
ജിദ്ദ: സൗദിയില്‍ നിര്‍ബന്ധിത സ്വദേശിവത്ക്കരണം ഈ ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലാകുന്നു. സൗദിയിലെ ജ്വല്ലറികളിലാണ് നിര്‍ബന്ധിത സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത്. ഇനി മുതല്‍ സ്വര്‍ണക്കടകളില്‍ വിദേശികളെ ജോലിക്ക് നിര്‍ത്തിയാല്‍ 20,000 റിയാല്‍ പിഴയും ശിക്ഷയുമുണ്ടാകും.
ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ മന്ത്രാലയം പരിശോധന തുടങ്ങി. തൊഴിലാളികളെ മാറ്റാന്‍ അനുവദിച്ച സമയപരിധി ഇന്നലെയാണ് അവസാനിച്ചത്. ഇനി മുതല്‍ സൗദി പൗരന്‍മാര്‍ക്ക് മാത്രമേ ജ്വല്ലറിയില്‍ ജോലി ചെയ്യാനാവൂ. വിദേശികള്‍ പിടിക്കപ്പെട്ടാല്‍ സ്ഥാപനത്തിനാണ് പിഴ.
വിദേശികളുടെ എണ്ണത്തിനനുസരിച്ച് പിഴ സംഖ്യയും ഇരട്ടിക്കും. അതേ സമയം സ്വദേശികളെ ജ്വല്ലറി ജോലിക്ക് പരിശീലിപ്പിച്ചിരുന്നെങ്കിലും ഇവരില്‍ പലരും ഉന്നത പഠനത്തിനും മറ്റ് ജോലികള്‍ക്കും പോയെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മതിയായ ജീവനക്കാരില്ലെങ്കില്‍ പല സ്ഥാപനങ്ങളും പൂട്ടേണ്ടി വരുമെന്നും കട ഉടമസ്ഥരെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങള്‍ പറയുന്നു. നിരവധി മലയാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്തിരുന്നു.