അമ്മയ്ക്ക് ദിലീപിനോടുള്ള വിധേയത്വം അഞ്ചരക്കോടിയുടെ പേരില്‍; സംഘടനയ്ക്ക് അഞ്ചരക്കോടി നല്‍കിയ ദിലീപിനോട് വിധേയത്വം കാണിക്കുന്നതില്‍ എന്താണ് തെറ്റെന്ന് നടന്‍ മഹേഷ്

കോഴിക്കോട്: മലയാളത്തിലെ താര സംഘടനയായ എ.എം.എം.എയ്ക്ക് അഞ്ച് കോടി തന്ന നടനോട് സംഘടനയ്ക്ക് വിധേയത്വം തോന്നുന്നതില്‍ തെറ്റ് പറയാനാകുമോ എന്ന് നടന്‍ മഹേഷ്. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അനേവേഷണം നേരിടുന്ന സാഹചര്യത്തിലും കുറ്റാരോപിതനായ ദിലീപിനെ സംരക്ഷിക്കുന്ന സംഘടനയുടെ നിലപാടിനെതിരെ ഡബ്ല്യു.സി.സി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. വാര്‍ത്താ സമ്മേളനത്തെക്കുറിച്ച് നടന്മാരുടെ ആരാധകരും ചലച്ചിത്ര മേഖലയിലെ മറ്റ് നടന്മാരും രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ മാതൃഭൂമി ചാനലില്‍ നടത്തിയ ചര്‍ച്ചയിലാണ് ദിലീപിനോട് സംഘടനയ്ക്ക് കടപ്പാടുണ്ടെന്ന് നടന്‍ മഹേഷ് വ്യക്തമാക്കിയത്.

‘ഒരു സിനിമ നിര്‍മ്മിച്ച് അതിന്റെ ലാഭത്തില്‍ നിന്നും അഞ്ചരക്കോടി സംഘടനയ്ക്കായി മാറ്റിവെച്ച ഒരു മനുഷ്യനോട് സംഘടനയ്ക്ക് വിധേയത്വം തോന്നുന്നതില്‍ നിങ്ങള്‍ക്ക് തെറ്റ് പറയാനാകുമോ’എന്നായിരുന്നു മഹേഷ് ചോദ്യം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടനെ സംരക്ഷിക്കുന്ന തരത്തിലുള്ള എ.എം.എം.എയുടെ നിലപാടില്‍ പരക്കെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് അതിനെ ന്യായീകരിച്ച് നടന്‍ മഹേഷ് രംഗത്തെത്തുന്നത്.
ഈ ആരോപണം ഉന്നയിക്കുന്നവര്‍ മാറിനിന്ന് കുറ്റം പറയാന്‍ മാത്രം അറിയുന്നവരാണെന്നും ഫണ്ട് റൈസിംങിന്റെ കാര്യത്തില്‍ പോലും ഇവര്‍ സംഘടനയുമായി സഹകരിക്കുന്നവരോ സഹായിക്കുന്നവരോ അല്ലെന്നും ഡബ്ല്യ.സി.സി അംഗങ്ങളെ ഉദ്ദേഷിച്ച് മഹേഷ് പറഞ്ഞു. അതേസമയം ഡബ്ല്യു.സി.സി വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച അതിപ്രധാനമായ വിഷയങ്ങളെ കുറിച്ച് സംഘടനയുടെ ഉത്തരവാദിത്വമുള്ളവര്‍ ഇതുവരെ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഡബ്ല്യു.സി.സി അംഗം പാര്‍വതി പറഞ്ഞു.

Top