ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ഗുണനിലവാരമില്ലാത്ത ഹിപ് ഇംപ്ലാന്റുകള്‍ ഉപയോഗിച്ച് ഇടുപപ്പെല്ല് ശസ്ത്രക്രിയ ചെയ്ത എല്ലാവര്‍ക്കും ഇടക്കാല ആശ്വാസമായി 20 ലക്ഷം രൂപ വീതം നല്‍കണമെന്ന് സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷണ്‍ (സി.ഡി.എസ്.സി.ഒ). കേന്ദ്രസര്‍ക്കാരിനും ജോണ്‍സണ്‍ ആന്റ ജോണ്‍സണ്‍ കമ്പനിക്കും നല്‍കിയ കത്തിലാണ് നിര്‍ദ്ദേശമുള്ളത്.
എട്ടുവര്‍ഷം മുമ്പാണ് ഉപകരണത്തില്‍ കുഴപ്പങ്ങളുള്ളതായി തെളിഞ്ഞത്. ഇതോടെ ആഗോളതലത്തില്‍ ഇവ വിപണിയില്‍നിന്ന് തിരിച്ചെടുത്തു. എന്നാല്‍ ആയിരക്കണക്കിന് രോഗികള്‍ക്ക് ഇതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവന്നു.
രോഗികള്‍ ഏറെക്കാലം സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായി 2017-ലാണ് ഡോ. അരുണ്‍ കുമാര്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സമിതിയെ പഠനത്തിനായി നിയോഗിച്ചത്. ഫെബ്രുവരിയില്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, ഇതിന്റെ ഉള്ളടക്കമെന്തെന്നോ നഷ്ടപരിഹാരമെന്തെന്നോ വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു.
മനുഷ്യനെ സംബന്ധിച്ച് ഏറ്റവും ചലനാത്മകമായ ഭാഗമാണ് ഇടുപ്പ്. അതുകൊണ്ടുതന്നെ ഉപകരണത്തിന്റെ കുഴപ്പം വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായി. മിക്കവര്‍ക്കും കടുത്ത വേദനയാണ്. ചിലര്‍ക്ക് ഉള്ളില്‍ മുറിവുണ്ടായി. ഉപകരണം നിര്‍മിച്ച ലോഹാംശം രക്തത്തില്‍ കലര്‍ന്ന് വിഷബാധയുമായി. ആയിരത്തിലധികം പേരാണ് കമ്പനിയുടെ ഹെല്‍പ്പ് ലൈന്‍ വഴി പരാതി ഉന്നയിച്ചത്.
ഇന്ത്യയില്‍ 4700-ലധികം പേര്‍ ഉപകരണം വാങ്ങിയിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. 3500 പേരെ മാത്രമേ ഇതുവരെ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടുള്ളൂ. കുറഞ്ഞത് 20 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കാനാണ് വിദഗ്ധസമിതിയുടെ ശുപാര്‍ശ എന്നാണ് അറിയുന്നത്. ഇരകളെ മുഴുവന്‍ കണ്ടെത്തുന്നതിന് സംസ്ഥാനതലത്തില്‍ സമിതിയുണ്ടാക്കി അന്വേഷണം നടത്തുമെന്നും ആവശ്യമെങ്കില്‍ പത്രങ്ങളിലും മറ്റും പരസ്യം ചെയ്യുമെന്നുമാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ പറയുന്നത്. റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുകയാണെന്നും വൈകാതെ നടപടികളുണ്ടാകുമെന്നുമാണ് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുടെ വിശദീകരണം.