സംവിധായകന്‍ കമലിനെതിരെ മന്ത്രിക്ക് പരാതി നല്‍കി മുതിര്‍ന്ന താരങ്ങള്‍

കൊച്ചി: അമ്മയിലെ ഭൂരിപക്ഷം താരങ്ങളും സംഘടനയുടെ ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരും കൈനീട്ടുന്നവരുമാണെന്ന സംവിധായകന്‍ കമലിന്റെ പ്രസ്താവന തങ്ങളെ വേദനിപ്പിച്ചുവെന്ന് അമ്മയിലെ മുതിര്‍ന്ന താരങ്ങളായ കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, മധു, ജനാര്‍ദ്ദനന്‍ എന്നിവര്‍. ഇതു ചൂണ്ടിക്കാണിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന് ഇവര്‍ കത്തയച്ചു.

ഞങ്ങളുടെ സംഘടനയായ അമ്മ ഞങ്ങള്‍ക്ക് മാസം തോറും നല്‍കുന്ന കൈനീട്ടത്തെ ഔദാര്യമായല്ല ഞങ്ങള്‍ കാണുന്നത്. അത് ഒരു സ്നേഹ സ്പര്‍ശമാണ്. തുകയുടെ വലിപ്പത്തേക്കാള്‍, അത് നല്‍കുന്നതില്‍ നിറയുന്ന സ്നേഹവും കരുതലുമാണ് ഞങ്ങള്‍ക്ക് കരുത്താവുന്നത്, തണലാവുന്നത്. ഇതിനെ ഔദാര്യത്തിനു വേണ്ടിയുള്ള കൈനീട്ടലായി വ്യാഖ്യാനിക്കാന്‍ തീരെ ചെറിയ ഒരു മനസ്സിനേ കഴിയൂ. അവകാശത്തെ ഔദാര്യമായി കരുതുന്ന ഒരാള്‍ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നത് ഞങ്ങളെ ഞെട്ടിക്കുന്നു,എന്ന് കത്തില്‍ പറയുന്നു. ആവിഷ്‌കാരത്തിലും തൊഴിലിടത്തിലും മലയാള സിനിമ സ്ത്രീവിരുദ്ധമാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഹാന്‍മാരെന്നു നമ്മള്‍ കരുതുന്ന ചലച്ചിത്രകാരന്‍മാരും എഴുത്തുകാരും നടന്‍മാരുമെല്ലാം ഇതിന് ഉത്തരവാദികളാണ്. ഒറ്റപ്പെടലും തൊഴിലും പരിഗണിക്കാതെ നാലു പെണ്‍കുട്ടികള്‍ ഇതിനെതിരെ മുന്നോട്ടുവന്നതു ചരിത്രമാണ്. താരസംഘടനയിലെ നിര്‍ഗുണന്‍മാരോട് എന്തു പറഞ്ഞിട്ടും കാര്യമില്ലാത്തതുകൊണ്ടാണു മിണ്ടാതിരിക്കുന്നത്. 35 വര്‍ഷത്തെ അനുഭവംകൊണ്ടു തിരിച്ചറിഞ്ഞതാണിത്. 500 അംഗങ്ങളുള്ള താരസംഘടനയില്‍ 50 പേരേ സജീവമായി അഭിനയരംഗത്തുള്ളൂ. അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരും കൈനീട്ടുന്നവരുമാണ്. അതിനാല്‍ ഒരിക്കലും അതില്‍ ജനാധിപത്യം ഉണ്ടാവില്ല കമല്‍ പറഞ്ഞിരുന്നു.

ഈ പരാമര്‍ശത്തിനെതിരെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും രംഗത്തെത്തിയിരുന്നു. കമല്‍ അഭിപ്രായപ്രകടനത്തില്‍ കുറച്ചുകൂടി മാന്യത കാണിക്കണമായിരുന്നുവെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുതിര്‍ന്ന താരങ്ങള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് കത്തയച്ചത്.

കത്തിന്റെ പൂര്‍ണ്ണരൂപം:

ബഹുമാനപെട്ട കലാ സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലന്‍ അവര്‍കളുടെ ശ്രദ്ധയിലേക്കായി മലയാള സിനിമാ പ്രവര്‍ത്തകരായ മധു, ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ, കെ പി എ സി ലളിത എന്നിവര്‍ ബോധിപ്പിക്കുന്നത്.

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ ശ്രീ.കമല്‍ അമ്മയിലെ കൈനീട്ടം വാങ്ങിക്കുന്ന മുതിര്‍ന്ന അംഗങ്ങളെ കുറിച്ച് നടത്തിയ പ്രസ്താവന ഞെട്ടലോടെയാണ് ഞങ്ങള്‍ വായിച്ചത്. ഞങ്ങളെല്ലാം ഔദാര്യത്തിനായി കൈനീട്ടി നില്‍ക്കുന്നവരാണെന്നാണ് അദ്ദേഹം പറയുന്നത്. ദശാബ്ദങ്ങളായി മലയാള സിനിമയില്‍ അഭിനേതാക്കളായി പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. എത്രയോ കഥാപാത്രങ്ങളെ തിരശീലയില്‍ അവതരിപ്പിച്ചു. ആ വേഷപകര്‍ച്ചകളിലൂടെ കേരളത്തിന്റെ സാംസ്‌ക്കാരിക ജീവിതത്തില്‍ ഞങ്ങളുടെ സാന്നിധ്യവും എളിയ രീതിയില്‍ എഴുതപ്പെട്ടിട്ടുണ്ട്. ആ നിലയില്‍ തന്നെയാണ് കേരളത്തിലെ ജനങ്ങള്‍ ഞങ്ങളെ കാണുന്നതും സ്‌നേഹിക്കുന്നതും. ഞങ്ങളുടെ സംഘടനയായ അമ്മ ഞങ്ങള്‍ക്ക് മാസം തോറും നല്‍കുന്ന കൈനീട്ടത്തെ ഔദാര്യമായല്ല ഞങ്ങള്‍ കാണുന്നത്. അത് ഒരു സ്‌നേഹസ്പര്‍ശ്ശമാണ്. തുകയുടെ വലിപ്പത്തേക്കാള്‍, അത് നല്‍കുന്നതില്‍ നിറയുന്ന സ്‌നേഹവും കരുതലുമാണ് ഞങ്ങള്‍ക്ക് കരുത്താവുന്നത്, തണലാവുന്നത്.

ഇതിനെ ഔദാര്യത്തിനു വേണ്ടിയുള്ള കൈനീട്ടലായി വ്യാഖ്യാനിക്കാന്‍ തീരെ ചെറിയ ഒരു മനസ്സിനേ കഴിയൂ. അവകാശത്തെ ഔദാര്യമായി കരുതുന്ന ഒരാള്‍ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നത് ഞങ്ങളെ ഞെട്ടിക്കുന്നു. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ചികിത്സാ-മരണാനന്തര സഹായങ്ങളും പെന്‍ഷനും അക്കാദമി നല്‍കുന്നുണ്ട്. ഇതെല്ലാം താന്‍ നല്‍കുന്ന ഔദാര്യമായും അത് വാങ്ങുന്നവരെ തനിക്ക് മുമ്പില്‍ കൈനീട്ടി നില്‍ക്കുന്ന അടിയാളന്മാരായും ആവും ശ്രീ.കമല്‍ കാണുന്നത്. കമിലിനോട് തെറ്റ് തിരുത്തണമെന്നോ ഖേദം പ്രകടിപ്പിക്കണമെന്നോ ഞങ്ങള്‍ പറയുന്നില്ല. കാരണം 35 വര്‍ഷത്തെ സിനിമാനുഭവം ഉണ്ടെന്ന് പറയുന്ന അദ്ദേഹത്തെ ഞങ്ങള്‍ക്കും അറിയാം, വ്യക്തമായി.

അദ്ദേഹത്തിന്റെ ഒരു പ്രസ്താവന മൂലം ഞങ്ങള്‍ക്കുണ്ടായ മാനസിക വിഷമം താങ്കളുമായി പങ്കുവച്ചൂ എന്ന് മാത്രമേ ഉളളൂ, ഇതേ തുടര്‍ന്ന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കേണ്ടത് താങ്കള്‍ ആണല്ലോ

സ്‌നേഹപൂര്‍വ്വം
മധു, ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ, കെ പി എ സി ലളിത

Top