
വിശ്വാസത്തിന്റെ കാവലാളന്മാരുടെ കാമഭ്രാന്തിനിരയായി സിസ്റ്റർ അഭയയെന്ന ആ പാവം കന്യാസ്ത്രീ പെൺകുട്ടി കൊല്ലപ്പെട്ടിട്ട് 28 വർഷം തികയുന്നു. ബീന എന്ന ആ കുട്ടിയുടെ അഭയ എന്ന പേര് പോലും യാദൃശ്ചികമായിരിക്കാമെന്നും ലൂസി കളപ്പുര പറഞ്ഞു. സ്വർഗം സ്വപ്നം കണ്ട് ജീവിക്കാൻ തുടങ്ങിയ ഒരു കൊച്ചു കന്യാസ്ത്രീയെ ഈ കാമഭ്രാന്തന്മാർ മഠത്തിനകത്ത് കൊലപ്പെടുത്തിയിട്ടും അവരെ തിരിച്ചറിഞ്ഞിട്ടും അവൾക്ക് നീതി നിക്ഷേധിക്കപ്പെട്ട, ശപിക്കപ്പെട്ട ആ 28വർഷം കഴിഞ്ഞു. ഈ ദിനം ഒരു പുണ്യ ദിനമാണ്. അവൾക്ക് നീതി ലഭിച്ച ദിനം. സിസ്റ്റർ അഭയക്ക് നീതി നടപ്പിലാക്കി കൊണ്ട് വിധി വന്ന ഈ ദിനത്തെ പുണ്യദിനം എന്ന് വിളിക്കാം. ഇനി ഈ ലോകത്ത് ഇതിൽ കൂടുതൽ സന്തോഷിക്കാൻ കഴിയുന്ന ദിവസം ഉണ്ടായിരിക്കില്ലെന്നും ലൂസി കളപ്പുരക്കൽ പറഞ്ഞു.
‘കത്തോലിക്ക സഭ നേതൃത്വത്തിനൊരു ധാർഷ്ട്ര്യമുണ്ട് . അവർക്കൊരു അഹങ്കാരമുണ്ട്. കോടികൾ കയ്യിലുണ്ട് എന്ന അഹങ്കാരം. ഇതൊക്കെയായിട്ടും അൾത്താരയിൽ കയറിനിന്ന് നിങ്ങൾ വിശുദ്ധരാണെന്ന് പഠിപ്പിക്കുന്ന ആ നാടകത്തിന് ഇന്ന് തിരശീല വീണിരിക്കുകയാണ്. എല്ലാ പൗരന്മാരും ഒരു പോലെയാണ്. ഓരോ സാധാരണക്കാരനും പ്രധാനമന്ത്രിക്കും ഇവിടെ ഒരേ അവകാശമാണ്.’ കത്തോലിക്ക സഭ കണ്ണ് തുറക്കണമെന്നും ലൂസി കളപ്പുര പറഞ്ഞു.
ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലും നീതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇത്തരം സ്ഥാനങ്ങളിലിരിക്കുന്നവരുടെ കള്ളങ്ങളും കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് സിസ്റ്റർക്ക് നീതി ലഭിക്കും. ഫ്രാങ്കോ ശിക്ഷിക്കപ്പെടും. ലൂസി കളപ്പുര കൂട്ടിച്ചേർത്തു.