
കോഴിക്കോട്: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ ആരോപണങ്ങളും പുതിയ തെളിവുകളും പുറത്ത് വരുമ്പോള്‍ ആഭ്യന്തര മന്ത്രി പിണറായി വിജയന്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന ആകാംക്ഷയില്‍ കേരളം. കേസ് അട്ടിമറിയ്ക്കാനുള്ള എല്ലാ സഹായവും ചെയ്തത് മുന്‍ ആഭ്യന്തര വകുപ്പാണെന്ന് തെളിഞ്ഞിരുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയായും ചുമതലയേറ്റതിന് ശേഷം പുതിയ സംഘത്തെ നിയോഗിച്ചിരുന്നു.
ഇതിനിടയിലാണ് പിപി തങ്കച്ചന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണങ്ങള്‍ ഉയരുന്നത്.
കേരളത്തില്‍ കോടികള്‍ വരുമാനമുള്ള വന്‍ക്വാറികള്‍ നടത്തുന്ന പിപി തങ്കച്ചനും ബന്ധുക്കളും എല്ലാ പ്രതിഷേധങ്ങളെയും പാരാതികളെയും നേരിടുന്നത് രാഷ്ട്രീയ സ്വാധീനത്തിലും പണത്തിന്റെ ഹുങ്കിലുമാണ്. തങ്കച്ചന്റെ ക്വാറികള്‍ക്കെതിരെ നിരവധി സമരങ്ങള്‍ നടന്നിട്ടും എല്ലാം അടിച്ചൊത്തുക്കുകയും ഇല്ലാതാക്കുകയുമായിരുന്നു. ഇതിന് പൂര്‍ണ്ണ പിന്തുണയുമായി അന്നത്തെ പ്രതിപക്ഷ പാര്‍ട്ടികളുമുണ്ടായിരുന്നു.
ആദിവാസി മേഖലയിലും പ്രധാനപ്പെട്ട വനമേഖലകളിലും നിയമവിരുദ്ദമായി നടത്തിയിരുന്ന ക്വാറികള്‍ക്കെതിരെ നിലപാടെടുക്കാന്‍ സിപിഎം തയ്യാറായിരുന്നില്ല. തങ്കച്ചന്റെ ക്വാറികള്‍ക്ക് സഹായം ചെയ്യുന്ന നിലപാട് സ്വീകരിച്ച പാര്‍ട്ടി ജിഷയുടെ കൊലയാളികളെയും സംരക്ഷിക്കാന്‍ ശ്രമിക്കുമോ എന്നാണ് ജനങ്ങള്‍ക്കുള്ള ആശങ്ക.
കണ്ണൂര്‍ വയനാട് അതിര്‍ത്തി മലമേഖലകളിലെ ക്വാറികള്‍ തങ്കച്ചന്റെ ബന്ധുക്കളുടെ പേരിലുള്ളതാണെന്ന് തെളിവുകള്‍ പുറത്ത് വന്നിരുന്നു. ലോകത്തെ പാരിസ്ഥിതിക പ്രാധാന്യമുള്ള പശ്ചിമഘട്ട വനമേഖലയ്ക്കു തൊട്ടുചേര്‍ന്നു നില്‍ക്കുന്നു. യു.ഡി.എഫ് നേതാവ് തങ്കച്ചന്റെ ബന്ധുക്കള്‍ക്കാണ് 125 ഏക്കറോളം വരുന്ന ഈ പാറമടയുടെ ഉടമസ്ഥാവകാശം. ന്യൂ ഭാരത് ക്വാറി എന്ന് നാമകരണം ചെയ്ത ഈ ഖനനകേന്ദ്രത്തില്‍ എത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് സഞ്ചി നിറയെ പണം നല്‍കും. അതുകൊണ്ടുതന്നെ ഇടതു വലതു ദേശീയ വാദികളും ഈ ക്വാറിക്കെതിരെ ചെറുവിരല്‍ അനക്കാറില്ല. ഈ രാഷ്ട്രീയ പിന്‍തുണയാണ് പ്രകൃതിക്ക് ചരമക്കുറിപ്പെഴുതാന്‍ പോകുന്ന കരിങ്കല്‍ ഖനനം യഥേഷ്ടം നടക്കാനുള്ള കാരണവും.
പശ്ചിമഘട്ടത്തിന്നരികില്‍ പത്തു മീറ്ററില്‍ താഴെ മാത്രം വീതിയുള്ള കണ്ണൂര്‍ മൈസൂര്‍ അന്തര്‍ സംസ്ഥാന പാത. പാതയോരത്തുനിന്നും 3000ല്‍പരം അടി ഉയരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന മല. അതിനു ചുറ്റും അതിനേക്കാള്‍ ഉയരത്തില്‍ വനനിബിഢമായ ഹരിതമലകള്‍. ഇതിനിടയില്‍ എങ്ങനെയാണ് ഖനനത്തിനായി ഒരു പ്രദേശം അനുവദിക്കപ്പെട്ടത് എന്ന സംശയം ആരിലും ഉടലെടുക്കാം. മുന്‍കാലങ്ങളില്‍ പട്ടയം നല്‍കിയ ഭൂമി കൈമാറി കൈമാറി ക്വാറിക്കാരുടെ കൈകളിലെത്തിയതാണ്. ക്വാറി വികസിക്കുന്നതിനനുസരിച്ച് അവര്‍ സമീപത്തുള്ളവരില്‍നിന്നും പണം നല്‍കിയും മറ്റു സ്ഥലങ്ങള്‍ കൈമാറിയും ഇതിന്റെ വിസ്തൃതി കൂട്ടുകയായിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ തങ്കച്ചന്റെ എല്ലാ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും പിന്തുണച്ചവര്‍ ജിഷ കേസിലെ ആരോപണങ്ങളും ദുരൂഹതകളും അന്വേഷിക്കാന്‍ തയ്യാറാകുമോ..?