പാര്‍വ്വതിക്ക് പരാതി സൂപ്പര്‍താരസിനിമകളില്‍ അവസരം കിട്ടുന്നില്ല എന്നാണോ? വമ്പന്‍ സിനിമകളെ മാത്രം നോക്കുന്നതെന്തിന്? പാര്‍വ്വതിയ്ക്ക് മറു ചോദ്യവുമായി സനല്‍കുമാര്‍ ശശിധരന്‍

തിരുവനന്തപുരം: മലയാള സിനിമയിലെ താര സംഘടനയായ എഎംഎംഎയുടെ നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരില്‍ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല എന്ന് വിമര്‍ശനമുന്നയിച്ച നടി പാര്‍വതിക്ക് മറുപടിയുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്ത്. പാര്‍വതിയുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സൂപ്പര്‍താര ആണധികാരസിനിമകളില്‍ അവസരം കിട്ടുന്നില്ല എന്ന സ്വാഭാവിക സംശയം തോന്നുന്നു എന്നാണ് സനല്‍ കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.താന്റെ ഒരു സിനിമയില്‍ സ്ത്രീകഥാപാത്രത്തിന് അനുയോജ്യയായ ഒരു നടിയെ കുറിച്ച് ആലോചിച്ചപ്പോള്‍ പാര്‍വതിയുടെ പേര് ഉയര്‍ന്നുവന്നു എന്നും എന്നാല്‍ ഇക്കാര്യം ആവശ്യപ്പെട്ട് അവര്‍ക്ക് അയച്ച മെസേജിന് മറുപടി ലഭിച്ചില്ല എന്നും സനല്‍ കുമാര്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഒരു പ്രോജക്ട്, സുഹൃത്തായ ഒരു നടനുമായി സംസാരിക്കുകയായിരുന്നു. (അദ്ദേഹത്തിന് ആരോടും ഒരു വിവേചനവുമില്ല. എനിക്കും കഴിവുള്ള , നിലപാടുള്ള ഒരു ആര്‍ട്ടിസ്റ്റിനെ ഉള്‍പ്പെടുത്തുന്നതിന് സന്തോഷമേയുള്ളൂ.) അതില്‍ സ്ത്രീകഥാപാത്രത്തിന് അനുയോജ്യയായ ഒരു നടിയെ കുറിച്ച് ആലോചിച്ചപ്പോള്‍ പാര്‍വതിയുടെ പേര് ഉയര്‍ന്നുവന്നു. ചെറിയ ബജറ്റ് സിനിമയാണ് ഇന്‍ഡിപെന്ഡന്റ് സിനിമയാണ് എന്നത് കൊണ്ടൊക്കെ അവര്‍ സഹകരിക്കുമോ എന്ന സംശയം ഞാന്‍പ്രകടിപ്പിച്ചു . എന്തിനു മുന്‍വിധി സംസാരിച്ചു നോക്കൂ എന്ന് അദ്ദേഹം തന്നെ നമ്പര്‍ തന്നു. ഞാന്‍ വിളിച്ചു. പാര്‍വതി ഫോണെടുത്തില്ല. തിരക്കാണെങ്കിലോ അറിയാത്ത നമ്പര്‍ എടുക്കാത്തതാണെങ്കിലൊ എന്നു കരുതി കാര്യങ്ങള്‍ വിവരിച്ച് സബ്ജക്ട് കേട്ടുനോക്കാമോ എന്നു ചോദിച്ച് ഒരു മെസേജുമയച്ചു അതിനൊരു മറുപടി മെസേജുപോലും കിട്ടിയില്ല . ഞാന്‍ പിന്നെ ആ വഴിക്ക് പോയില്ല.

ഒരു പ്രോജക്ട് കേള്‍ക്കണോ വേണ്ടയോ ഏത് സിനിമ തെരഞ്ഞെടുക്കണം എന്നതൊക്കെ ഒരു അഭിനേതാവിന്റെ തീരുമാനമാണ്. പക്ഷെ സൂപ്പര്‍ താര ഫാന്‍സ് അസോസിയേഷനുകള്‍ക്ക് എതിരെയും സിനിമയിലെ ആണധികാരക്രമങ്ങള്‍ക്കെതിരെയും പടപൊരുതുന്ന ആളുകള്‍ അവസരം കുറഞ്ഞു, പ്രോജക്ട് കിട്ടുന്നില്ല എന്നൊക്കെ കുറ്റപ്പെടുത്തുമ്പോള്‍ അവര്‍ ഉദ്ദേശിക്കുന്നത് സൂപ്പര്‍താര ആണധികാരസിനിമകളില്‍ അവസരം കിട്ടുന്നില്ല എന്നാണോ എന്നു സ്വാഭാവികമായി സംശയം തോന്നും. അങ്ങനെയല്ലെങ്കില്‍ അവര്‍ എന്തുകൊണ്ട് ഇന്‍ഡസ്ട്രിയിലെ വമ്പന്‍ സിനിമകളെ ഉറ്റുനോക്കിയിരിക്കാതെ കഴമ്പുള്ള ഇന്‍ഡിപെന്‍ഡന്റ് സിനിമകളില്‍ സഹകരിക്കുന്നില്ല? അത് ചെയ്യാതിരിക്കുകയും തങ്ങള്‍ ആര്‍ക്കെതിരെയാണോ സമരം ചെയ്യുന്നത് അവരുടെ ”പിന്തിരിപ്പന്‍” സിനിമകളില്‍ തന്നെ അവസരം കിട്ടണം എന്ന് വാശിപിടിക്കുകയും ചെയ്യുന്നത് കാപട്യമല്ലേ?

Top