വാഷിങ്ടൻ: എൺപത്തിയഞ്ച് മിനിറ്റ് അമേരിക്കൻ ഭരണം എറ്റെടുത്ത് ഇന്ത്യൻ വംശജ കമല ഹാരിസ്. ഇതോടെ യു.എസ് പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയെന്ന ബഹുമതി കമല സ്വന്തമാക്കി. ആരോഗ്യ പരിശോധനകൾക്കായി പ്രഡിഡന്റ് ജോ ബൈഡനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് വൈസ് പ്രസിഡന്റായ കമല കുറച്ചു നേരത്തേക്ക് അമേരിക്കയുടെ ഭരണം കുറച്ചു സമയത്തേക്ക് ഏറ്റെടുത്തത്.
യുഎസ് സമയം രാവിലെ 10.10നായിരുന്നു അധികാരക്കെമാറ്റം. 11.35 ആയപ്പോൾ ബൈഡൻ തിരികെ പദവിയിൽ പ്രവേശിച്ചതായും വൈറ്റ് ഹൗസ് വ്യക്തമാക്കി. വെള്ളിയാഴ്ച പതിവ് കൊളോനോസ്കോപ്പിക്കായി ബൈഡനെ അനസ്തേഷ്യയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതോടെയാണ് കമല അല്പനേരത്തേക്ക് അധികാരം കൈയാളിയത്. വൈറ്റ് ഹൗസിലെ വെസ്റ്റ് വിംഗിലുള്ള ഓഫീസിൽ നിന്നാണ് ഹാരിസ് തൻറെ ചുമതലകൾ നിർവഹിച്ചതെന്ന് അധികൃതർ അറിയിച്ചു.
അമേരിക്കൻ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത സായുധ സേനകളുടെയും അണ്വായുധങ്ങളുടെയും നിയന്ത്രണാധികാരത്തിലെത്തുന്നത്. യുഎസ് വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് തമിഴ്നാട്ടിൽ കുടുംബവേരുകളുള്ള കമല ഹാരിസ്. ഇന്ത്യൻ വംശജരിൽ നിന്ന് ഒരാൾ യുഎസ് വൈസ് പ്രസിഡൻറായതും ആദ്യമായിട്ടാണ്.