അടിവസ്ത്ര വ്യാപാരികളില്‍ നിന്നുപോലും കുനിഞ്ഞ് നിന്ന് അവാര്‍ഡ് വാങ്ങുന്നവര്‍ സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ല എന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല’: ജോയ് മാത്യു

തിരുവനന്തപുരം: ദേശീയ അവാര്‍ഡ് ദാനചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. അവാര്‍ഡ് നിരസിച്ച കലാകാരന്‍മാരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ജോയ് മാത്യു രംഗത്തെത്തിയത്.

അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും പോലും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്‌കാരങ്ങള്‍ വങ്ങിക്കുന്നവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ല എന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നായിരുന്നു ജോയ് മാത്യുവിന്റെ പരിഹാസം. ഇനി സ്മൃതി ഇറാനി തരുമ്പോള്‍ അവാര്‍ഡ് തുക കുറഞ്ഞുപോകുമോയെന്ന ഭയമാണോയെന്നും ജോയ് മാത്യു ചോദിക്കുകയുണ്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവാര്‍ഡിനുവേണ്ടി പടം പിടിക്കുന്നവര്‍ അത് ആരുടെ കയ്യില്‍നിന്നായാലും വാങ്ങാന്‍ മടിക്കുന്നതെന്തിനാണ്. അവാര്‍ഡ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണ്. അങ്ങിനെ വരുമ്പോള്‍ ആത്യന്തികമായ തീരുമാനവും ഗവണ്‍മെന്റിന്റേതായിരിക്കും. രാഷ്ട്രപതിക്ക് ഉദരസംബന്ധമായ പ്രശ്നങ്ങളോ രാജ്യ പ്രതിരോധസംബന്ധിയായ പ്രശ്നങ്ങളോ ഉണ്ടായിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നു എന്നായിരുന്നു ജോയ് മാത്യുവിന്റെ മറ്റൊരു പരിഹാസം.

കഠുവയില്‍ പിഞ്ചുബാലികയെ ബലാത്സംഗം ചെയ്തു കൊന്നതിന്റെ പേരിലോ രാജ്യത്തൊട്ടാകെ നടക്കുന്ന വംശവെറിക്കെതിരെയൊ ഒക്കെ പ്രതിഷേധിച്ചാണു അവാര്‍ഡ് നിരസിച്ചതെങ്കില്‍ അതിനു ഒരു നിലപാടിന്റെ അഗ്നിശോഭയുണ്ടായേനെ. ഇതിപ്പോള്‍ കൊച്ചുകുഞ്ഞുങ്ങള്‍ അവാര്‍ഡ് കളിപ്പാട്ടം കിട്ടാത്തതിനു കരയുന്ന പോലെയായിപ്പോയെന്നും ജോയ് മാത്യു പരിഹസിക്കുന്നു.അവാര്‍ഡിനു വേണ്ടിയല്ല മറിച്ച് ജനങ്ങള്‍ കാണുവാന്‍ വേണ്ടിയാണു സിനിമയുണ്ടാക്കേണ്ടത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന ‘അങ്കിള്‍’ എന്ന സിനിമ എന്നു പറഞ്ഞുകൊണ്ടാണ് ജോയ് മാത്യുവിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അവാര്‍ഡിനുവേണ്ടി പടം പിടിക്കുന്നവര്‍ അത് ആരുടെ കയ്യില്‍നിന്നായാലും വാങ്ങാന്‍ മടിക്കുന്നതെന്തിനു? അവാര്‍ഡ് കമിറ്റിയെ തിരഞ്ഞെടുക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണു- അങ്ങിനെ വരുംബോള്‍ ആത്യന്തികമായ തീരുമാനവും ഗവര്‍മ്മെന്റിന്റെയായിരിക്കുമല്ലൊ.അപ്പോള്‍ ഗവര്‍മ്മെന്റ് നയങ്ങള്‍ മാറ്റുന്നത് ഗവര്‍മ്മെന്റിന്റെ ഇഷ്ടം-അതിനോട് വിയോജിപ്പുള്ളവര്‍ തങ്ങളുടെ സ്രഷ്ടികള്‍ അവാര്‍ഡിന്ന് സമര്‍പ്പിക്കാതിരിക്കയാണു ചെയ്യേണ്ടത്- രാഷ്ട്രപതി തന്നെ അവര്‍ഡ് നല്‍കും എന്ന് അവാര്‍ഡിനയക്കുന്ന അപേക്ഷകനു ഉറപ്പുകൊടുത്തിട്ടുണ്ടോ എന്നറിയില്ല- മുന്‍ കാലങ്ങളിലെല്ലാം രാഷ്ട്രപതി തന്നെയാണൊ അവാര്‍ഡ് നല്‍കിയിരുന്നത്? ഇതൊന്നുമല്ലെങ്കില്‍ത്തന്നെ രാഷ്ട്രപതിക്ക് ഉദരസംബന്ധമായ പ്രശ്‌നങ്ങളോ രാജ്യ പ്രതിരോധസംബന്ധിയായ പ്രശ്‌നങ്ങളോഉണ്ടായി എന്ന് കരുതുക.എന്ത് ചെയ്യും?
ഇതൊക്കെ അറിഞ്ഞിട്ടും തങ്ങളുടെ സിനിമകള്‍ അവാര്‍ഡിന്നയക്കുന്നവര്‍ അത് ഇരുകൈയും നീട്ടി വാങ്ങാതിരിക്കുന്നതെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.അവാര്‍ഡ് രാഷ്ട്രപതിതന്നെ തരണം എന്ന്‌വാശിപിടിക്കുന്നതെന്തിനാ? അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്‌കാരങ്ങള്‍ വങ്ങിക്കുന്നവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ല എന്ന്
പറയുന്നതിന്റെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല- ഇനി സ്മൃതി ഇറാനി തരുമ്പോള്‍ അവാര്‍ഡ് തുക കുറഞ്ഞുപോകുമോ?
കത്വ യില്‍ പിഞ്ചുബാലികയെ ബലാല്‍സംഗംചെയ്തു കൊന്നതിന്റെ പേരിലോ രാജ്യത്തൊട്ടാകെ നടക്കുന്ന വംശവെറിക്കെതിരെയൊ ഒക്കെ
പ്രതിഷേധിച്ചാണു അവാര്‍ഡ് നിരസിച്ചതെങ്കില്‍ അതിനു ഒരു നിലപാടിന്റെ അഗ്‌നിശോഭയുണ്ടായേനെ
(മര്‍ലന്‍ ബ്രാണ്ടോയെപ്പോലുള്ള മഹാ നടന്മാര്‍ പ്രഷേധിക്കുന്ന രീതി വായിച്ച് പഠിക്കുന്നത് നല്ലതാണു)
ഇതിപ്പം കൊച്ചുകുഞ്ഞുങ്ങള്‍ അവാര്‍ഡ് കളിപ്പാട്ടം
കിട്ടാത്തതിനു കരയുന്ന പോലെയായിപ്പോയി-ഇതാണു ഞാനെപ്പോഴും
പറയാറുള്ളത് അവാര്‍ഡിനു വേണ്ടിയല്ല മറിച്ച് ജനങ്ങള്‍ കാണുവാന്‍ വേണ്ടിയാണു സിനിമയുണ്ടാക്കേണ്ടത്.
അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന ‘അങ്കിള്‍’ എന്ന സിനിമ-

വാല്‍ക്കഷ്ണം:
അവാര്‍ഡ് വാങ്ങാന്‍ കൂട്ടാക്കാത്തവര്‍
അടുത്ത ദിവസം തലയില്‍
മുണ്ടിട്ട് അവാര്‍ഡ് തുക റൊക്കമായി വാങ്ങിക്കുവാന്‍ പൊകില്ലായിരിക്കും-

Top