നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച കേസ് അന്വേഷണവുമായി ബന്ധപ്പെട്ടുള്ള നുണപരിശോധന രണ്ടുദിവസങ്ങളിലായി നടത്തും. സിബിഐ ഉദ്യോഗസ്ഥര്‍ മണിയുടെ അടുത്ത സുഹൃത്തുക്കളേയും അദ്ദേഹത്തോട് അടുപ്പമുണ്ടായിരുന്നവരെയും ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി എറണാകുളം സിബിഐ ഓഫീസില്‍ വെച്ച് നുണ പരിശോധനയ്ക്ക് വിധേയരാക്കും.
മണിയുടെ മാനേജരായിരുന്ന ജോബി സെബാസ്റ്റ്യന്‍, മണിയുടെ ഭാര്യ നിമ്മിയുടെ ബന്ധു എം.ജി. വിപിന്‍, സുഹൃത്ത് സി.എ. അരുണ്‍, എന്നിവരെ ചൊവ്വാഴ്ചയും കെ.സി. മുരുകന്‍, അനില്‍കുമാര്‍ എന്നിവരെ ബുധനാഴ്ചയുമാണ് പരിശോധനയ്ക്ക് വിധേയരാക്കുക. സിനിമാതാരങ്ങളായ ജാഫര്‍ ഇടുക്കി, സാബുമോന്‍, എന്നിവരെയും പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട്.
2016 മാര്‍ച്ച് ആറിനാണ് മണി മരിച്ചത്. അദ്ദേഹത്തിന്റെ വീടിന് സമീപത്തെ പാഡിയിലെ ഔട്ട് ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. എന്നാല്‍ മണിയുടെ മരണത്തില്‍ സംശയമുണ്ടെന്നുള്ള ഭാര്യയുടേയും ബന്ധുക്കളുടേയും പരാതിയില്‍ ആദ്യം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത അന്വേഷണം പിന്നീട് സി ബി ഐ ഏറ്റെടുക്കുകയായിരുന്നു. 2017ല്‍ ആണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന രാസപരിശോധനാ ഫലമാണ് ദുരൂഹതയ്ക്കു വഴിയൊരുക്കിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന വിഷാംശം എങ്ങനെ മണിയുടെ ശരീരത്തില്‍ എത്തിയെന്നു കണ്ടെത്തുകയാണ് സിബിഐയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.