എഎംഎംഎക്കെതിരെ അഭിനേതാക്കള്‍ രംഗത്ത്; സംഘടനയ്‌ക്കെതിരെ സംസാരിച്ചതിനാല്‍ അടിച്ചമര്‍ത്തുന്നെന്ന് ജോയ് മാത്യു

കൊച്ചി: താര സംഘടനയായ എഎംഎംഎക്കെതിരെ അഭിനേതാക്കള്‍ രംഗത്ത് വരുന്നു. സംഘടനയില്‍ നിന്നും രാജി വച്ചതിന് ശേഷ അടിച്ചമര്‍ത്തല്‍ നേരിടുന്നുവെന്നും നേരത്തെ രമ്യ നമ്പീശന്‍ വ്യക്തമാക്കിയതിന് പിന്നാലെ സമാന പ്രസ്താവനയുമായി ജോയ് മാത്യുവാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചതും താരസംഘടനെയായ സംഘടനയെ എതിര്‍ത്തതും കാരണം അടിച്ചമര്‍ത്തുന്നു എന്ന് ജോയ് മാത്യു പറഞ്ഞു

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ജോയ് മാത്യു ഇക്കാര്യം വ്യക്തമാക്കിയത്. ഒന്ന് രണ്ട് അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നുവെന്നും എന്നാല്‍ താന്‍ അതിന് പിന്നാലെ പോയിട്ടില്ലെന്നും ജോയ് മാത്യു പറഞ്ഞു. ഒരു പ്രശ്‌നം വന്നാല്‍ രാജി വച്ച് പുറത്ത് പോകില്ലെന്നും അതില്‍ നിന്ന് തന്നെ സംഘടനയെ നേരെയാക്കാന്‍ നോക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാക്കാരനായല്ല താന്‍ ജനിച്ചതെന്നും അതിനാല്‍ തെറ്റ് കണ്ടാല്‍ ഇനിയും പ്രതികരിക്കുമെന്നും ജോയ് മാത്യു വ്യക്തമാക്കി.

അമ്മയില്‍ നിന്നും പുറത്തുവന്നതിന് ശേഷം ചിലര്‍ തന്നെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് നടി രമ്യാ നമ്പീശന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സിനിമയിലെ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. സിനിമയിലെ വനിതാക്കൂട്ടായ്മയായ ഡബ്ല്യൂ.സി.സി പുരുഷന്മാര്‍ക്ക് എതിരെയുള്ള സംഘടനയല്ല. ഡബ്ല്യൂ.സി.സി ആര്‍ക്കും എതിരെയുള്ള സംഘടനയാവരുതെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അനുകൂലമായ നിലപാടല്ല പലരില്‍ നിന്നുമുണ്ടായത്. നിരുത്തരവാദപരമായ സമീപനം ഉണ്ടായപ്പോഴാണ് അമ്മയില്‍ നിന്ന് രാജിവച്ചതെന്നും രമ്യ പറഞ്ഞു.

രമ്യയ്ക്ക് പിന്നാലെ സിനിമയില്‍ നിന്നും അടിച്ചമര്‍ത്താനുള്ള ശ്രമമുണ്ടായെന്ന ജോയ് മാത്യുവിന്റെ ആരോപണവും അമ്മയെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. അതേസമയം അമ്മയില്‍ വിമതശബ്ദം ഉയര്‍ത്തിയ നടികളുമായി ഈ മാസം ഏഴിന് അമ്മ ചര്‍ച്ച നടത്തും.

Latest
Widgets Magazine