അമ്മയിൽ തികഞ്ഞ പുരുഷാധിപത്യവ്യവസ്ഥ.മെഗാ താരങ്ങള്‍ നായകനായി മാത്രം : നടിക്കുവേണ്ടി മൗനം, അമ്മയിലെ പുരുഷാധിപത്യത്തിനെതിരെ ആഞ്ഞടിച്ച് സുജ സൂസന്‍

കൊച്ചി :താര സംഘടനയായ അമ്മ’യിലെ തികഞ്ഞ പുരുഷാധിപത്യവ്യവസ്ഥക്കും സ്ത്രീ വിരുദ്ധതക്കും എതിരെ കടുത്ത ജനരോഷം കേരളത്തിൽ ആഞ്ഞടിക്കുകയാണ് .പലരും പരസ്യമായി രംഗത്ത് വരുന്നു.ഇടതു പിന്തുണയുള്ള നേതാക്കളാണ് സ്ത്രീവിരുദ്ധത എടുത്ത് പ്രയോഗിക്കുന്നത് എന്നതും സ്ത്രീസുരക്ഷക്കായി വാദിക്കുന്ന ഇടതു സർക്കാരിന് കനത്ത തിരിച്ചടിയും ആണ് .കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനായി മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ വീറോടെ വാദിച്ചപ്പോള്‍ നടിക്കുവേണ്ടി മൗനം പാലിച്ചതിനെതിരെ എഴുത്തുകാരി സുജ സൂസന്‍ ജോര്‍ജ്. താരസംഘടനയായ അമ്മയുടെ വാര്‍ത്തസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ക്ഷുഭിതരായി താരങ്ങള്‍ പ്രതികരിച്ചതിനെ തുടര്‍ന്നാണ് സുജയുടെ പ്രതികരണം. ഫെയ്‌സ്ബുക്കിലാണ് സുജ സൂസണ്‍ ജോര്‍ജ് അമ്മയിലെ പുരുഷാധിപത്യത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്. രാവണന്‍ കോട്ടയില്‍ സ്ത്രീ തുല്യതയുടെ ശബ്ദമുയര്‍ത്താന്‍ ശ്രമിക്കുന്ന വിമന്‍ ഇന്‍ സിനിമ കളക്ടീവ് എല്ലാ പിന്തുണയും നല്‍കികൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

മമ്മൂട്ടിയും മോഹൻലാലും ഇന്നസെൻറും ദിലീപും മുകേഷും ഗണേഷും മണിയൻപിള്ള രാജുവും ഒക്കെ ചേർന്നാൽ കേരളത്തിൽ എന്തൊരു ശക്തിയാണ്! അവരെല്ലാം ചേർന്നാണ് ദിലീപിനെ വേട്ടയാടാനനുവദിക്കില്ല എന്ന പ്രഖ്യാപനവുമായി വരുന്നത്. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയെക്കുറിച്ച് ദിലീപിനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തതിനെത്തുടർന്നാണിത്. ക്ഷുഭിതരായ താരങ്ങൾ പത്രസമ്മേളനത്തിൽ തന്ത്രവും നയവുമൊക്കെ വിട്ട് പൊട്ടിത്തെറിക്കുകയായിരുന്നു. എത്ര ശക്തമായ പ്രതികരണം!
പക്ഷേ, അമ്മയിൽ അംഗമായ നടി ആക്രമിക്കപ്പെട്ടപ്പോൾ ഈ സംഘടന പ്രതികരിച്ചതെങ്ങനെയാണ്?
ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒരു നടി വഴിക്ക് വച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടു. മാനക്കേടാണെന്ന് കരുതി ആ പെൺകുട്ടി മിണ്ടാതിരുന്നില്ല. സുഹൃത്തുക്കളോട് പറഞ്ഞു, പൊലീസിൽ പരാതി കൊടുത്തു. മാധ്യമങ്ങളുടെ ശ്രദ്ധയിലെത്തി. സാമൂഹ്യമാധ്യമങ്ങളിലൂടെ സഹപ്രവർത്തകരായ നടീനടൻമാരിൽ പലരും ശക്തമായി പിന്തുണച്ചു. മഞ്ജു വാരിയർ, റീമ കല്ലിംഗൽ, പൃഥ്വിരാജ് എന്നിവർ പ്രത്യേകിച്ചും. ആക്രമിച്ചവരെ പൊലീസ് പിടികൂടി നിയമത്തിൻറെ മുന്നിൽ കൊണ്ടു വന്നു.പക്ഷേ, ആ അഭിനേതാവ് അംഗമായിട്ടുള്ള താരസംഘടന രണ്ടു ദിവസം കഴിഞ്ഞ്, കേരളമാകെ പ്രതിഷേധിച്ച് കഴിഞ്ഞ് താരരാജാക്കൾ എവിടെ എന്ന ചോദ്യമുയർന്നപ്പോഴാണ് എറണാകുളത്ത് ഒരു പ്രതിഷേധം സംഘടിപ്പിച്ചത്. ഇപ്പോഴും ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ കാര്യത്തിൽ അലസമായ ഒരു പിന്തുണ പ്രഖ്യാപിക്കൽ മാത്രമാണുണ്ടായത്. തികഞ്ഞ പുരുഷാധിപത്യവ്യവസ്ഥയാണ് നമ്മുടെ സിനിമ. അതു തന്നെയാണ് സിനിമ സംഘടനകളുടെയും സ്വഭാവം. ഒരു ആധുനിക സമൂഹത്തിലെ സിനിമാനടന്മാരായിരുന്നു ഇവരെങ്കിൽ, ആക്രമിക്കപ്പെട്ട ഈ പെൺകുട്ടിയ്ക്ക് നീതി കിട്ടുക എന്നതിനാണ് ഒന്നാമത്തെ പരിഗണന എന്നു പറഞ്ഞേനെ! കഴിഞ്ഞ നൂറ്റാണ്ടിലെ നീതി ബോധവുമായി നടക്കുന്നവരാണ് മണ്ണിലേക്കിറങ്ങി വന്ന ഈ താരങ്ങൾ. ആക്രമിക്കപ്പെട്ട നടിയോട് നിസംഗമായ പിന്തുണയും ജനപ്രിയ നായകന് വീറോടെയുള്ള പിന്തുണയും എന്ന താരസംഘടനയുടെ നിലപാട് അപലപിക്കപ്പെടണം.ഈ ആണധികാര കോട്ടയിൽ സ്ത്രീ തുല്യതയുടെ ശബ്ദമുയർത്താൻ ശ്രമിക്കുന്ന വിമൻ ഇൻ സിനിമ കളക്ടീവിന് എല്ലാ പിന്തുണയും..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top