ജ്യോതിരാദിത്യ സിന്ധ്യയും രാജിവച്ചു; രാജിക്ക് പ്രോത്സാഹനം നല്‍കി രാഹുല്‍; തോല്‍വിയുടെ ഉത്തരവാദിത്വം നേതാക്കള്‍ക്ക് 

ഭോപ്പാല്‍: ഉന്നത കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിന്റെ ചുവട് പിടിച്ചാണ് സിന്ധ്യയുടെയും രാജിയെന്നാണ് സൂചന.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറിയായിരുന്നു സിന്ധ്യ. സിന്ധ്യയെക്കൂടാതെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കാണ് യു.പിയുടെ ചുമതലയുള്ളത്. എന്നാല്‍, രാഹുലിന്റെ സീറ്റായ അമേതിയിലടക്കം ദയനീയമായി കോണ്‍ഗ്രസ് സംസ്ഥാനത്ത് പരാജയപ്പെടുകയായിരുന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് നേരത്തെ പി.സി.സി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്നായിരുന്നു ഇത്. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദീപക് ബാബ്റിയ, വിവേക് തന്‍ഖ തുടങ്ങിയ മറ്റു പല മുതിര്‍ന്ന നേതാക്കളും രാജിവച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നിരവധി നേതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും താന്‍ ആദ്യം രാജിവയ്ക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്താനാവില്ലെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്ത കത്തില്‍ വ്യക്തമാക്കിയിരുന്നു.

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിയാത്ത പല നേതാക്കളേയും ലക്ഷ്യമിട്ടായിരുന്നു രാഹുല്‍ ഇങ്ങനെ പറഞ്ഞത്. രാഹുല്‍ രാജിവച്ചതോടെ അദ്ധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത് അഞ്ചോളം നേതാക്കളെയാണ്. അതില്‍ യുവനേതൃത്വത്തെ പരിഗണിച്ചാല്‍ രണ്ടു പേരുകളായിരിക്കും ചര്‍ച്ചയില്‍ വരിക. ഒന്ന് സിന്ധ്യയും മറ്റൊന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും. ഇനി പരിചയസമ്പത്താണ് പരിഗണിക്കുന്നതെങ്കില്‍ ദളിത് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവരെയാകും പരിഗണിക്കുക.

Top