ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായ നാലുപേരും. പാറക്കണ്ടം സ്വദേശി മുഹമ്മദ് (20), സലിം (26), അളകാപുരം സ്വദേശി അമീര്‍ (25), പാലയോട് സ്വദേശി ഹാഷിം (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരെ പേരാവൂര്‍ പൊലീസിനു കൈമാറി. രാഷ്ടീയ വൈരാഗ്യം തന്നെയാണ് കൊലപാതക കാരണമെന്ന് ജില്ലാ പൊലീസ് മേധാവി ശിവ വിക്രം പറഞ്ഞു. ഇന്നലെ വൈകുന്നേരം നാലേമുക്കാലോടെയാണ് കാക്കയങ്ങാട് സര്‍ക്കാര്‍ ഐടിഐ വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാമപ്രസാദിനെ കാറില്‍ എത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി  വെട്ടികൊലപ്പെടുത്തുകയായിരുന്നു.വെട്ടേറ്റ ശ്യാം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമികള്‍ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. അക്രമത്തില്‍ ശ്യാമിന്റെ കഴുത്തിനു പിന്നില്‍ മാരകമായി വെട്ടേറ്റിരുന്നു. ശ്യാമിനെ കൂത്തുപറമ്പ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. വൈകുന്നേരം ആറുമണിവരെയാണു ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു ജില്ലയില്‍ പൊലീസ് സുരക്ഷയും വര്‍ധിപ്പിച്ചു.

Top