കണ്ണൂര്‍: പുതുതലമുറയില്‍ പലര്‍ക്കും അറിയാത്ത ഒരു ചരിത്രത്തിന്റെ ശേഷിപ്പായി ഒരു ചിത്രം പി.കെ.ശ്രീമതി എംപി സൂക്ഷിക്കുന്നുണ്ട്. 83 വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാറ്റ എയര്‍ സര്‍വീസസ് നല്‍കിയ പരസ്യം. അക്കാലത്ത് എല്ലാ ബുധനാഴ്ചകളിലും വിമാനം പറന്നിറങ്ങിയിരുന്ന നഗരമായിരുന്നു കണ്ണൂര്‍ എന്ന ചരിത്രസത്യം. ടാറ്റ എയര്‍ സര്‍വീസസിന്റെ മുംബൈ (പഴയ ബോംബെ) – തിരുവനന്തപുരം വിമാനത്തിന് ഗോവയിലും കണ്ണൂരിലുമാണു സ്റ്റോപ്പ് ഉണ്ടായിരുന്നത്. മുംബൈയില്‍ നിന്നു കണ്ണൂരിലേക്കു 135 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഗോവയില്‍നിന്നാകട്ടെ, 75 രൂപ ടിക്കറ്റില്‍ കണ്ണൂരിലെത്താമായിരുന്നു.
തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ ആവശ്യപ്രകാരമായിരുന്നു ടാറ്റ വിമാന സര്‍വീസ് തുടങ്ങിയത്. പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി എന്നിവരാണ് കണ്ണൂരില്‍ വിമാനം ഇറങ്ങിയതിനെക്കുറിച്ച് എംപിയോടു പറയുന്നത്. അവരില്‍ നിന്ന് അതിന്റെ ചിത്രം പി.കെ.ശ്രീമതി ശേഖരിക്കുകയായിരുന്നു. ടാറ്റ എയര്‍ സര്‍വീസിന്റെ ചരിത്രത്തിലും കണ്ണൂരില്‍ വിമാനമിറക്കിയതിനെക്കുറിച്ചു വിവരിക്കുന്നുണ്ട്. കണ്ണൂരില്‍ വിമാനം ഇറങ്ങാന്‍ പാകത്തിനുള്ള സ്ഥലം അന്ന് കോട്ടമൈതാനം മാത്രമായിരുന്നു. അതായിരുന്നു കണ്ണൂരിന്റെ ആദ്യ റണ്‍വേ. ഗോവയിലും കണ്ണൂരിലും സ്റ്റോപ്പുണ്ടായിരുന്ന വിമാനത്തിന് രണ്ടിടത്തും ടിക്കറ്റ് ബുക്കിങ് ഏജന്റുമാരെയും ടാറ്റ എയര്‍ സര്‍വീസസ് ചുമതലപ്പെടുത്തിയിരുന്നു.
1932ല്‍ കറാച്ചിയില്‍നിന്നു മുംബൈയിലേക്കു കത്തുകളുമായി വിമാനം പറത്തിയാണു ടാറ്റ എയര്‍ സര്‍വീസസിന്റെ തുടക്കം. 1946ല്‍ ടാറ്റ എയര്‍ലൈന്‍സ് പൊതുമേഖലയില്‍ എയര്‍ ഇന്ത്യയായും പിന്നീട് എയര്‍ ഇന്ത്യ ഇന്റര്‍നാഷനലായും മാറി. 1933ല്‍ കറാച്ചി – മദ്രാസ് സര്‍വീസ് വിജയകരമായതോടെയാണ് മുംബൈ – തിരുവനന്തപുരം വിമാന സര്‍വീസ് ആരംഭിക്കുന്നത്. മുംബൈയില്‍ നിന്നു രാവിലെ 6.30നു പുറപ്പെട്ട് രാവിലെ ഒന്‍പതിനു ഗോവയില്‍ ഇറങ്ങി, അരമണിക്കൂറിനുശേഷം കണ്ണൂരിലേക്കു പുറപ്പെട്ടു. വൈകിട്ടു നാലരയോടെ തിരുവനന്തപുരത്തു വിമാനമിറക്കി. ജെ.ആര്‍.ഡി.ടാറ്റയുടെ സുഹൃത്തുക്കളും മുംബൈയിലെ വ്യാപാരിയായിരുന്ന ജാല്‍ നവറോജിയും സേഥ് കാഞ്ചി ദ്വാരകാദാസുമായിരുന്നു ആദ്യ യാത്രക്കാര്‍.