കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു. 150ല്‍ കൂടുതല്‍ പേര്‍ക്ക് ചാവേറാക്രമണങ്ങളില്‍ പരിക്കേറ്റു. സ്‌ഫോടനങ്ങളില്‍ അമേരിക്കക്ക് ശക്തമായ തിരിച്ചടി. 13 അമേരിക്കന്‍ സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇത്രയും സൈനികര്‍ക്ക് ഒരു ആക്രമണത്തില്‍ ജീവന്‍ നഷ്ടമാകുന്നത് അടുത്ത കാലത്ത് ആദ്യമാണ്. അഫ്ഗാന്‍ വിടുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആക്രമണം നടന്നത്. മാത്രമല്ല, 18 അമേരിക്കന്‍ സൈനികരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
ഐസിസ് കെ അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഖൊരാസന്‍ പ്രോവിന്‍സ് ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന ആഗോള ഭീകര സംഘടനയുടെ അഫ്ഗാനിസ്ഥാനിലെ അനുബന്ധ സംഘടനയാണ് ഐസിസ് കെ.കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ചാവേറുകള്‍ സ്‌ഫോടനം നടത്തിയത്. അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ രാജ്യ വിടാനായി വിമാനത്താവളത്തില്‍ എത്തിയവരും അമേരിക്കന്‍ സുരക്ഷാ സൈനികരും ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍. ആക്രമണം നടത്തിയവരെ വേട്ടയാടി പിടിക്കുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ പ്രതികരിച്ചിരുന്നു.
വ്യാഴാഴ്ച വൈകീട്ട് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ നാല് സ്‌ഫോടനങ്ങളാണ് കാബൂളിലുണ്ടായത്. വിമാനത്താവളത്തിന്റെ കവാടത്തിനോട് ചേര്‍ന്നും അല്‍പ്പം അകലെയും സ്‌ഫോടനങ്ങളുണ്ടായി. താലിബാന്‍ ഭരണമേറ്റെടുത്തതോടെ നിരവധി പേര്‍ രാജ്യം വിടുകയാണ്. ഇവര്‍ വിമാനത്താവളത്തില്‍ തമ്പടിച്ചിരിക്കെയാണ് സ്‌ഫോടനങ്ങളും വെടിവയ്പും. ഐസിസ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് താലിബാനും അമേരിക്കയും അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഫ്ഗാനില്‍ നടക്കുന്ന ശക്തമായ ആക്രമണമാണിത് എന്ന് പെന്റഗണ്‍ അറിയിച്ചു. സ്‌ഫോടനങ്ങള്‍ക്ക് പുറമെ ഹാമിദ് കര്‍സായി വിമാനത്താവളത്തിന് പുറത്ത് നിന്നിരുന്ന അമേരിക്കന്‍ സൈനികരെ വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്ന് പെന്റഗണ്‍ അറിയിച്ചു. സിവിലിയന്‍സിനും സൈനികര്‍ക്കുമെതിരെ വെടിവയ്പ്പ് നടന്നു.
സ്‌ഫോടനങ്ങള്‍ നടന്നതിന് പിന്നാലെയായിരുന്നു വെടിവയ്പ്പ് എന്നും പെന്റഗണ്‍ വക്താവ് ജനറല്‍ കെന്നത്ത് ഫ്രാങ്ക്‌ളിന്‍ മക്കെനിസ് പറഞ്ഞു. അഫ്ഗാനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്ന യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്. ഇവര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് യൂണിറ്റിലെ അംഗങ്ങളായിരുന്നു. 60 അഫ്ഗാന്‍ പൗരന്‍മാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 140 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് ചാവേര്‍ സ്‌ഫോടനങ്ങളാണ് ആദ്യം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ശരീരത്തില്‍ ബോംബ് കെട്ടിവച്ച് വന്നവര്‍ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. ആക്രമണത്തിന് സാധ്യതയുണ്ടെന്നും പൗരന്‍മാര്‍ കാബൂള്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അമേരിക്ക വ്യാഴാഴ്ച രാവിലെ അഭ്യര്‍ഥിച്ചിരുന്നു.