കൊച്ചി: അഭിഭാഷക-മാധ്യമതര്‍ക്കം തുടരുന്ന പശ്ചാത്തലത്തില്‍ ഹൈക്കോടതി പരിസരത്ത് നിരോധനാനജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ളയുടേതാണ് ഉത്തരവ്. ഹൈക്കോടതി മന്ദിരത്തിന് 200 മീറ്റര്‍ ചുറ്റളവില്‍ പ്രകടനം, യോഗം, സംഘം ചേരല്‍, ഉച്ചഭാഷിണിയുടെ ഉപയോഗം എന്നിവ നിരോധിച്ചാണ് ഉത്തരവിറക്കിയത്.
രണ്ടു മാസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി സിറ്റി പൊലീസ് മേധാവിക്കും, കണയന്നൂര്‍ തഹസില്‍ദാര്‍ക്കുമാണ് ഉത്തരവ് നടപ്പാക്കാനുള്ള ചുമതല. ഉത്തരവ് സംബന്ധിച്ച വിശദാംശങ്ങള്‍ നിയമ സെക്രട്ടറിയ്ക്ക് കൈമാറിയിട്ടുണ്ട്.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റേയും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ കത്തിന്റേയും അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. ഹൈക്കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമബിരുദം നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു.
റെഗുലര്‍, താത്കാലിക അക്രെഡിറ്റേഷനുകള്‍ ലഭിക്കാന്‍ ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ പ്രവൃത്തി പരിചയം വേണമെന്നും കോടതി നിഷ്‌കര്‍ഷിക്കുന്നു. ഹൈക്കോടതിയില്‍ റെഗുലര്‍ അക്രെഡിറ്റേഷന് കോടതിയില്‍ അഞ്ച് വര്‍ഷത്തെ പരിചയം വേണമെന്നാണ് നിബന്ധന. ഇതില്‍ മൂന്നര വര്‍ഷം സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത പരിചയമാണ് ആവശ്യം