കേരളാ പോലീസ് പോലീസിന്റെ സോഷ്യല്‍മീഡിയയിലെ ഇടപെടല്‍ ചെറുതൊന്നുമല്ല. കണ്ണൂരില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പുതിയ വഴികളിലൂടെ സഞ്ചരിച്ചിരിക്കുകയാണ് പോലീസ്. പെണ്‍കുട്ടിയുടെ ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും കണ്ടെത്തി പിന്തുടര്‍ന്ന പോലീസ് എത്തിപ്പെട്ടതു മഹാരാഷ്ട്രയിലെ ഒരു ആദിവാസിഗ്രാമത്തിലാണ്.
തനിക്ക് സാമൂഹികപ്രവര്‍ത്തനത്തിനാണ് താത്പര്യം. നാട്ടുകാരുടെ പരദൂഷണം കേള്‍ക്കേണ്ട. ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് തന്റെ ലക്ഷ്യം എന്നും കുട്ടി പോലീസിനോട് പറഞ്ഞു.എങ്കിലും പിതാവിന്റെ പരാതിയുള്ളതിനാല്‍ പെണ്‍കുട്ടിയെ നാട്ടിലെത്തിച്ചു വീട്ടുകാര്‍ക്കു കൈമാറി. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി കിട്ടിയ ഉടന്‍ സുഹൃത്തുക്കളെയും സഹപാഠികളെയും പോലീസ് ബന്ധപ്പെട്ടിരുന്നു. പരാതി കിട്ടിയ സമയം മുതല്‍ കുട്ടിക്കായുള്ള തെരച്ചിലിലായിരുന്നു പോലീസ്. കുട്ടിക്കു പ്രണയമോ അതുമായി ബന്ധപ്പെട്ട ഒളിച്ചോട്ട സാധ്യതയോ ഇല്ലെന്നു പോലീസിന് കണ്ടെത്തിയിരുന്നു.
ഫേസ്ബുക്, വാട്സാപ് തുടങ്ങിയവ പെണ്‍കുട്ടി ഉപയോഗിച്ചിരുന്നുവെങ്കിലും അപ്രത്യക്ഷയാകുന്നതിനു മുമ്പ് എല്ലാം ഡിലീറ്റ് ചെയ്തിരുന്നു. തിരിച്ചു വരില്ലെന്നു തീരുമാനിച്ചാണു പെണ്‍കുട്ടി പോയത് എന്നു മനസ്സിലാക്കിയ പോലീസ് ഒടുവില്‍ മനശാസ്ത്രപരമായ അന്വേഷണത്തിലേക്കു തിരിഞ്ഞു. വിദഗ്ധരുടെ സഹായത്തോടെ കുട്ടിയുടെ ഫേസ്ബുക് ഇടപെടലുകളും ലൈക്കുകളും വീണ്ടെടുത്തു പരിശോധിച്ചു.
സാമൂഹിക പ്രവര്‍ത്തനത്തില്‍ തല്‍പരയായിരുന്നുവെന്നു മനസ്സിലാക്കി. വിശദമായ അന്വേഷണത്തിനൊടുവില്‍, മഹാരാഷ്ട്രയിലെ ഉള്‍പ്രദേശത്തെ ഒരു ആശ്രമത്തില്‍ നിന്നു മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെയാണ് ഒടുവില്‍ കുട്ടിയെ കണ്ടെത്തിയത്. സ്ത്രീകളുടെയും ആദിവാസികളുടെയും ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനാണത്രെ പെണ്‍കുട്ടി അവിടെ എത്തിയത്.