സ്വന്തം ലേഖകൻ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ കെ രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നൽകിയ തീരുമാനമാണ് സോഷ്യൽ മീഡിയയിലടക്കം ഇന്ന് ചർച്ചയായി മാറിയിരിക്കുന്നത്.
പിണറായി സർക്കാരിന് ഏറെ പരീക്ഷണങ്ങൾ നേരിടേണ്ടി വന്ന വകുപ്പായിരുന്നു ദേവസ്വം. ശബരിമല വിവാദത്തിലടക്കം പഴികേട്ട ഇർതുസർക്കാർ പിന്നോക്ക വിഭാഗത്തിൽ നിന്നുളള ഒരാളെ ദേവസ്വം മന്ത്രിയാക്കുക വഴി ചരിത്രം തിരുത്തിയിരിക്കുകയാണ്.
മാറിമാറി വരുന്ന സർക്കാരുകൾ തിരുവിതാംകൂർ മേഖലയിൽ നിന്നുമുളള മുന്നാക്ക സമുദായംഗത്തിനായിരുന്നു ദേവസ്വം വകുപ്പ് ലഭിച്ചിരുന്നത്. ഒരുപക്ഷേ ഇടതുപക്ഷത്തിന്റെ ചരിത്രത്തിലാദ്യമായിരിക്കും പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ഒരാൾ ദേവസ്വം മന്ത്രിയാവുന്നത്.
1996ൽ നായനാർ മന്ത്രിസഭയിൽ പിന്നാക്ക ക്ഷേമന്ത്രിയായ കെ രാധാകൃഷ്ണൻ നിലവിൽ സി പി എം കേന്ദ്ര കമ്മിറ്റി അംഗവും ദളിത് ശോഷൻ മുക്തി മഞ്ച് അഖിലേന്ത്യ പ്രസിഡന്റുമാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയമടക്കം ഇനിയും ചർച്ചയാകുമെന്നിരിക്കെയാണ് മുതിർന്ന സി പി എം നേതാവും ജനകീയനുമായ കെ രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയാവുന്നത്.
മുഖ്യമന്ത്രിയുടെ തീരുമാനത്തെ കൈയ്യടിച്ചാണ് എല്ലാവരും സ്വീകരിച്ചിരിക്കുന്നത്. ഇടതുപക്ഷത്തിന് മാത്രം കഴിയുന്ന ചിലതുണ്ടെന്നാണ് ചിലരുടെ വാദം.