പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ വോട്ടർപട്ടിക ക്രമക്കേടിൽ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. എൽഡിഎഫ് സഹായത്തോടെ യുഡിഎഫാണ് വോട്ട് ചേർത്തതെന്നും റവന്യൂ ഉദ്യോഗസ്ഥരുടെ സഹായവുമുണ്ടായിരുന്നുവെന്നും ആരോപിച്ച സുരേന്ദ്രൻ രംഗത്ത് . വിഷയത്തിൽ ബിജെപി നിയമപരമായി മുന്നോട്ട് പോകുമെന്നും കൂട്ടിച്ചേർത്തു.
ഉരുൾപൊട്ടൽ വിഷയത്തിലും സംസ്ഥാന സർക്കാരിനെ വിമർശിച്ചുകൊണ്ടാണ് സുരേന്ദ്രൻ രംഗത്തെത്തിയത്. കേരളം വേണ്ട രീതിയിൽ മെമ്മോറാണ്ടം നൽകാത്തതുകൊണ്ടാണ് കേന്ദ്രസർക്കാരിന് തീരുമാനമെടുക്കാൻ സാധിക്കാതെ വന്നതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. മാനദണ്ഡങ്ങൾ അനുസരിച്ച് മെമ്മോറാണ്ടം നൽകിയാൽ ഇനിയും പണം നൽകുമെന്നും കേരളത്തിൻ്റെ പരാജയം കേന്ദ്രത്തിൻ്റെ തലയിൽ അടിച്ചേൽപ്പിക്കേണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. പണത്തിൻ്റെ അഭാവമല്ല പ്രശ്നമെന്നും കേരളത്തിൻ്റെ പക്കലുള്ള പണം ചെലവഴിക്കുന്നില്ല എന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാർ വയനാടിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും സുരേന്ദ്രൻ വിമർശിച്ചു. വയനാട് പുനരധിവാസത്തിന് സർക്കാരിന് ഒരു പ്ലാനും ഇല്ല. മന്ത്രി കെ രാജൻ ആദ്യം പാവപ്പെട്ടവർക്ക് വാടക കൊടുക്കട്ടെയെന്നും സംസ്ഥാന സർക്കാർ വയനാട്ടിൽ എത്ര പണം കൊണ്ടുവന്നെന്ന് മുഖ്യമന്ത്രിയും രാജനും മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.