സര്‍ക്കാര്‍ പരിപാടിയില്‍ സ്വാമിമാര്‍ക്ക് പ്രത്യേക സിംഹാസനം വേണ്ടെന്നറിയിച്ച് തിരുവനന്തപുരത്ത് മിത്രാനന്ദപുരം കുളം നവീകരണ ചടങ്ങില്‍ ശ്രൃംഗേരി പരമ്പരയിലെ ക്ഷണിക്കപ്പെട്ട സ്വാമിയുടെ ഇരിപ്പിടം മന്ത്രി കടകംപള്ളി എടുത്തുമാറ്റിയിരുന്നു.ചിത്രം വൈറലായതോടെ തന്റെ നിലപാടും അദ്ദേഹം വ്യക്തമാക്കി.പ്രത്യേക സിംഹാസനം ഇഷ്ടമായില്ലെന്ന് തുറന്നടിച്ച് പറയുകയും ചെയ്തു.എന്നാല്‍ ആലപ്പുഴയില്‍ ഇതേ മന്ത്രിസഭയിലെ മന്ത്രിമാരായ തോമസ് ഐസക്കും ജി സുധാകരനും സ്വാമിയുടെ ദര്‍ശനത്തിനായി കാത്തുനിന്നു.വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് ഭക്തര്‍ക്ക് ദര്‍ശനം നല്‍കാന്‍ സ്വാമി ഹാളിലെത്തിയത്.കാത്തു നില്‍ക്കുകയായിരുന്ന മന്ത്രിമാര്‍ക്ക് ആദ്യ ദര്‍ശനം നല്‍കി.മന്ത്രിമാരെ ഇരുവരേയും സ്വാമിയുടെ സെക്രട്ടറി പൊന്നാടയണിയിച്ച് സ്വീകരിച്ചു.മന്ത്രിമാര്‍ സ്വാമിക്ക് തളികയില്‍ പഴങ്ങള്‍ ‘ നിവേദ്യമായി ‘ നല്‍കി. ദര്‍ശനത്തിന് ശേഷം ‘ ആപ്പിള്‍ പ്രസാദം ‘ ഏറ്റുവാങ്ങുകയും ചെയ്തു.മന്ത്രി തോമസ് ഐസക്കിന് ഒരെണ്ണം കൈയ്യില്‍ അധികം വച്ചു നല്‍കി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കാന്‍ സ്വാമി നിര്‍ദ്ദേശിക്കുകയും ചെയ്തു.
പ്രസാദം സ്വീകരിച്ച് തൊഴുത ശേഷമാണ് ഇരുവരും മടങ്ങിയത് .സംസ്ഥാന അതിഥിയായ മഠാധിപതിയെ വൈകീട്ട് മൂന്നരയോടെ പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് യാത്രയാക്കിയത് .സ്വാമിയും ഉത്തരാധികാരിയായ സ്വാമി വിധുഭാരതിയും വിജയ യാത്ര നടത്തിവരികയാണ് .ഇതിന്റെ ഭാഗമായിട്ടാണ് ആലപ്പുഴയില്‍ എത്തിയത് .
ഏതായാലും സോഷ്യല്‍മീഡിയയില്‍ രണ്ടു ചിത്രങ്ങളും തമ്മില്‍ ബന്ധപ്പെടുത്തി പോസ്റ്റുകള്‍ കാണാം.ഒരിടത്ത് കടകംപള്ളി സുരേന്ദ്രന്‍ സിംഹാസനം നീക്കം ചെയ്യുന്നതും മറ്റൊരിടത്ത് രണ്ടു മന്ത്രിമാര്‍ സ്വാമിയെ തൊഴുകൈയ്യോടെ നോക്കുന്നതും.ആലപ്പുഴയിലെത്തിയ സ്വാമിയ്ക്ക് ഔദ്യോഗികമായി മന്ത്രിമാര്‍ നല്‍കേണ്ട സ്വീകരണമാണ് നടത്തിയത് .ഇതിനെ വിമര്‍ശിക്കേണ്ടെന്നും സഖാക്കള്‍ പറയുന്നു.