
യുഡിഎഫിന്റെ വടകര സ്ഥാനാര്‍ത്ഥിയായ കെ. മുരളീധരന് സംഭവിച്ച ഒരു അപകടത്തിന്റെ ദൃശ്യങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പ്രചരണ വേദി തകര്‍ന്ന് വീണാണ് അപകടം സംഭവിച്ചിരിക്കുന്നത്. മുരളീധരനായി കുറ്റ്യാടി ചെറിയ കുമ്പളത്ത് ഒരുക്കിയ ഹാരാര്‍പ്പണവേദിയാണ് നിലംപതിച്ചത്. അണികള്‍ ഹാരമണിയിക്കുന്ന സമയം അപ്രതീക്ഷിതമായി സ്റ്റേജ് നിലംപൊത്തുകയായിരുന്നു. അണികളോടൊപ്പം മുരളീധരനും നിലത്ത് വീണു. നിലത്ത് വീണിട്ടും ചാടിയെഴുന്നേറ്റ് ഒന്നും സംഭവിക്കാത്തത് പോലെ മുരളീധരന്‍ ജനക്കൂട്ടത്തെ അഭിസംബോധനം ചെയ്തു. ഇത്രയുമൊക്കെ സംഭവിച്ചിട്ടും നര്‍മ്മവും സ്ഥാനാര്‍ത്ഥി ഉപേക്ഷിച്ചില്ല. ‘ ഏത് പ്രതിസന്ധി ഉണ്ടായാലും അതിനെയൊക്കെ അതിജീവിക്കാന്‍ കഴിയും. സ്റ്റേജ് പൊട്ടിവീണിട്ടും ഒരാപത്തും ഉണ്ടായിട്ടില്ല. ബോംബേറൊന്നും നമ്മുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ പോവില്ല… ചിരിയോടെ മുരളീധരന്‍ പ്രതികരിച്ചു.