കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കേ വിമാനത്താവളത്തിലെ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോടികളുടെ കോഴയാരോപണം. യുഡിഎഫിലെ പ്രബല കക്ഷിയായ ലീഗാണ് ജീവനക്കാരെ നിയമിക്കുന്നതില്‍ കോഴക്കളി നടത്തുന്നതെന്നാണ് പരാതി.
നിലവില്‍ നിരവധി തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ച് തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് ഉദ്യേഗാര്‍ത്ഥികളില്‍ ചിലര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിമാനത്താവളത്തില്‍ ജോലിക്ക് അപേക്ഷ ക്ഷണിച്ചതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകരെ പരമാവധി ജോലിക്കുവേണ്ടി അപേക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് ജില്ലാ അധ്യക്ഷന്‍ പ്രാദേശിക കമ്മിറ്റികള്‍ക്ക് ലെറ്റര്‍പാഡില്‍ കത്തെഴുതിയിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ക്കല്ല ജോലി വേണ്ടവര്‍ക്കുള്ള സഹായവും പിന്നാലെ ചെയ്യമെന്ന ഉറപ്പും നല്‍കിയതായാണ് ആരോപണം. ഇതിനുവേണ്ടി ലക്ഷങ്ങളാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി പരമാവധി പാര്‍ട്ടിപ്രവര്‍ത്തകരെ അപേക്ഷ കൊടുക്കാനുള്ള നടപടികളെടുക്കാനും ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ 50ല്‍ താഴെ
സുപ്രധാന തസ്തികകളിലേക്ക് മാത്രമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളതെങ്കിലും മറ്റ് തൊഴിലുകളുടെ പേരിലാണ് വന്‍ തോതില്‍ പണപ്പിരിവ് നടക്കുന്നത്.
നേരത്തെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ ഏതാനും പേരെ എറണാകുള പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ തട്ടിപ്പല്ല ഉറപ്പായ ജോലിയാണ് പക്ഷെ ലക്ഷങ്ങള്‍ വേണമെന്നാണ് ലീഗ് നേതാക്കളുടെ ആവശ്യം. മാര്‍ച്ച് മൂന്നിനാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി. അപേക്ഷ നല്‍കുന്നവരുടെ മുഴുവന്‍ വിവരങ്ങള്‍ ഉപയോഗിച്ച് വിലപേശിയാണ് പണമീടാക്കുന്നത്.
കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാനും പാര്‍ട്ടി തലത്തില്‍ വ്യാപകമായ പണപ്പിരിവാണ് നടക്കുന്നത്. പ്രാദേശിക നേതൃത്വത്തില്‍ പോലും പണമീടാക്കുന്നതായാണ് പരാതി ഉയരുന്നത്. ആരോപണം വ്യാപകമായതോടെ കണ്ണൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നോട്ടിസും പുറത്തിറക്കിയിരുന്നു. ചില സ്ഥാപനങ്ങളും വ്യക്തികളും ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് പണിപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതായണ് എയര്‍പ്പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കുന്നത്. ജീവനക്കാരെ നിയമിക്കുമ്പോള്‍ പത്രങ്ങളില്‍ പരസ്യം നല്‍കുമെന്നും ഇതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും നോട്ടിസില്‍ പറയുന്നു.