കണ്ണൂർ വിമാനത്താവളം ജനങ്ങൾക്ക് കാണാൻ തുറന്ന് കൊടുത്തതോടെ കാഴ്ച്ചക്കാർ പതിനായിരവും കടന്ന് ലക്ഷങ്ങളിലേക്ക്. ഇതിനിടെ പാർക്കിങ്ങിൽ ഉണ്ടായ തീപിടുത്തം എല്ലാവരേയും പരിഭ്രാന്തരാക്കി.രാവിലെ 9നു തന്നെ പ്രധാന കവാടം വാഹനങ്ങൾ കൊണ്ട് നിറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ ഗേറ്റ് തുറന്നതോടെ സന്ദർശകർ ഉള്ളിലേക്ക് കടന്നു. സ്കൂളുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ആളുകൾ കൂട്ടത്തോടെ എത്തി. ടെർമിനൽ കവാടത്തിൽ ക്യൂ പാലിച്ചാണു പ്രവേശനം. ഇതിനിടെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിനാണ് തീപിടിച്ചത്.
മറ്റു വാഹനങ്ങളിലും റോഡിലും പാസഞ്ചർ ടെർമിനൽ ബിൽഡിങ്ങിനു പുറത്തും കൂടിനിന്നവർ സംഭവസ്ഥലത്തു തടിച്ചുകൂടി.എന്നാൽ തീ അണക്കാൻ വേണ്ട സംവിധാനം ഇല്ലാതിരുന്നത് വിമാനത്താവളത്തിന്റെ പോരായ്മയായി. വിമാനത്താവളത്തിൽ സ്വന്തമായി ഫയർ യൂണിറ്റ് സജ്ജമല്ലായിരുന്നു. തീ മറ്റ് വാഹനത്തിൽ പടരുന്നത് തടയാൻ വിമാനത്താവളത്തിൽ പൂന്തോട്ടം നനക്കുന്ന ജീവനക്കാർ സമയത്ത് ഇടപെടുകയായിരുന്നു. ഇതിനിടെ വിമാനത്താവളത്തിലേക്ക് കുതിച്ച ഫയർ സർവീസിന്റെ ലോറി മട്ടന്നൂർ നഗരത്തിലെ ഗതാഗത കുരുക്കിൽ കുടുങ്ങി കിടക്കുകയായിരുന്നു.
സംഭവസമയത്ത് വിമാനത്താവളത്തിനകത്തു പാർക്കിങ്ങിലും റോഡ് അരികിലുമായി രണ്ടായിരത്തോളം വാഹനങ്ങളും പതിനായിരത്തിൽ പരം ജനങ്ങളും തടിച്ചു കൂടിയിരുന്നു. വളരെ അടുത്തടുത്താണ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. കൃത്യസമയത്ത് തീയണയ്ക്കാൻ കഴിഞ്ഞതുകൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്. തീപടർന്ന സമയം പ്രധാന കവാടം സിഐഎസ്എഫുകാരുടെ നേതൃത്വത്തിൽ അടച്ചിട്ടു. തീയണച്ചതിനു ശേഷമാണ് സന്ദർശകർക്കായി വീണ്ടും തുറന്നുകൊടുത്തത്.