മണിയുടെ ഓര്‍മ്മകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും; ആയിരങ്ങള്‍ ഒത്തുചേര്‍ന്ന അനുസ്മരണത്തില്‍ കണ്ണീരോടെ സിനിമാ ലോകം

ചാലക്കുടി: മണിയുടെ കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മകളില്‍ അവര്‍ ഒത്തുകൂടി. മലയാളത്തിന്റെ  താര രാജക്കാന്‍മ ഉള്‍പ്പെടെ മണിക്ക് വേണ്ടി ഒത്തുകൂടി. ചാലക്കുടിക്ക് മുഴുവന്‍ ഓര്‍മകളിലൂടെ നാട്ടുകാരനായ കലാകാരനെ ഓര്‍ത്തെടുക്കാനുള്ള ദിനമായിരുന്നു ഇന്നലെ. കലാഭവന്‍ മണിയുടെ ഓര്‍മകളില്‍ കണ്ഠമിടറി, വാക്കുകള്‍ മുറിഞ്ഞു താരങ്ങളും ജനപ്രതിനിധികളും സുഹൃത്തുക്കളും പ്രിയ താരത്തെ ഓര്‍ത്തു. കാര്‍മല്‍ സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ ആയിരങ്ങളാണ് മണിയെ അനുസ്മരിക്കാന്‍ എത്തിയത്.

ഇന്നസെന്റ് എംപി, ബി.ഡി. ദേവസി എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍, ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, തമിഴ്‌നടന്‍ വിക്രം, സംവിധായകന്‍ കമല്‍, ലാല്‍ ജോസ്, സിബി മലയില്‍, കരുണാസ്, ഹരിശ്രീ അശോകന്‍, ആസിഫ് അലി, നരേന്‍, ഉണ്ടപക്രു, ഭാഗ്യലക്ഷ്മി, ലിജോ പെല്ലിശേരി, മുന്‍ കലക്ടര്‍ വിശ്വംഭരന്‍, കോട്ടയം നസീര്‍, ഐ.എം. വിജയന്‍, ബിനീഷ് കോടിയേരി, സുരാജ് വെഞ്ഞാറമൂട്, മേജര്‍ രവി, സുരേഷ് കൃഷ്ണ തുടങ്ങിയവരും പങ്കെടുത്തു. മണി പഠിച്ച ചാലക്കുടി സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂളിനു മണിയുടെ പേര്‍ നല്‍കണമെന്ന് യോഗത്തില്‍ സമന്വയസാംസ്‌കാരിക വേദി നഗരസഭ ചെയര്‍പേഴ്‌സണോടു പ്രമേയത്തിലൂടെ ആഭ്യര്‍ഥിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തരത്തിലുള്ളൊരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയത് ഏറ്റവും സങ്കടമുള്ള കാര്യമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സത്യസന്ധതയുടെ, സ്‌നേഹത്തിന്റെ, നന്മയുടെ സ്‌നേഹിതനെയാണ് നഷ്ടമായത്. മണി തനിക്കു കുറെ നല്ല ഭക്ഷണം പാകം ചെയ്ത് തന്നിട്ടുണ്ട്. തന്നോട് മണിക്ക് സ്‌നേഹമായിരുന്നു, ബഹുമാനമായിരുന്നു. ഇങ്ങനെയുള്ള സ്‌നേഹിതരെ കണ്ടുകിട്ടുക അത്ര എളുപ്പമല്ലെന്നും ലാല്‍ പറഞ്ഞു. മണിയുടെ ദുഃഖത്തില്‍ പങ്കുചേരാന്‍ മാത്രമല്ല തന്റെ ദുഃഖത്തില്‍ നിങ്ങളെ കൂടി പങ്കുചേര്‍ക്കാനാണ് താനിവിടെ എത്തിയതെന്ന് മമ്മൂട്ടി പറഞ്ഞു. സഹോദരനായും ജേഷ്ഠനായും മണി തന്നേയും താന്‍ മണിയേയും സ്‌നേഹിച്ചിരുന്നു. ആ ഓര്‍മ എന്നും മനസില്‍ സൂക്ഷിക്കാനാണ് തനിക്ക് ഇഷ്ടം. ഒരു ഞെട്ടലോടെ മാത്രമാണ് മണിയുടെ മരണം തനിക്ക് ഓര്‍ക്കാനാകൂവെന്നും മമ്മൂട്ടി പറഞ്ഞു.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ കണ്ടാണ് മണിയെ കൂടുതല്‍ അറിയുന്നതെന്ന് തമിഴ് സൂപ്പര്‍താരം വിക്രം പറഞ്ഞു. ജമിനിയില്‍ വില്ലനായി മണിയെ വിളിച്ചതും ഈ അഭിനയ മികവ് കണ്ടിട്ടാണ്. എവിടെ വച്ചു കണ്ടാലും ആദ്യകാലത്തെ ആദരവ് മണി എപ്പോഴും കാണിച്ചിരുന്നു. മാസങ്ങള്‍ക്കു മുമ്പ് ചാലക്കുടിയിലെത്തിയപ്പോള്‍ മണി വീട്ടിലേക്ക് ക്ഷണിച്ചു. എന്നാല്‍ മണി തന്നെ കൂട്ടികൊണ്ടു പോയത് മണിയുടെ പഴയ വീട്ടിലേക്കായിരുന്നു. പുതിയ വീടിന്റെ പത്രാസ് കാണിക്കാതെ വന്ന വഴി മറക്കാത്ത മണി തന്നെ പഴയ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയത് എനിക്ക് അദ്ഭുതമാണ് നല്‍കിയതെന്നും വിക്രം പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് മണി തന്നെ കാര്യമായി സഹായിച്ചിട്ടുണ്ടെന്ന് ഇന്നസെന്റ് എംപി. പറഞ്ഞു. എംപിയായാല്‍ തന്റെ നാട്ടുകാരായ വയോധികര്‍ക്ക് വൈകുന്നേരങ്ങളില്‍ സമയം ചെലവിടാനായി ഒരു സ്ഥാപനം ആരംഭിക്കണമെന്ന് മണി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം 17 ലക്ഷം രൂപ ചെലവില്‍ നഗരസഭയില്‍ വയോധികമന്ദിരം നിര്‍മ്മിച്ച് താന്‍ വാക്കുപാലിച്ചുവെന്നും ഇന്നസെന്റ് പറഞ്ഞു

Top