ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന സംഗീത പറഞ്ഞത്; പത്രക്കാരെ സ്തബ്ദരാക്കിയ വെളിപ്പെടുത്തല്‍

ഡബ്ല്യുസിസിയുടെ പത്രസമ്മേളത്തില്‍ സിനിമ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പല പ്രധാനപ്പെട്ട കാര്യങ്ങളും അവര്‍ വെളിപ്പെടുത്തിയിരുന്നു. അതിനൊപ്പം വെളിപ്പെടുത്തിയ ഒരു കാര്യമാണ് ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജിലേക്ക് വരുന്ന തെറികളുടെയും അശ്ലീല കമന്റുകളുടെയും കാര്യം. പത്ര സമ്മേളനത്തിന്റെ അവസാന സമയത്ത് വേദിയിലേക്ക് കടന്നുവന്ന് പേജ് കൈകാര്യം ചെയ്യുന്ന സംഗീത ജനാര്‍ദ്ദനന്‍ തന്നെ അത് വെളി്‌പെടുത്തപ്പോള്‍ പത്രക്കാര്‍ വരെ സ്തബ്ദരായിപ്പോയി.

മൈക്ക് കയ്യിലെടുത്ത അവര്‍ പറഞ്ഞു. ‘ ഞാനാണ് ഡബ്ലുസിസിയുടെ സോഷ്യല്‍മീഡിയ പേജുകള്‍ കൈകാര്യം ചെയ്യുന്നത്’. സമ്മേളം നേരിട്ട് വീക്ഷിച്ചുകൊണ്ടിരുന്നവരും ചാനലുകളിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് ഇത് കണ്ടുകൊണ്ടിരുന്നവരും ഒരു നിമിഷം പകച്ചുപോയ നിമിഷമായിരുന്നു അത്.

കാരണം ഡബ്ലുസിസിയുടെ പേജുകളില്‍ ഒരിക്കലെങ്കിലും കയറി നോക്കിയിട്ടുള്ളവര്‍ക്കറിയാം ഓരോ നിമിഷവും അതില്‍ വരുന്ന അശ്ലീലവും അസഭ്യവും കുത്തിനിറച്ചുള്ള കമന്റുകളെക്കുറിച്ച്. അങ്ങനെ വരുമ്പോള്‍ ഈ പെണ്‍കുട്ടിയാണ് ആ പേജ് കൈകാര്യം ചെയ്യുന്നതെങ്കില്‍ ദിവസവും അവളനുഭവിക്കുന്ന വീര്‍പ്പുമുട്ടല്‍ എത്രമാത്രമായിരിക്കുമെന്ന് എല്ലാവരും ചിന്തിച്ചുകാണും.

‘ദിവസവും നൂറുകണക്കിന് അസഭ്യ കമന്റുകളാണ് ഞാന്‍ നേരിടുന്നത്. ഡബ്ലുസിസിയുടെ പേജില്‍ വരുന്ന കന്റുകളാണത്. പാര്‍വതിയ്ക്കും അത് നന്നായി അറിയാം. കാരണം അവളും അതിനിരയാവുന്നതാണല്ലോ’. ഇത്രയും പറഞ്ഞ് സംഗീത കണ്ണുതുടച്ച്, മൈക്ക് തിരികെ കൊടുത്ത് ഇറങ്ങിപ്പോവുകയും ചെയ്തു.

അതുവരെ ചോദ്യശരങ്ങള്‍ തുരുതുരെ എറിഞ്ഞുകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകര്‍ പോലും ആ നിമിഷം സ്തബ്ദരായിപ്പോയി എന്നതാണ് സത്യം. കാരണം അവര്‍ക്കെല്ലാം വളരെ നന്നായിട്ടറിയാം തീര്‍ത്തും ചുരുങ്ങിയ വാക്കുകളില്‍ അവര്‍ പറഞ്ഞ വസ്തുതയുടെ ഗൗരവവും ശക്തിയും, അതിലെ സത്യവും. അവരോട് കൂടുതലൊന്നും ചോദിക്കാന്‍ അവര്‍ക്കുണ്ടായില്ല. കാരണം മൂന്ന് വാചകങ്ങളിലൂടെ അവര്‍ പറഞ്ഞതില്‍ കൂടുതല്‍ അക്കാര്യത്തില്‍ ആര്‍ക്കും വ്യക്തത വേണ്ടിയിരുന്നില്ല.

‘ ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം പാര്‍വതിയെ കണ്ടപ്പോള്‍ സുഖമാണോ എന്നല്ല ഞാനവളോട് ചോദിച്ചത്. മറിച്ച് നിന്റെ മനസിപ്പോള്‍ എങ്ങനെ എന്നാണ്. പ്രസ് മീറ്റിംഗില്‍ ഞാനും പങ്കെടുക്കുമെന്ന് അന്ന് ഞാനവളോട് തീര്‍ത്ത് പറയുകയും ചെയ്തു’. പത്ര സമ്മേളനത്തിനുശേഷം ഒരു മാധ്യമത്തോട് സംസാരിക്കവെ സംഗീത പറഞ്ഞു.

‘ പലരും പറയും എന്തിനാണ് സോഷ്യല്‍മീഡിയയിലെ ഇത്തരം അധിക്ഷേപങ്ങള്‍ ശ്രദ്ധിക്കുന്നത്, മൈന്‍ഡ് ചെയ്യാതിരുന്നാല്‍ പോരേ, അതോര്‍ത്ത് വിഷമിക്കേണ്ട കാര്യമുണ്ടോ എന്നൊക്കെ. ഞാനൊന്ന് ചോദിച്ചോട്ടെ, അവരുടെ സ്ഥാനത്ത് നിന്ന് നിങ്ങളൊന്ന് ചിന്തിച്ചുനോക്കൂ, നാണം കെടുത്തുന്ന ഒരു വാക്കെങ്കിലും നിങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുമോ?. അതുപോലെ ദിവസവും നൂറുകണക്കിന് കേള്‍ക്കുന്ന, കാണുന്ന ആ പെണ്‍കുട്ടിയുടെ അവസ്ഥ ഓന്നോര്‍ത്തു നോക്കൂ. അത് മാനേജ് ചെയ്യുന്ന എന്നേപ്പോലുള്ളവരെ ഓന്നോര്‍ത്തു നോക്കൂ.’. സംഗീത പറയുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പാര്‍വതിയുടെ സോഷ്യല്‍മീഡിയ പേജിന്റെ കണ്‍ട്രോള്‍ ഏറ്റെടുത്തത്. മമ്മൂട്ടിയുമായി ബന്ധപ്പെട്ട് കസബ വിവാദമൊക്കെ ഞങ്ങളെ തീര്‍ത്തും തളര്‍ത്തുന്നതായിരുന്നു. ഇത്തരത്തില്‍ സോഷ്യല്‍മീഡിയയിലൂടെ ആക്രമിക്കുന്നവരുടെ മനോനില മനസിലാക്കാനേ സാധിക്കുന്നില്ല. എന്താണവര്‍ക്ക് കിട്ടുന്ന സന്തോഷം?. സംഗീത കൈമലര്‍ത്തുന്നു.

അസഭ്യവര്‍ഷം സഹിക്കാതായപ്പോള്‍ അമ്പതോളം വാക്കുകള്‍ പേജില്‍ നിന്ന് ബാന്‍ ചെയ്തു. ഇഷ്ട ജോലിയായതുകൊണ്ട് തുച്ഛമായ ശമ്പളത്തിലാണ് ജോലി ചെയ്യുന്നത്. ഡബ്ലുസിസിയുടെയും പാര്‍വതിയുടെയും പേജുകള്‍ കൂടാതെ നിരവധി ബ്രാന്‍ഡുകളുടെയും പേജുകള്‍ കൈകാര്യം ചെയ്യുന്നുണ്ട് സംഗീത. കേരളത്തിന് പുറത്തുള്ളതും അതില്‍ ഉള്‍പ്പെടും. എങ്കിലും ജോലിയെ ഓര്‍ത്ത് വിഷമിച്ചിട്ടുള്ളത്, കേരളത്തിലെ ആളുകള്‍ ഇടപെടുന്ന ഈ രണ്ട് പേജുകളെ ഓര്‍ത്ത് മാത്രമാണ്. പിആര്‍ പ്രൊഫഷണലും ദുബായില്‍ സ്ഥിരതാമസവുമായ സംഗീത, കേരളത്തിലെ ആളുകളുടെ സോഷ്യല്‍മീഡിയ ഉപയോഗത്തിന്റെ പ്രത്യേകതകളെക്കുറിച്ച് ഒരു റിസര്‍ച്ചും നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

Latest