‘കബാലി’ എന്ന ചിത്രമെങ്ങാനും പൊട്ടിയാല്‍ എന്താണ് സംഭവിക്കുക? ഇത്രയധികം പ്രചാരണം നടത്തി പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുമ്പോള്‍ സിനിമയുടെ അണിയറക്കാര്‍ക്കും കുറച്ച് പേടിയുണ്ട്. പ്രേക്ഷകര്‍ പ്രതീക്ഷിച്ച പോലെ സിനിമ ഹിറ്റ് ആയില്ലെങ്കില്‍ ഉത്തരം പറയേണ്ടതും സിനിമാ പ്രവര്‍ത്തകരാണല്ലോ. കബാലി കാണാന്‍ ജീവനക്കാര്‍ക്ക് കമ്പനികള്‍ അവധിയും കൊടുത്തു കഴിഞ്ഞു.
ജൂലൈ 22 വെള്ളിയാഴ്ചയാണ് കബാലി തിയേറ്ററുകളില്‍ എത്തുക. അന്ന് തിയേറ്ററുകളില്‍ സൂചി കുത്താന്‍ ഇടമില്ലാതെ സിനിമാ പ്രേമികളെ കൊണ്ട് നിറയും. പ്രവൃത്തി ദിവസമായതിനാല്‍ ജോലിക്കാര്‍ ഓഫീസില്‍ വരാതെ കബാലി കാണാന്‍ പോകുമെന്ന ഊഹത്തിലാണ് വിവിധ കമ്പനി അധികൃതര്‍. അതിനാല്‍ തന്നെ ജൂലൈ 22 ന് ഓഫീസിന് അവധി കൊടുത്ത് ജീവനക്കാരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ചെന്നൈയിലെയും ബംഗലൂരുവിലെയും ചില കമ്പനികള്‍. മാത്രവുമല്ല സൗജന്യമായി ടിക്കറ്റും ജീവനക്കാര്‍ക്ക് കമ്പനികള്‍ നല്‍കുന്നു.
ചെന്നൈയിലെ സ്റ്റാര്‍ട്ട്അപ്പ് കമ്പനി ഫൈന്‍ഡസ്, ബെംഗലൂരു ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഓപ്പസ് എന്നീ കമ്പനികള്‍ ജൂലൈ 22 അവധി പ്രഖ്യാപിക്കുന്നുവെന്ന് അറയിച്ച് നോട്ടീസ് ജീവനക്കാര്‍ക്ക് വിതരണം ചെയ്തിരിക്കുകയാണ്. ആവശ്യമില്ലാതെ അവധി എഴുതി കൊടുക്കുന്നതും, ജോലിക്കാരുടെ എണ്ണം കുറയുന്നത് തടയാനുമാണ് ഇത്തരത്തില്‍ അവധി കൊടുത്തത്. കോയമ്പത്തൂരിലെ സോഫ്റ്റ്വെയര്‍ കമ്പനി പയോഡ ഭാഗ്യശാലികളായ 300 ജീവനക്കാര്‍ക്ക് ആദ്യ ഷോയില്‍ തന്നെ കബാലി കാണാനായി അവസരം നല്‍കിയിരിക്കുകയാണ്.
എയര്‍ എഷ്യയും തങ്ങളുടെ യാത്രക്കാരെ അത്ഭുതപ്പെടുത്തി കബാലി കാണാനായി വെള്ളിയാഴ്ച പ്രത്യേക വിമാനം പറത്താനും തീരുമാനിച്ചിരിക്കുകയാണ്. ആദ്യ ഷോയ്ക്കായി ബംഗലൂരുവില്‍ നിന്നും ചെന്നൈയിലേക്ക് കബാലി കാണാനായി യാത്രക്കാര്‍ക്ക് അവസരം നല്‍കിയാണ് എയര്‍ ഏഷ്യ ആരാധകരെ ക്ഷണിക്കുന്നത്.
100 കോടി രൂപ ബജറ്റില്‍ തയ്യാറാക്കിയ ചിത്രം ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രം അഞ്ഞൂറ് കോടി രൂപക്ക് മുകളില്‍ നേടുമെന്നാണ് നിര്‍മ്മാതാവ് കലൈപുലി എസ് താണു നേരത്തെ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബാഹുബലിയുടെ റെക്കോര്‍ഡ് കബാലി ഭേദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രഞ്ജിത്താണ് കബാലി സംവിധാനം ചെയ്തിരിക്കുന്നത്.
ചെന്നൈ നഗരത്തിലെ സകല തിയറ്ററുകളിലും ഇതിനകം ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു. അഞ്ഞൂറ് രൂപക്ക് മുകളിലാണ് അവസാന മണിക്കൂറുകളില്‍ ടിക്കറ്റിന് ആരാധകര്‍ക്ക് ചെലവാക്കേണ്ടി വന്നത്. നഗരത്തിലെ തിയ്യറ്ററുകളിലെല്ലാം മുഴുവന് സ്‌ക്രീനുകളും മുഴുവന്‍ ഷോകളും കബാലിക്കായി മാറ്റിവെച്ചുകഴിഞ്ഞു.