മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് രേവതി!! സംഘടനയുടെ നയങ്ങളില്‍ സ്ത്രീ വിരുദ്ധതയെന്ന് വനിതാ കൂട്ടായ്മ

കൊച്ചി: എ.എം.എം.എയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവമായി ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനം. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ എ.എം.എം.എയുടെ പ്രസിഡന്റ് മൂന്ന് നടിമാരെന്നാണ് ഞങ്ങളെ അഭിസംബോധന ചെയ്തത്. നടിമാര്‍ മാത്രമല്ല, ഞങ്ങള്‍ക്ക് മൂന്ന് പേരുകളുണ്ട്. എന്നാല്‍ പേര് വിളിച്ച് അഭിസംബോധന ചെയ്യാന്‍ പോലും അവര്‍ തയ്യാറായില്ല എന്നും രേവതി.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ‘അമ്മ’ സംഘടനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ഡബ്ല്യുസിസി വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. സംഭവത്തിനുശേഷം നടന്ന ആദ്യ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്കുശേഷം, ആരോപണ വിധേയനായ ദിലീപിനെ പുറത്താക്കും എന്ന് അറിയിച്ചിരുന്നു. പ്രതിയായ നടനെ സംരക്ഷിക്കുന്നതിനുള്ള ഉദ്ദേശ്യമെന്താണ്? ഇരയെ സംരക്ഷിക്കാന്‍ സംഘടന ശ്രമിച്ചിട്ടില്ല. പ്രതി രാജിവച്ചിട്ടില്ല, പുറത്താക്കിയിട്ടില്ല, സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. അമ്മ നേതൃത്വം ഞങ്ങളോടു കള്ളം പറഞ്ഞു. എന്താണ് അമ്മയുടെ ഉദ്ദേശ്യം?- പത്മപ്രിയ ചോദിച്ചു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് നടിമാര്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമ്മയില്‍നിന്നു രാജിവക്കാന്‍ കത്ത് തയാറാക്കിയിരുന്നുവെന്നു പാര്‍വതി വെളിപ്പെടുത്തി. ഇടവേള ബാബുവിനെ വിളിച്ചപ്പോള്‍ എന്തിനാണ് അമ്മയുടെ പേര് മോശമാക്കുന്നത് എന്നാണു ചോദിച്ചത്. ജനറല്‍ ബോഡി അംഗങ്ങള്‍ക്ക് എന്തു പറയാനുണ്ടെങ്കിലും അടിയന്തര യോഗം ചേരും എന്നാണ് ഇടവേള ബാബു പറഞ്ഞത്. തുടര്‍ന്നാണ് അമ്മ എന്ന സംഘടനയുമായി വീണ്ടും വിഷയം ചര്‍ച്ച ചെയ്യാന്‍ പോയത്. ഓഗസ്റ്റ് ഏഴിലെ യോഗത്തില്‍ 40 മിനിറ്റ് നടന്നത് മുഴുവന്‍ ആരോപണങ്ങളായിരുന്നു. സംസാരിക്കാന്‍ അവസരം തരണമെന്നു കെഞ്ചി പറഞ്ഞു. പക്ഷേ അവര്‍ അതിനു തയാറായില്ല- പാര്‍വതി പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് പാര്‍വതി മാധ്യമങ്ങള്‍ക്കു മുന്നില്‍ വായിച്ചു.

യുവനടിക്കെതിരെ അതിക്രമം നടന്നപ്പോള്‍ വേണ്ടരീതിയിലുള്ള പിന്തുണ കിട്ടിയില്ലെന്നു സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞു. അതുകൊണ്ടാണ് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഇടയായത്. ഇന്ത്യ മുഴുവനും ഒരു മൂവ്‌മെന്റ് (മീ ടു) നടക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതില്‍ നടപടി എടുക്കുന്നു. സ്ത്രീകള്‍ പറയുന്നതു വിശ്വസിക്കുന്നു. പക്ഷേ കേരളത്തില്‍ കുറച്ചുകൂടി ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അഞ്ജലി മേനോന്‍ പറഞ്ഞു.

ക്രൂരമായ അക്രമണമേറ്റ കുട്ടിയെ ചൂടുവെള്ളത്തില്‍ വീണ പൂച്ച എന്നാണു ബാബുരാജ് വിളിച്ചത്. എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലുണ്ടായ വളരെകുറച്ച് പേരാണ് ഇപ്പോള്‍ തന്നെ തീരുമാനമെടുക്കാമെന്നു പറഞ്ഞത്. സര്‍ക്കാര്‍ തലത്തില്‍ സിനിമാക്കാര്‍ക്കു വേണ്ടി സംഘടനയില്ല, അമ്മ മാത്രമാണ് ഉള്ളത്. കരുണാനിധി മരിച്ച ദിവസത്തില്‍ മാധ്യമങ്ങളോടു സംസാരിക്കാം എന്നു തീരുമാനിച്ചിരുന്നു. അന്നും മാധ്യമങ്ങളോടു ഒന്നും പറയരുതെന്നു പറഞ്ഞിരുന്നു. അതും അവസാനിച്ചു. മാധ്യമ യോഗം കഴിഞ്ഞപ്പോള്‍ സംയുക്ത പ്രസ്താവനയുടെ പ്രിന്റ് ഔട്ട് എടുക്കാന്‍ പറഞ്ഞു. മാധ്യമങ്ങള്‍ പോയതോടെ അവരുടെ രീതി മാറി. തീരുമാനം ഉണ്ടാകാന്‍ വേണ്ടി സംഘടന പറയുന്നതെല്ലാം വിശ്വസിച്ചു. എല്ലാവരുടെയും കണ്ണില്‍ പൊടിയിടുക എന്നതല്ലാതെ മറ്റൊരു ഉദ്ദേശ്യവും അമ്മയ്ക്ക് ഉണ്ടായില്ലെന്നും പാര്‍വതി പറഞ്ഞു.

ഇരയ്ക്കും രാജിവച്ചവര്‍ക്കും അമ്മയില്‍ തിരികെയെത്തണമെങ്കില്‍ ആദ്യം മുതലേ അപേക്ഷ നല്‍കണമെന്നാണ് കത്തില്‍ ഉണ്ടായിരുന്നത്. മറ്റൊന്നും ഇല്ല. നടന്‍ തിലകന്റെ സംഭവമുണ്ടായ സമയത്ത് എക്‌സിക്യൂട്ടിവ് കമ്മിറ്റിയാണു തീരുമാനമെടുത്തത്. ഇപ്പോള്‍ തീരുമാനമെടുക്കണമെങ്കില്‍ ജനറല്‍ ബോഡി വേണമെന്നാണു പറയുന്നത്. ഞങ്ങളുടെ മക്കള്‍ക്കു വേണ്ടിയിട്ടെങ്കിലും സിനിമാ വ്യവസായത്തില്‍ സുരക്ഷ ഉറപ്പാക്കണം. അമ്മ സംഘടനയുടെ ഓരോ എക്‌സിക്യൂട്ടിവ് അംഗത്തിനും ഉത്തരവാദിത്തം വേണ്ടേ? നാളെ മറ്റൊരാള്‍ക്കും ഇതു സംഭവിക്കാന്‍ ഇടയുണ്ട്. 17 വയസ്സുള്ള കുട്ടി വാതിലില്‍ മുട്ടിയിട്ട് എന്നെ രക്ഷിക്കൂ എന്നു പറഞ്ഞ സംഭവം ഓര്‍മയിലുണ്ട്. അത് ഇനി സംഭവിക്കരുത്. അക്രമിക്കപ്പെട്ട നടി പരാതിപ്പെടാന്‍ കാണിച്ചത് ധൈര്യമാണ്- രേവതി പറഞ്ഞു.

ബീന പോള്‍, സജിത മഠത്തില്‍, റീമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, അര്‍ച്ചന പത്മിനി തുടങ്ങിയ നടിമാരാണു വാര്‍ത്താസമ്മേളനത്തിനെത്തിയത്.

Top