പാമ്പാടി കോളജിലെ ഇടിമുറിയില്‍ കണ്ടത് ജിഷ്ണുവിന്റെ രക്തംമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്; കൊലപാതകമെന്ന സംളയം ബലപ്പെടുന്നു; പ്രതികളുമായി പോലീസ് ഒത്തുകളിക്കുന്നെന്ന ആരോപണം ശക്തം

കോഴിക്കോട്: പാമ്പാടി നെഹ്രു എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. കോളേജിലെ ഇടിമുറിയിലെ രക്തക്കറ ജിഷ്ണുവിന്റെ രക്തഗ്രൂപ്പില്‍പ്പെട്ടതാണെന്ന് തെളിഞ്ഞു. ഫോറന്‍സിക് പരിശോധനയിലായിരുന്നു കണ്ടെത്തല്‍. ഇനി ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്ത സാമ്പിളെടുക്കും. ഇതിനായി അന്വേഷണസംഘം വീട്ടിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

രക്തസാമ്പിള്‍ ജിഷ്മുവിന്റെതാണെന്ന് തെളിയുന്നതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വാദം ശരിയാവുകയാണ്. എങ്ങനെയാണ് ഇടിമുറിയില്‍ രക്തക്കറ എത്തിയതെന്നതില്‍ വിശദ അന്വേഷണവും നടത്തേണ്ടി വരും. അങ്ങനെ വന്നാല്‍ കോളേജ് മാനേജ്മെന്റിനെതിരെ കൊലക്കുറ്റവും ചുമത്തേണ്ട സാഹചര്യം വരും. ജിഷ്ണു പ്രണോയി മരിച്ചതില്‍ പൊലീസ് കേസെടുത്ത് ഒരു മാസമായിട്ടും ഒരു പ്രതിയെ പോലും പിടികൂടിയിട്ടില്ല. പ്രതികളെല്ലാം ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം അറസ്റ്റ് വൈകുന്നതോടെ പൊലീസ് പ്രതികളുമായി ഒത്തുകളിക്കുന്നൂവെന്ന ആക്ഷേപവും ശക്തമാവുകയാണ്. ഇതിനിടെയാണ് പുതിയ കണ്ടെത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ കോളേജിലെ പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥന്റെ മുറിയെയാണ് വിദ്യാര്‍ത്ഥികള്‍ ഇടിമുറി എന്ന് വിശേഷിപ്പിച്ചിരുന്നത്. പരിശോധന നടത്തിയ ഫോറന്‍സിക് വിഭാഗമാണ് ഇവിടെ നിന്നും രക്തക്കറ കണ്ടെത്തിയത്. ഇവിടെ വെച്ച് ജിഷ്ണു ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായതായി ആരോപണം ഉയര്‍ന്നിരുന്നു. ജിഷ്ണു മരിച്ച ബാത്ത്‌റൂമിലും രക്തക്കറ കണ്ടിരുന്നു. രക്തസാമ്പിളുകള്‍ തെളിഞ്ഞാല്‍ കൊലക്കുറ്റമടക്കം പ്രതികള്‍ക്ക് മേല്‍ ചുമത്തിയേക്കും. ജിഷ്ണുവിനെ കോളേജ് അധികൃതര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് നേരത്തേ മാതാപിതാക്കളും കുടുംബവും ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായി വിശ്വനാഥന്റെ മകനാണ് പിആര്‍ഒ സഞ്ജിത്ത്.

വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന, എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ജിഷ്ണുവിനെ ഭീഷണിപ്പെടുത്തി ഒതുക്കാനാണ് ജനുവരി ആറിന് പരീക്ഷയില്‍ ക്രമക്കേടു നടത്തിയെന്നാരോപിച്ച് പിടികൂടിയത്. പിന്നീട് ചെയര്‍മാന്റെ ഓഫീസിലേക്ക് ജിഷ്ണുവിനെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് രണ്ടാം പ്രതി കെവി സഞ്ജിത്ത് ജിഷ്ണുവിനെ ഇടിമുറിയില്‍ തടഞ്ഞുവെച്ചു. മതിയായ തെളിവില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞിട്ടും ഇതു കൂട്ടാക്കാതെ ജിഷ്ണുവിനെ മൂന്നു സെമസ്റ്റര്‍ പരീക്ഷകളില്‍ നിന്ന് ഡീബാര്‍ ചെയ്തു. ഇതിനിടെ ഇടിമുറിയിലെ മര്‍ദ്ദനത്തിനും ജിഷ്ണു ഇരയായെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവയ്ക്കും തരത്തിലാണ് ജിഷ്ണുവിന്റേതിന് സമാനമായ രക്തക്കറ പൊലീസിന് കിട്ടിയത്.

ഫെബ്രുവരി 13നാണ് അസ്വാഭാവിക മരണമെന്ന കേസ് മാറ്റി ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി ക്രിമിനല്‍ കേസടുത്തത്. നെഹ്രൂ ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ്, പി. ആര്‍.ഒ സജ്ഞിത് വിശ്വനാഥന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍. കെ. ശക്തിവേല്‍, അദ്ധ്യാപകരായ സി. പി. പ്രവീണ്‍, ഡിപിന്‍ എന്നിവരായിരുന്നു പ്രതികള്‍. കോളജ് മാനേജ്മെന്റിന് ജിഷ്ണുവിനോടുള്ള വൈരാഗ്യം മൂലം കോപ്പിയടിച്ചെന്ന പേരില്‍ കുടുക്കിയെന്നും ശാരീരികവും മാനസികവുമായി ഉപദ്രവിച്ചെന്നുമായിരുന്നു പൊലീസ് കണ്ടെത്തല്‍. എന്നാല്‍ ഒരാളെ പോലും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനായിട്ടില്ല. കേസെടുത്തതിന് തൊട്ടുപിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി ഇതരസംസ്ഥാനങ്ങളിലടക്കം തിരഞ്ഞെങ്കിലും കണ്ടെത്താനാവുന്നില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ ഇതിനിടെ എല്ലാ പ്രതികളും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചുകഴിഞ്ഞു.

ഒന്നാം പ്രതി കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ അറസ്റ്റില് നിന്ന് രക്ഷപെട്ടു കഴിഞ്ഞു. മറ്റ് നാലുപേരുടെയും ജാമ്യാപേക്ഷകള്‍ ഹൈക്കോടതിയും തൃശൂര്‍ ജില്ലാ കോടതിയും പരിഗണിച്ച് വരികയാണ്. എങ്കില്‍ പോലും അറസ്റ്റിന് തടസമില്ലെന്നിരിക്കെ പൊലീസ് അതിന് ശ്രമിക്കുന്നില്ലെന്നും ഒത്തുകളിയാണെന്നും ആരോപണം ശക്തമാണ്.

Top