ജിഷ്ണു പ്രണോയ് കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഗൗരവമുള്ള കേസുകള്‍ ഇങ്ങനെയാണോ പൊലീസ് കൈകാര്യം ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. കേസ് അന്വേഷിക്കാന്‍ പൊലീസിന് താല്‍പര്യമില്ലേയെന്നും കോടതി ആരാഞ്ഞു. കേസ് ഡയറി ഹാജരാക്കാന്‍ വെള്ളിയാഴ്ച വരെ സാവകാശം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. കേസ് ഡയറി നാളെ തന്നെ ഹാജരാക്കണമെന്ന് പറഞ്ഞ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചു. കേസ് സിബിഐക്ക് വിടണമെന്ന ജിഷ്ണുവിന്റെ അമ്മ മഹിജയുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ സിബിഐയെ കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ മറുപടി നല്‍കാന്‍ വൈകിയതോടെയാണ് കോടതി സിബിഐയെ വിമര്‍ശിച്ചത്. കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന കാര്യം രേഖാമൂലം അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.
‘ഗൗരവമുള്ള കേസുകള്‍ ഇങ്ങനെയാണോ പൊലീസ് കൈകാര്യം ചെയ്യുന്നത്’; ജിഷ്ണു കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
Tags: jishnu case and court