിനീയറിങ് കോളജിലെ ഇടിമുറിയില്‍ നിന്നും ലഭിച്ച രക്തക്കറയാണ് ഡി എന്‍ എ പരിശോധനക്ക് അയച്ചത്. ഈ സാമ്പിളില്‍ പരിശോധന സാധ്യമല്ലെന്നാണ് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍നിന്നുള്ള ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. ഇത് പൊലീസിന് കൈമാറിയിട്ടുണ്ട്.
പഴക്കവും ആവശ്യത്തിനുള്ള അളവിലും രക്തസാമ്പിള്‍ ലഭിക്കാതിരുന്നതാണ് ഡി എന്‍ എ വേര്‍തിരിക്കാന്‍ പ്രയാസമുണ്ടാക്കിയതെന്നാണ് തിരുവനന്തപുരം ഫോറന്‍സിക് ലാബ് അധികൃതരുടെ വിശദീകരണം. എന്നാല്‍, നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ രക്തക്കറ ജിഷ്ണവിന്റെ രക്ത ഗ്രൂപ്പായ ഒ പോസിറ്റീവാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് അന്വേഷണസംഘം നാദാപുരത്തെത്തി ജിഷ്ണവിന്റെ മാതാപിതാക്കളുടെ ഡി എന്‍ എ ശേഖരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തതിന് വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് കുടുംബം വീണ്ടും ഉത്കണ്ഠയുമായി രംഗത്തെത്തുന്നത്.