ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്രശ്‌നമെങ്കില്‍ മുഖത്തിടുന്ന പൗഡര്‍ പ്രശ്‌നമല്ലേ? സുരേഷ് സി പിള്ള എഴുതുന്നു

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ പ്രധാന ഉത്പന്നങ്ങളില്‍ ഒന്നായ ബേബി പൗഡറില്‍ ആസ്ബസ്റ്റോസിന്റെ അംശം കണ്ടെത്തിയതായ കഴിഞ്ഞ ദിവസം ലോകത്തെ ഞെട്ടിച്ചിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നം ഇത് മൂലം ഉണ്ടാകാമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്ത്രീകള്‍ക്ക് അണ്ഡാശയത്തില്‍ കാന്‍സര്‍ വരുന്നതിനു ആസ്ബസ്റ്റോസിന്റെ സാന്നിധ്യം കാരണമാകുമെന്നാണ് പഠനങ്ങള്‍.

മലയാളി ശാസ്ത്രജ്ഞനും ഐറിഷ് ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധസമിതി അംഗവുമായ സുരേഷ് സി പിള്ള പൗഡറില്‍ ആസ്ബറ്റോസ് സാന്നിധ്യത്തെ കുറിച്ചെഴുതിയ ഫെയ്സ്ബുക്ക് വൈറലാകുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഭൂജന്യമായതും, സിലിക്കണ്‍, മഗ്നീഷ്യം, ഓക്സിജന്‍ തുടങ്ങിയ മൂലകങ്ങളുടെ ഒരു സംയുക്തവുമാണ് ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ് അഥവാ ടാല്‍കം പൗഡര്‍ എന്ന പേരില്‍ മനോഹരമായ പേരുകളിലും കുപ്പികളിലും നമ്മുടെ മുന്നിലെത്തുന്ന സൗന്ദര്യ വര്‍ദ്ധക വസ്തു. ബേബി പൗഡറില്‍ ആസ്ബസ്റ്റോസിന്റെ സാന്നിധ്യം തെളിയുമ്പോള്‍ അതിനും മുന്നേ പൗഡറുകളിലും ആസ്ബസ്റ്റോസിന്റെ സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. മാരകമായ ആസ്ബസ്റ്റോസിന്റെ സാന്നിധ്യം കുറഞ്ഞ അളവിലാണെങ്കില്‍ പോലും അത് ശരീരത്തിന് വളരെ ദോഷം ചെയ്യുന്ന ഒന്നാണ്. ടാല്‍ക്കം പൗഡറില്‍ ആസ്ബസ്റ്റോസിന്റെ സാന്നിദ്ധ്യം പല പഠനങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. ടാല്‍ക്കം പൗഡറിന്റെ ഉപയോഗം മൂലം അണ്ഡാശയ കാന്‍സറും ശ്വാസ കോശത്തിലെ കാന്‍സറും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ദീര്‍ഘ കാലമായി പൗഡറുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും പൗഡര്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റും ശ്വാസകോശ കാന്‍സര്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്വകാര്യ ഭാഗങ്ങളിലും മറ്റും ദിനംപ്രതി പൗഡര്‍ ഇടുന്നവര്‍ക്ക് അണ്ഡാശയ കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ആസ്ബസ്റ്റോസ് അടങ്ങിയ പൗഡറുകള്‍ ശ്വസിക്കുന്നത് തന്നെ ശ്വാസകോശ കാന്‍സറിന് കാരണമാകുന്നു. പൗഡറിന്റെ കണങ്ങള്‍ ഗര്‍ഭാശയത്തിലെത്തി അണ്ഡവാഹിനിക്കുഴലിലൂടെ അണ്ഡാശയത്തിലെത്താം. ടാല്‍കം പൗഡറും അണ്ഡാശയ കാന്‍സറും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ആസ്ബസ്റ്റോസ് ഉപയോഗിക്കാത്ത പൗഡറുകള്‍ക്ക് യാതൊരു തെളിവും ഇല്ല എന്നതാണ് സത്യം.

ഇനി എന്താണ് ആസ്ബസ്റ്റോസ് എന്ന് നോക്കാം

സിലിക്കണും ഓക്സിജനും ചെറിയ തോതില്‍ മറ്റു മൂലകങ്ങളും അടങ്ങിയതാണ് ആസ്ബസ്റ്റോസ്. ഇത് രണ്ടു തരമുണ്ട്. ഒന്ന് Chrysotile രണ്ട് Amphibole.
മേല്‍ക്കൂരയ്ക്ക് ഒക്കെ ഉപയോഗിക്കുന്ന ആസ്ബസ്റ്റോസ് Chrysotile ആണ്. വളരെ ഉറപ്പുള്ളതും സാധാരണ ഗതിയില്‍ കെമിക്കലുകളുമായി രാസപ്രവര്‍ത്തനം നടത്താത്തതും ആണ്. കൂടതെ പെട്ടെന്ന് തീ പിടിക്കില്ല, ഇലക്ട്രിസിറ്റി കടത്തി വിടില്ല തുടങ്ങിയ ഗുണങ്ങളുമുണ്ട്. ഒരിക്കല്‍ ഇട്ടാല്‍ വര്‍ഷങ്ങളോളം ഒരു തരത്തിലുള്ള അറ്റകുറ്റ പണികളുടെയും ആവശ്യമില്ല.

അപ്പോള്‍ പിന്നെ എന്താണ് ആസ്ബസ്റ്റോസ് കൊണ്ട് പ്രശ്നം?

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം തന്നെ ആസ്ബസ്റ്റോസിന്റെ ദൂഷ്യ വശങ്ങള്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഇത് കാന്‍സറിന് ഹേതുവാകും എന്ന് കണ്ടെത്തിയത് 1930 കളിലാണ്. ആസ്ബസ്റ്റോസ് (Chrysotile) നെ കാന്‍സറിനു കാരണമായ കെമിക്കലുകളുടെ വിഭാഗത്തിലാണ് International Agency for Research on Cancer (IARC) carcinogen പെടുത്തിയിരിക്കുന്നത്. അതായത് അതില്‍ പേടിക്കാന്‍ ചിലത് ഉണ്ടെന്നു തന്നെ.

അതായത് ആസ്ബസ്റ്റോസുമായുള്ള സമ്പര്‍ക്കം ശ്വാസകോശ അര്‍ബുദം ഉള്‍പ്പെടെ പല അസുഖങ്ങള്‍ക്കും (parenchymal asbestosis, peritoneal mesothelioma) ഹേതുവാകും എന്നാണ്. ലോകാരോഗ്യ സംഘടന പറയുന്നത്, ആസ്ബസ്റ്റോസ് പൂര്‍ണ്ണമായും ഒഴിവാക്കണം എന്നും ആസ്ബസ്റ്റോസിന് ഒരു സുരക്ഷിതമായ അളവ് പറയാന്‍ പറ്റില്ല എന്നുമാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഭൂരിഭാഗം ആള്‍ക്കാരിലും ആസ്ബസ്റ്റോസുമായി സമ്പര്‍ക്കം ഉണ്ടായാല്‍ കാന്‍സര്‍ ഉണ്ടാവണം എന്നില്ല, പക്ഷെ, ഒരു ചെറിയ ശതമാനം ആള്‍ക്കാരില്‍, വളരെ ചെറിയ അളവില്‍ ഉള്ള ആസ്ബസ്റ്റോസിന്റെ സമ്പര്‍ക്കവും കാന്‍സറിനു കാരണം ആകാം എന്നും പറയുന്നു (WHO, 15 February 2018, Asbestos: elimination of asbestos-related diseases).

ടാല്‍ക്കം പൗഡര്‍ ഇടാമോ? കുട്ടികളില്‍ ബേബി പൗഡര്‍ ഉപയോഗിക്കാമോ?

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡറില്‍ ആസ്ബസ്റ്റോസ് കണ്ടെത്തിയത് കമ്പനി തന്നെ നിഷേധിച്ചിരുന്നു. എന്നിരുന്നാലും ടാല്‍ക്കം പൗഡറില്‍ ആസ്ബസ്റ്റോസിന്റെ സാന്നിദ്ധ്യം പല പഠനങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. കൃത്യമായ പഠനങ്ങളും, ടെസ്റ്റുകളും, നിയന്ത്രങ്ങളും ഇല്ലാതെ നമ്മുടെ വിപണയില്‍ വരുന്ന ടാല്‍ക്കം പൗഡറുകളില്‍ ഒരു പക്ഷെ ആസ്ബസ്റ്റോസ് പൊടി കണ്ടേക്കാം. കൃത്യമായ തെളിവുകള്‍ നമ്മുടെ മുന്‍പില്‍ ഇപ്പോള്‍ ഇല്ല. പഠനങ്ങള്‍ നടക്കട്ടെ. അപ്പോള്‍ കഴിവതും ടാല്‍ക്കം പൗഡര്‍ ഉപയോഗിക്കാതെ ഇരിക്കുക. കുട്ടികളില്‍ ‘ബേബി പൗഡര്‍’ ഉപയോഗിക്കുന്നു എങ്കില്‍ വളരെ കുറഞ്ഞ അളവില്‍ ഉപയോഗിക്കുക. പറ്റുമെങ്കില്‍ കുട്ടികളിലെങ്കിലും പൗഡറുകള്‍ ഉയോഗിക്കാതെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത്.

Top