കണ്ണൂരില്‍ ഇടതിനു മുന്‍തൂക്കം!..കണ്ണൂര്‍ കണ്ണുംനട്ട് മുന്നണികള്‍,സുമാ ബാലകൃഷ്ണനെ മുന്നില്‍ നിര്‍ത്തി യു.ഡി.എഫ്

കണ്ണൂര്‍: പുതുതായി രൂപംകൊണ്ട കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പോര് മുറുകുന്നു .കണ്ണൂര്‍ ചുവപ്പിക്കും എന്ന ലക്ഷ്യവുമായി സി.പി.എം പോരാട്ടത്തിനു കോപ്പുകൂട്ടുന്നു.വിട്ടുകൊടുക്കില്ല എന്നുറപ്പിച്ച് യു.ഡി എഫും തിരഞ്ഞെടുപ്പു രംഗത്തു സജീവമായിരിക്കുമ്പോള്‍ പോരാട്ടം കനക്കും എന്നുള്ളതില്‍ സംശയമില്ല.ഇരു മുന്നണികളും ബി.ജെ.പിയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരിക്കയാണ്. കഴിഞ്ഞദിവസം കണ്ണൂര്‍ ഗസ്റ്റ് ഹൗസിലാണ് യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. അഴീക്കോടന്‍ മന്ദിരത്തില്‍ എല്‍.ഡി.എഫിന്റെ ചര്‍ച്ച അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. മുന്നണികളിലെ കക്ഷികള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകളും നടന്നുവരുന്നു. യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുക കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണനെയായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. എല്‍.ഡി.എഫ് പരിഗണിക്കുന്നവരില്‍ എടക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രകാശിനിയുടെ പേരിനാണ് മുന്‍ഗണന.suma balakrishnan kpcc
പ്രവര്‍ത്തന പരിചയവും ജനകീയതയും കാര്യപ്രാപ്തിയും അടിസ്ഥാനമാക്കിയാണ് സുമാ ബാലകൃഷ്ണനെ കോണ്‍ഗ്രസ് മുന്നില്‍ നിറുത്തുന്നത്. ചേലോറ സ്വദേശിനിയായ സുമയ്ക്ക് രണ്ടുതവണ മത്സരിച്ച് ജയിച്ച പാരമ്പര്യമുണ്ട്. മഹിളാ കോണ്‍ഗ്രസ് ഭാരവാഹിയായതിനു ശേഷം മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകയായി. എ.ഐ.സി.സി അംഗവുമായിരുന്നു. ആ നിലയ്ക്ക് സുമാ ബാലകൃഷ്ണനെയല്ലാതെ മറ്റൊരാളെ കോണ്‍ഗ്രസിന് പരിഗണിക്കാനാവില്ല. സുമ മത്സരരംഗത്തില്ലെങ്കില്‍ മാത്രമേ മറ്റ് പേരുകള്‍ക്ക് പ്രസക്തിയുള്ളൂവെന്നാണ് നേതാക്കള്‍ പറയുന്നത്.കോര്‍പ്പറേഷന്‍ പരിധിയില്‍ സി.പി.എമ്മിന് ഭരണപരിചയം ഏറെയുള്ള വനിത എന്ന നിലയ്ക്കാണ് വി.കെ. പ്രകാശിനിയെ മുഖ്യമായും പാര്‍ട്ടി പരിഗണിക്കുന്നത്. എന്നാല്‍ പുതുമുഖങ്ങളെ അവതരിപ്പിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനമെങ്കില്‍ മാത്രമേ പ്രകാശിനിയുടെ സാദ്ധ്യതയ്ക്ക് മങ്ങലേല്‍ക്കൂ. ഭരണപരിചയവും ജനകീയതയുമാണ് പ്രകാശിനിയുടെ സാദ്ധ്യതയ്ക്ക് എല്ലാവരും മുന്‍തൂക്കം കല്‍പ്പിക്കുന്നത്.

കോര്‍പ്പറേഷനില്‍ മുന്നണികളെയും ബി.ജെ.പിയെയും സംബന്ധിച്ച് അഗ്നിപരീക്ഷണമാണ്. വിജയക്കൊടി പാറിക്കാന്‍ യു.ഡി.എഫും എല്‍.ഡി.എഫും ഇഞ്ചോടിച്ച് പൊരുതാനിറങ്ങുമ്പോള്‍ രണ്ടോ മൂന്നോ ഡിവിഷനുകളിലെങ്കിലും പ്രാതിനിധ്യം ഉറപ്പിക്കാനുള്ള തന്ത്രപരമായ നീക്കത്തിലാണ് ബി.ജെ.പി. സ്ഥാനാര്‍ത്ഥി ലിസ്റ്റിന് ഏതാനും ദിവസം മുമ്പു തന്നെ രൂപം നല്‍കിക്കഴിഞ്ഞതായാണ് ബി.ജെ.പി ജില്ലാ നേതൃത്വം പറയുന്നത്. പലരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് നേരത്തെ തിരഞ്ഞെടുപ്പ് എത്തിയത് മുന്നണി നേതൃത്വങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും വിനയായി. നിശ്ചിത സമയത്തിനകം തന്നെ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കാനുള്ള തത്രപ്പാടിലാണ് പാര്‍ട്ടികള്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ജില്ലയില്‍ നേരത്തെ നിശ്ചയിച്ചിരുന്ന ജനരക്ഷായാത്ര മാറ്റിവച്ചുകൊണ്ടാണ് കോണ്‍ഗ്രസും യു.ഡി.എഫും സീറ്റ് വിഭജന ചര്‍ച്ചയിലേക്ക് കടന്നത്. എല്ലാ നിയോജക മണ്ഡലം അടിസ്ഥാനത്തിലും കോണ്‍ഗ്രസ് പ്രത്യേകമായി തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കുന്നുണ്ട്.
കണ്ണൂരിന്റെ മുഖച്ഛായ മാറ്റാന്‍ എല്‍.ഡി.എഫ് വികസനരേഖ തയ്യാറാക്കുകയാണ്. സി.പി.എം കമ്മിറ്റികള്‍ ബ്രാഞ്ച് തലത്തില്‍ യോഗം ചേര്‍ന്നു. പ്രചാരണ രംഗത്ത് എല്‍.ഡി.എഫിന് ഇപ്പോള്‍ നേരിയ മുന്‍തൂക്കമുണ്ടെന്നു പറയാം. ഇതുമായി ബന്ധപ്പെട്ട് എട്ടിന് വൈകിട്ട് കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ടി.എം. തോമസ് ഐസക് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 55 ഡിവിഷനുകളിലെ വികസന പ്രവര്‍ത്തനങ്ങളാകെ ക്രോഡീകരിക്കുന്ന വികസന രേഖയായിരിക്കും ഇതെന്നാണ് മുന്നണി നേതൃത്വം അവകാശപ്പെടുന്നത്.
കോര്‍പ്പറേഷന്‍ വരുതിയിലാക്കാന്‍ എല്‍.ഡി.എഫും ഇതുവരെ നഗരസഭാ ഭരണത്തിന്റെ കുത്തക അവകാശപ്പെട്ടിരുന്ന യു.ഡി.എഫും പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ഇരുമുന്നണികളും മികച്ച സ്ഥാനാര്‍ത്ഥികളെയാണ് തേടുന്നത്.കോര്‍പ്പറേഷന്‍ പരിധിയില്‍ പലേടത്തും യു.ഡി.എഫിലെ പ്രബല കക്ഷികളായ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതക്ക് ഇനിയും പരിഹാരമായിട്ടില്ല. ഇത് സീറ്റ് വിഭജന ചര്‍ച്ചയ്ക്ക് വലിയ തലവേദന സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. കോര്‍പ്പറേഷന്‍ പരിധിയിലുള്ള പള്ളിക്കുന്ന് പഞ്ചായത്തിലും ചാലാടുമെല്ലാം ഇരു പാര്‍ട്ടികളും തമ്മിലുള്ള ഭിന്നത രൂക്ഷമാണ്.സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കുമ്പോള്‍ യു.ഡി.എഫിലെ പ്രശ്നങ്ങള്‍ എല്‍.ഡി.എഫിനുണ്ടാകില്ലെന്നാണ് കരുതുന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top