ജിഷ്ണു പ്രണോയി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഡിജിപി ഓഫിസിനു മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ പൊലീസ് തടഞ്ഞു. പൊലീസ് ആസ്ഥാനത്ത് സമരം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. ഡിജിപി ഓഫിസിനു 100 മീറ്റര്‍ അടുത്താണ് തടഞ്ഞത്. അതേസമയം, പിന്‍മാറാന്‍ കുടുംബവും തയാറായിട്ടില്ല. പിന്മാറിയില്ലെങ്കില്‍ അറസ്റ്റ് എന്ന നിലപാടിലാണ് പൊലീസ്. സ്ഥലത്തു സംഘര്‍ഷാവസ്ഥയാണ്.
അതേസമയം, ജിഷ്ണുവിന്റെ കുടുംബത്തെ ഡിജിപി ചര്‍ച്ചയ്ക്കു ക്ഷണിച്ചു. കുടുംബാംഗങ്ങളായ അഞ്ചുപേര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാം. ഇന്നു രാവിലെ ജിഷ്ണുവിന്റെ അമ്മ മഹിജയെ നേരിട്ടുകണ്ട് രാവിലെ മ്യൂസിയം സിഐ, ഇവിടെ സമരം ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. നിരാഹാരമിരുന്നാല്‍ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു.
അതേസമയം, കേസില്‍ ഒന്നാം പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ ഇന്നലെ ചോദ്യം ചെയ്തശേഷം വിട്ടയച്ച പൊലീസ് നടപടി നാടകമാണെന്നു ജിഷ്ണുവിന്റെ അമ്മ മഹിജ രാവിലെ ആരോപിച്ചു. പ്രതികളെ പിടികൂടുംവരെ സമരം തുടരും. ജിഷ്ണു മരിച്ച് മൂന്നു മാസമാകുമ്പോഴും പ്രതികളെ പിടികൂടാത്തതിലാണു പ്രതിഷേധം. കേസ് അട്ടിമറിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തിലും നടപടി ഉണ്ടായില്ല. ഇതോടെയാണു പലതവണ പ്രഖ്യാപിച്ച ശേഷം മാറ്റിവച്ച സമരം ആരംഭിക്കാന്‍ കുടുംബം തീരുമാനിച്ചത്.