ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്കിടയില്‍ മലയാള ചിത്രങ്ങള്‍ മുങ്ങിപ്പോകുന്നതില്‍ നിരാശയും അരിശവും പങ്കുവച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ബ്രഹ്മാണ്ഡ സിനിമകള്‍ ഇനിയും വന്‍ തിരമാലകള്‍പോലെ വരും. അതിനെ തടയേണ്ടതില്ല, തള്ളേണ്ടതുമില്ല. ഉള്ളതു പറയണമല്ലോ കൊച്ചു സിനിമയെടുക്കുന്നവന്റെയും മോഹം ഒരു ആയിരം കോടി ക്ലബ്ബില്‍ കയറുക തന്നെയാണ് (പുറമെ കാണിക്കില്ലെങ്കിലും). എന്നിരിക്കിലും മലയാളത്തിലിറങ്ങുന്ന നല്ല സിനിമകള്‍ ബാഹുബലി സുനാമിയില്‍ ഒലിച്ചുപോകുന്നത് കാണുമ്പോള്‍ വേദന തോന്നിപ്പോകും.ജോയ് മാത്യു പറയുന്നു
ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ബാഹുബലിക്ക് മുറുക്കാന്‍ കടകളെ ഇല്ലാതാക്കാന്‍ കഴിയുമോ?
——————————–
ബീഡി, സിഗരറ്റ്, മുറുക്കാന്‍, സോഡാ, സര്‍ബത്ത്, പഴം, ബ്രഡ്, മുട്ട, മിട്ടായി, ബിസ്‌കറ്റ്, സോപ്പ്, ചീപ്പ്, മൊട്ടുസൂചി, പേസ്റ്റ്, ബ്രഷ്, പത്രം തുടങ്ങി നിത്യജീവിതത്തിനു അവശ്യമായിട്ടുള്ള വസ്തുവഹകള്‍ ലഭിക്കുന്ന ഒരിടം മാത്രമല്ല പെട്ടിക്കടകള്‍ , ഒരു വഴിപോക്കന് വഴി പറഞ്ഞുകൊടുക്കാന്‍, വിലാസം തെറ്റിവന്നയാള്‍ക്ക് വിലാസം പറഞ്ഞു കൊടുക്കാന്‍,
കയ്യില്‍ കാശില്ലെങ്കിലും അത്യാവശ്യക്കാരന് കടം പറയാവുന്ന,നാട്ടുവിശേഷങ്ങള്‍ മാത്രമല്ല ലോകവിവരംകൂടി പങ്കുവെക്കാവുന്ന ഒരിടമാണ് ഓരോ പ്രദേശത്തിന്റെയും സ്വന്തമായ മുറുക്കാന്‍ കടകള്‍ (വടക്കന്‍ കേരളത്തില്‍ പെട്ടിക്കട).
കാലം മാറിയപ്പോള്‍ മുറുക്കാന്‍കടകളെയും പലചരക്ക് കടകളെയും വിഴുങ്ങി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വന്നു. പിന്നീട് സൂപ്പര്‍മാര്‍ക്കറ്റുകളെ വിഴുങ്ങി ഷോപ്പിങ് മാളുകള്‍ വന്നു. അതും കഴിഞ്ഞു ഇപ്പോള്‍ ഹൈപ്പര്‍ മാളുകളായി. സംഗതി നല്ലതാണ്. ഒരു ചന്തയിലെന്നപോലെ എല്ലാ സാധനങ്ങളും , അതും ലോകോത്തരം എന്ന പറയപ്പെടുന്നവ ഒരിടത്ത് ലഭിക്കുക എന്നാല്‍ അത് വളരെയേറെ സൗകര്യങ്ങള്‍ ആധുനിക ജീവിതത്തിനു പ്രദാനം ചെയ്യുന്നുണ്ട്.
എന്നിരുന്നാലും കച്ചവടത്തിന്റേതായ -ലാഭ നഷ്ടങ്ങളുടേതായ -ഒരു ബന്ധമേ അവിടെ വാങ്ങുന്നവനും വില്‍ക്കുന്നവനും തമ്മിലുള്ളൂ. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ബാഹുബലി ഷോപ്പിങ് മാളാണെങ്കില്‍ മലയാള സിനിമ പെട്ടിക്കടകളാണ്.
മാളുകളില്‍ എല്ലാം ലഭിക്കും അതുകൊണ്ടുതന്നെ സ്വാഭാവികമായും ജനം അവിടേക്ക് പോയിരിക്കും അതില്‍ തെറ്റുമില്ല. അതേസമയം പെട്ടിക്കടകളെ നമുക്ക് വിസ്മരിക്കാമോ എന്നതാണ് എന്റെ ചോദ്യം. ബാഹുബലിയുണ്ടാക്കിയ സുനാമിയില്‍ പല നല്ല മലയാള സിനിമകളും ഒലിച്ചുപോയി. രക്ഷാധികാരി ബൈജുവും ഫാസ്റ്റ് ട്രാക്കും തുടങ്ങി പ്രേക്ഷകര്‍ക്കിടയില്‍ നല്ല അഭിപ്രായമുണ്ടാക്കിയ സിനിമകളും റിലീസിങ്ങിനായി ഒരുങ്ങിയിരിക്കുന്ന സലീം കുമാറിന്റെ ‘കറുത്ത ജൂതനും’ പ്രമോദിന്റെ ‘ഗോള്‍ഡ് കോയിനും’ നമ്മുടെ മണ്ണിന്റെ, ബന്ധങ്ങളുടെ ,സാമൂഹ്യജീവിതത്തിന്റെ,നന്മയുടെ പെട്ടിക്കടകളാണ്.
നമ്മുടെ കൊച്ചു സിനിമകള്‍. അവ നമുക്ക് നിലനിര്‍ത്തേണ്ടതുണ്ട്. ബ്രഹ്മാണ്ഡ സിനിമകള്‍ ഇനിയും വന്‍ തിരമാലകള്‍പോലെ വരും, അതിനെ തടയേണ്ടതില്ല തള്ളേണ്ടതുമില്ല. ഉള്ളതുപറയണമല്ലോ കൊച്ചു സിനിമയെടുക്കുന്നവന്റെയും മോഹം ഒരു ആയിരം കോടി ക്ലബ്ബില്‍ കയറുകതന്നെയാണ് (പുറമെ കാണിക്കില്ലെങ്കിലും).
എന്നിരിക്കിലും മലയാളത്തിലിറങ്ങുന്ന നല്ല സിനിമകള്‍ ബാഹുബലി സുനാമിയില്‍ ഒലിച്ചുപോകുന്നത് കാണുമ്പോള്‍ വേദന തോന്നിപ്പോകും. ഇനി ആ സിനിമകള്‍ വിജയിപ്പിക്കണമെന്ന് നമ്മള്‍ വിചാരിച്ചാലും പ്രദര്‍ശനശാലകള്‍ അതിനു തയ്യാറാകുന്നില്ല. അവരുടെയും പ്രശ്‌നവും ലാഭം തന്നെയാണ്.
വിതരണസംവിധാനത്തിലെ ആധുനികത മുതലാളിത്തത്തിന് നല്‍കിയ വലിയ സംഭാവനയാണ് ഒരേ സമയത്ത് ചുരുങ്ങിയ ചിലവില്‍ ലോകമെമ്പാടും സിനിമ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുക എന്നത്. അതുകൊണ്ടാണ് വന്‍തോതില്‍ മുതല്‍മുടക്കാനും ബ്രഹ്മാണ്ഡസിനിമകള്‍ നിര്‍മ്മിച്ച് ഒറ്റയടിക്ക് വന്‍ ലാഭമുണ്ടാക്കാനും ആധുനിക മുതലാളിത്തത്തിന് കഴിയുന്നത്. ഇതിനെ ഉപരോധിക്കാന്‍ നമുക്കാവില്ല പക്ഷെ പ്രതിരോധിക്കാനാകും. എങ്ങനെയെന്നാല്‍ ഗവര്‍ണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള പ്രദര്‍ശനശാലകള്‍ മലയാള സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍ഗണന നല്‍കുക.
ഗ്രാമീണമേഖലയില്‍ സഹകരണാടിസ്ഥാനത്തില്‍ മിനി തിയേറ്ററുകള്‍ സ്ഥാപിക്കാന്‍ K S F D C സഹായം ചെയുക. രണ്ടാമത്തെകാര്യമാണ് പ്രധാനം, അന്യഭാഷാ ചിത്രങ്ങള്‍ക്ക് പ്രദര്‍ശന നികുതി വര്‍ദ്ധിപ്പിക്കണം-ഇത് സംസ്ഥാന ഖജനാവിന് നേട്ടമുണ്ടാക്കും. നിലവിലിപ്പോള്‍ 30%മാണ് വിനോദ നികുതി എന്ന പേരില്‍ സിനിമകളില്‍ നിന്നും ഗവര്‍ണ്‍മെന്റ് പിഴിഞ്ഞെടുക്കുന്നത്. ഇത് മലയാള സിനിമക്ക് 20%ആക്കികുറക്കുകയും അന്യഭാഷാ ചിത്രങ്ങള്‍ക്ക് ഇപ്പോഴുള്ള 30% എന്നുള്ളതില്‍ നിന്നും 40% ആക്കി വര്‍ധിപ്പിക്കുകയും വേണം.
അപ്പോള്‍ മലയാള സിനിമ നിര്‍മ്മിക്കുന്നവര്‍ക്ക് പത്ത് ശതമാനം കുറവും ഖജനാവിന് 15 % വര്‍ധനയും ലഭിക്കും. മലയാള സിനിമ മറ്റു സംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് അധികനികുതിയാണ് അവിടത്തെ ഗവര്‍ണ്‍മെന്റുകള്‍ ഈടാക്കുന്നത്. പിന്നെന്തുകൊണ്ട് നമുക്കും അങ്ങിനെ ആയിക്കൂടാ ?സഞ്ചരിക്കുന്ന കപ്പലില്‍ വെള്ളംകയറി മുങ്ങുന്നതറിയാതെ ടൈറ്റാനിക് മുങ്ങുന്നത് കണ്ടു രസം പിടിച്ചിരിക്കുന്ന നമ്മുടെ സിനിമ സംഘടനാ നേതാക്കള്‍ ഇനിയെങ്കിലും ഇതൊക്കെ ബന്ധപ്പെട്ടവരെ ബോദ്ധ്യപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.
ബാഹുബലികള്‍ , മഹാഭാരതങ്ങള്‍ ……അങ്ങിനെ ബ്രഹ്മാണ്ഡ സുനാമികള്‍ പലതും വരും. അതൊക്കെ നമ്മള്‍ ഭയമേതുമില്ലാതെ സ്വീകരിക്കും എന്തെന്നാല്‍ നമുക്ക് നമ്മുടെ നാട്ടിന്‍പുറ നന്മ പ്രസരിപ്പിക്കുന്ന മുറുക്കാന്‍ കടകള്‍ പോലുള്ള നമ്മുടെ സ്വന്തം സിനിമകള്‍ നമ്മള്‍ നിലനിര്‍ത്തും എന്ന തീരുമാനത്തില്‍.