കഞ്ചാവ് ഉപയോഗത്തെ നിയമാനുസൃതമാക്കിക്കൊണ്ടുള്ള ഉത്തരവിന് കാനഡ അംഗീകാരം നല്‍കി. ഇതോടെ കാനഡയില്‍ ഇനി കഞ്ചാവ് ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും കാനഡയില്‍ കുറ്റകരമല്ലാതായി. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഇതു സംബന്ധിച്ച നിയമം പ്രാബല്യത്തിലായത്. ഇതോടെ കഞ്ചാവ് ഉപയോഗം നിയമപരമായി മാറുന്ന ലോകത്തെ രണ്ടാമത്തെ രാഷ്ട്രമായി കാനഡ. യുറഗ്വായ് ആണ് ആദ്യരാജ്യം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 30 ഗ്രാം വരെ കഞ്ചാവ് കൈവശംവയ്ക്കാനും കൈമാറാനുമുള്ള സ്വാതന്ത്ര്യമാണ് പുതിയ നിയമം നല്‍കുന്നത്.
വീട്ടില്‍ നാലു കഞ്ചാവു ചെടികള്‍ വരെ വളര്‍ത്താനും സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍ പോലെയുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനും നിയമം അധികാരം നല്‍കുന്നുണ്ട്. അതേസമയം, 18 വയസ്സിനു താഴെയുള്ളവര്‍ കഞ്ചാവ് ഉല്‍പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതും കുറ്റകരമായി തുടരും. 14 വര്‍ഷം തടവുള്‍പ്പെടെയുള്ള കടുത്ത ശിക്ഷയാണ് നിയമലംഘകര്‍ക്ക് ലഭിക്കുക. ആരോഗ്യം, നിയമം, പൊതുസുരക്ഷ എന്നിവയെ പുതിയ മാറ്റം ഏതുതരത്തില്‍ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് കാനഡയില്‍ കഞ്ചാവ് വില്‍പനകേന്ദ്രങ്ങള്‍ ബുധനാഴ്ച അര്‍ധരാത്രി മുതല്‍ പ്രവര്‍ത്തനമാരംഭിച്ചത്.
നിയമപരമായ വില്‍പന എന്ന ആശയം ശൈശവ ദിശയിലായതിനാല്‍ ആദ്യ വര്‍ഷം കഞ്ചാവിന്റെ ലഭ്യത കുറവാകാനാണ് സാധ്യതയെന്നാണ് പൊതു നിഗമനം. കഞ്ചാവ് ഉല്‍പാദനവും ലൈസന്‍സ് നല്‍കുന്ന പ്രക്രിയയും വിപണിയിലെ ആവശ്യത്തിനനുസരിച്ചു ക്രമപ്പെടുത്തേണ്ടതുമുണ്ട്. കഞ്ചാവു വില്‍പന കേന്ദ്രങ്ങളുടെ എണ്ണം ആദ്യ ഘട്ടത്തില്‍ കുറവായിരിക്കും. 111 എണ്ണമാണ് ആദ്യം തുറക്കുക. ഇ-മെയില്‍ വഴി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് കഞ്ചാവ് വീട്ടിലെത്തിക്കുന്ന സംവിധാനത്തിനു പുറമെയാണിത്. കഞ്ചാവിന്റെ ഉപയോഗം ഏറ്റവും കൂടുതലുള്ള പ്രവിശ്യകളിലൊന്നായ ബ്രിട്ടിഷ് കൊളംബിയയില്‍ ഒരു ഔദ്യോഗിക വില്‍പനകേന്ദ്രം മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന പ്രവിശ്യകളിലൊന്നായ ഒണ്‍ടാരിയോയില്‍ അടുത്ത വസന്തകാലത്തു മാത്രമെ ഔദ്യോഗിക വില്‍പനകേന്ദ്രങ്ങള്‍ ആരംഭിക്കുകയുള്ളൂ. കഞ്ചാവ് എണ്ണ, ചെടികള്‍, ഉണക്കിയ കഞ്ചാവ്, കുരു എന്നിവയാകും വില്‍പനകേന്ദ്രങ്ങളില്‍ ലഭിക്കുക.
കഞ്ചാവ് കലര്‍ന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ആദ്യ വര്‍ഷം വിപണിയിലെത്തില്ല. ഒരോ ഉല്‍പന്നത്തിനും തനതായ ചട്ടങ്ങള്‍ക്കു രൂപം നല്‍കാന്‍ സര്‍ക്കാരിനെ സഹായിക്കാനാണ് ഒരു വര്‍ഷത്തെ ഇടവേള. ആവശ്യത്തിന് വില്‍പനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതു വരെ നിലവിലെ അനധികൃത വില്‍പന കേന്ദ്രങ്ങള്‍ തുടരാനാണ് സാധ്യത. ഇവയ്‌ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമോ അതോ കണ്ടില്ലെന്നു നടിക്കുമോയെന്ന് ഇനിയും വ്യക്തമല്ല.
പ്രവിശ്യ സര്‍ക്കാരുകളാണ് വിപണന കേന്ദ്രങ്ങള്‍ സംബന്ധിച്ച തീരുമാനം കൈകൊള്ളുക. ചില പ്രവിശ്യകളില്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് ഇത്തരം കേന്ദ്രങ്ങള്‍ നടത്തുമ്പോള്‍ ചിലയിടത്ത് സ്വകാര്യ ഏജന്‍സികള്‍ക്കു കേന്ദ്രങ്ങള്‍ കൈമാറിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ വിപണന കേന്ദ്രങ്ങളുള്ള പ്രവിശ്യകളുമുണ്ട്. എന്നാല്‍ കഞ്ചാവു വില്‍പന നിയമപരമാക്കിയതിലെ ആശങ്കകളും ഒത്തിരിപേര്‍ പങ്ക് വയ്ക്കുന്നുണ്ട്. കഞ്ചാവു വില്‍പന നിയമപരമാക്കുന്നതിലുള്ള ആശങ്ക ആദ്യം പ്രകടമാക്കിയത് ആരോഗ്യരംഗത്തുള്ളവരാണ്. കഞ്ചാവ് ഉല്‍പാദകരുടെ ലാഭവും നികുതി വരുമാനവും ഉയര്‍ത്തിക്കാട്ടി പൊതുജന ആരോഗ്യത്തെ നിസാരവല്‍ക്കരിക്കുന്ന നിയന്ത്രണമില്ലാത്ത പരീക്ഷണമെന്നാണ് പുതിയ നിയമത്തെ കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിശേഷിപ്പിക്കുന്നത്. ട്രാഫിക് നിയമങ്ങളില്‍ സര്‍ക്കാര്‍ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും കഞ്ചാവ് ഉപയോഗിച്ചു വണ്ടിയോടിക്കുന്നവര്‍ക്കെതിരെ പൊലീസ് ഏതു രീതിയില്‍ നീങ്ങുമെന്നതു സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നു.
സ്‌ക്രീനിങ് സാങ്കേതിക വിദ്യ എത്രത്തോളം വിശ്വാസയോഗ്യമാണെന്ന ആശങ്കയും നിലനില്‍ക്കുന്നു. കോടതികളില്‍ കേസിന്റെ തള്ളിക്കയറ്റത്തിന് ഇതു കാരണമായേക്കുമെന്ന സംശയമാണ് ബന്ധപ്പെട്ടവര്‍ പങ്കുവയ്ക്കുന്നത്. അതേസമയം കുട്ടികളില്‍ കഞ്ചാവ് എത്തുന്നത് തടയുകയും കഞ്ചാവ് ഉപയോഗത്തെ തുടര്‍ന്നുള്ള കുറ്റകൃത്യങ്ങള്‍ കുറയ്ക്കുകയുമാണ് പുതിയ പരിഷ്‌കാരത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. അധികാരത്തിലുള്ള ലിബറല്‍ പാര്‍ട്ടി 2015ല്‍ തിരഞ്ഞെടുപ്പു വാഗ്ദാനമായി മുന്നോട്ടുവച്ചതായിരുന്നു കഞ്ചാവ് വില്‍പനയ്ക്കുള്ള നിയമപരിരക്ഷ എന്ന ആശയം.
ലോകത്തില്‍തന്നെ ഏറ്റവും കൂടുതല്‍ കഞ്ചാവ് ഉപയോഗിക്കുന്നവര്‍ കാനഡക്കാരാണെന്നും കഞ്ചാവ് ഉപയോഗം കുറ്റകരമായി കാണുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിയമങ്ങള്‍ ഫലപ്രദമല്ലെന്നാണ് ഇതുകാണിക്കുന്നതെന്നുമാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നിലപാട്. കഞ്ചാവ് കൈവശം വയ്ക്കുന്നത് 1923 മുതല്‍ കുറ്റകൃത്യമാണെങ്കിലും 2001ല്‍ ഔഷധാവശ്യങ്ങള്‍ക്കായുള്ള കഞ്ചാവിന്റെ ഉപയോഗം നിയമാനുസൃതമാക്കി. നാലു ബില്യന്‍ ഡോളറാണ് പ്രതിവര്‍ഷം കഞ്ചാവു വില്‍പനയിലൂടെ നികുതി വരുമാനം പ്രതീക്ഷിക്കുന്നത്.