ന്യൂഡൽഹി: മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക്. പത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായാണ് സൂചന. ഈ മാസം അവസാനം രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രാജി വെക്കാന്‍ തയ്യാറെടുക്കുന്നത്. എട്ട് ഭരണകക്ഷി എം.എൽ.എമാർ ഹരിയാനയിലെ ഗുരുഗ്രാമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ. നാല് കോൺഗ്രസ് എം.എൽ.എമാരും, നാല് സ്വതന്ത്രരുമാണ് ഹോട്ടലിലെത്തിയത്. മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും മുൻമന്ത്രിയും എം.എൽ.എയുമായ നരോത്തം മിശ്രയുടെയും നേതൃത്വത്തിൽ എം.എൽ.എമാരെ ബി.ജെ.പി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപണം.
പഞ്ചനക്ഷത്ര ഹോട്ടലിലുള്ള എം.എൽ.എമാരിൽ ഒരാളായ ബിസാഹുലാൽ സിംഗാണ് തന്നെ വിളിച്ച് വിവരമറിയിച്ചതെന്ന് മദ്ധ്യപ്രദേശ് മന്ത്രി തരുൺ തനോട്ട് പറയുന്നു. ‘ഹോട്ടലിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നും, പുറത്തേക്ക് പോകാൻ അനുമതിയില്ലെന്നുമായിരുന്നു ബിസാഹുലാൽ എന്നോട് പറഞ്ഞത്. ഫോൺകോൾ കിട്ടിയതിന് പിന്നാലെ രണ്ട് മന്ത്രിമാർ ഹോട്ടലിൽ എത്തിയെങ്കിലും അകത്തേക്ക് കയറാൻ അനുമതി നൽകിയില്ല’- തരുൺ തനോട്ട് പറഞ്ഞു.എം.എൽ.എമാരെ വിലയ്ക്കുവാങ്ങാൻ ബി.ജെ.പി ശ്രമിക്കുന്നതായി കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് നേരത്തെ ആരോപിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നരോത്തം മിശ്രയും കോൺഗ്രസ് എം.എൽ.എമാർക്ക് 25 മുതൽ 35 ലക്ഷം രൂപവരെ വാഗ്‌ദാനം ചെയ്തെന്നായിരുന്നു ദിഗ്‌വിജയ് സിംഗിന്റെ ആരോപണം.
ഗ്വാളിയര്‍, ചമ്പല്‍, ബുധേല്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളാണ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്. നിലവില്‍ ഇവര്‍ ഡല്‍ഹിയിലാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കുമെന്ന ആശങ്കയില്‍ ബിജെപി എംഎല്‍എമാരെ ‘ഓപ്പറേഷന്‍ പഞ്ചി’ലൂടെ കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ആറോളം ബിജെപി നേതാക്കളുമായി കോണ്‍ഗ്രസ് ബന്ധപ്പെടാന്‍ ശ്രമിച്ചെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഇന്നലെ അര്‍ധരാത്രിയോടെ ഭരണകക്ഷിയിലെ 8 എംഎല്‍എമാരെ ബിജെപി റിസോര്‍ട്ടിലേക്ക് മാറ്റിയെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്. 4 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ബിജെപി ഗുരുഗ്രാമിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. മധ്യപ്രദേശില്‍ ‘കര്‍ണാടക’ ആവര്‍ത്തിക്കുമെന്ന ചര്‍ച്ചക സജീവമായതോടെ മഹാരാഷ്ട്രയിലും അധികാരം പിടിക്കാനുള്ള നീക്കങ്ങള്‍ ബിജെപി പുറത്തെടുക്കുകയാണെന്നാണ് സൂചന.