തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസലിനെ ഇന്ന് അറസ്റ്റ് ചെയ്യും. 12 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തുക.സ്വർണ കള്ളക്കടത്തിൽ കാരാട്ട് ഫൈസലിന്റെ പങ്ക് ഉറപ്പിക്കാനുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ്.കെ.ടി റമീസിന്റേയും, സന്ദീപ് നായരുടെ ഭാര്യയുടേയും മൊഴിയാണ് കേസിൽ നിർണായകമായത്. സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ കാരാട്ട് ഫൈസലാണ്. സ്വർണക്കടത്തിന് കാരാട്ട് ഫൈസൽ നൽകിയ പണം രാഷട്രീയ നേതാക്കളുടേയാണെന്നും റിപ്പോർട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ കൂടുതൽ രാഷ്ട്രീയ നേതാക്കള ചോദ്യം ചെയാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.ഇന്നലെയാണ് കാരാട്ട് ഫൈസലിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നത്തുന്നത്. കൊടുവള്ളി നഗരസഭാ കൗൺസിലറായ കാരാട്ട് ഫൈസലിനെ ഇന്നലെ രാവിലെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റംസ് വണ്ടിയിൽ കയറ്റി കൊണ്ടുപോയത്. കൊച്ചിയിൽ നിന്നുള്ള പ്രത്യേക സംഘമാണ് പുലർച്ചെ റെയ്ഡിനെത്തിയത്.തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ വീട്ടിൽ നിന്നും കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസല്‍ മുൻപും വിവാദനായകൻ. കരിപ്പൂർ സ്വർണക്കടത്ത് കേസിലും പ്രതിയായിരുന്നു. കൊടുവള്ളി നഗരസഭയിലെ ഇടത് കൗൺസിലറാണ് കാരാട്ട് ഫൈസൽ. മുൻപ് മിനി കൂപ്പർ വിവാദത്തോടെയാണ് ഈ പേര് കേരളത്തിൽ ഉയർന്നുകേട്ടത്.
തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസല്‍ സിപിഎമ്മിന്റെ ഉറ്റതോഴന്‍. കാരാട്ട് ഫൈസലിന്റെ മിനികൂപ്പര്‍ ചുവന്ന നിറത്തിലുള്ള പി.വൈ. 01 സി.കെ 3000 കാറിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊടുവള്ളിയില്‍ എല്‍ഡിഎഫ് ജനജാഗ്രതാ യാത്ര നയിച്ചത്. 2017 ഒക്‌ടോബറിലായിരുന്നു ഇത്. ഫൈസലിന്റെ ഈ കാര്‍ നികുതിവെട്ടിച്ചാണ് കേരളത്തില്‍ ഓടുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതുവഴി പത്തുലക്ഷത്തോളം രുപയൂടെ നികുതിവെട്ടിപ്പ് ഫൈസല്‍ നടത്തിയതായും കണ്ടെത്തി. പിഴ അടയ്ക്കണമെന്ന് കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചെങ്കിലും ഫൈസല്‍ അതിനു തയാറായില്ല. തുടര്‍ന്ന് റവന്യൂ റിക്കവറി നടപടികള്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് തുടക്കമിട്ടിരുന്നു.കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിവാദത്തിലായിരുന്ന ഫൈസിലിന്റെ മിനി കൂപ്പറില്‍ കോടിയേരി അന്ന് നടത്തിയ യാത്ര സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടിരുന്നു. എന്നാല്‍ കാര്‍ ആരുടേതാണെന്ന് നോക്കിയല്ല താന്‍ കയറിയതെന്നും പ്രാദേശിക നേതൃത്വമാണ് കാര്‍ ഏര്‍പ്പാട് ചെയ്തതെന്ന ന്യായവുമാണ് അന്ന് കോടിയേരി നിരത്തിയത്.
കാരാട്ട് ഫൈസൽ ആരാണ്?
നികുതി അടയ്ക്കാതെ മിനി കൂപ്പർ കാർ കേരളത്തിൽ ഓടിക്കുന്നുവെന്ന പരാതിയായിരുന്നു ഫൈസലിനെതിരെ ഉയർന്നത്. 2017 ല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ജനജാഗ്രത യാത്രയില്‍ ഫൈസലിന്റെ ഈ മിനി കൂപ്പര്‍ വാഹനം ഉപയോഗിച്ചത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ജനകീയ യാത്രയ്ക്ക് വിവാദ നായകനായകന്റെ നികുതി വെട്ടിച്ച ആഡംബരകാര്‍ ഉപയോഗിച്ചത് പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധമായിരുന്നു. ആരുടെ കാര്‍ ആണെന്നു അറിയില്ലായിരുന്നുവെന്നും പ്രവര്‍ത്തകര്‍ പറഞ്ഞതുപ്രകാരമാണ് ആ വാഹനത്തില്‍ താന്‍ കയറിയതെന്നുമായിരുന്നു കോടിയേരിയും വിശദീകരണം. അതൊരു ആഡബര കാര്‍ ആണെന്നു പോലും തനിക്ക് അറിയില്ലായിരുന്നുവെന്നും കോടിയേരി വിശദീകരിച്ചിരുന്നു. ഇന്ന് സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായി കസ്റ്റംസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ വീണ്ടും കാരാട്ട് ഫൈസൽ സിപിഎമ്മിന് തലവേദനയാവുകയാണ്.
പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ മിനി കൂപ്പർ കാർ രജിസ്റ്റര്‍ ചെയ്ത് ഫൈസൽ കേരളത്തിൽ ഉപയോഗിക്കുകയായിരുന്നു. ഇതുവഴി പത്ത് ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് നടത്തിയത്. സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനം കേരളത്തിൽ ഓടിക്കണമെങ്കില്‍ ഒരുവര്‍ഷത്തിനുള്ളില്‍ രജിസ്ട്രേഷന്‍ മാറ്റണമെന്നും നികുതി അടയ്ക്കണമന്നുമാണ് നിയമം. എന്നാൽ ഇതുപാലിക്കാതെയായിരുന്നു കാരാട്ട് ഫൈസലിന്റെ മിനികൂപ്പര്‍ കേരളത്തിലെ നിരത്തുകളിൽ ചീറിപ്പാഞ്ഞത്. പിഴ അടയ്ക്കാന്‍ ഫൈസല്‍ തയാറാകാതെ വന്നതോടെ മോട്ടോര്‍വാഹന വകുപ്പ് റവന്യൂ റിക്കവറി നടപടികളും ആരംഭിച്ചിരുന്നു.
ഇതിനിടെ, കാർ കേരളത്തിന് പുറത്തേക്ക് കടത്തുകയാണ് ഫൈസല്‍ ചെയ്തത്. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതിയുടെ മറവിലാണ് ഫൈസല്‍ കാര്‍ കടത്തിയത്. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ഹാജരാക്കാന്‍ കൊടുവള്ളി ജോയിന്റ് ആര്‍ടിഒ പല തവണ ആവശ്യപ്പെട്ടിട്ടും ഫൈസല്‍ തയാറായിരുന്നില്ല. തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് ജോയിന്റ് ആര്‍ടിഒ ക്രൈംബ്രാഞ്ചിന് കത്ത് നല്‍കി. അനധികൃതമായി കാര്‍ കേരളത്തില്‍ ഓടിച്ചതിന് ഏഴുലക്ഷം രൂപ പിഴയട്ക്കാനും ഫൈസലിനോട് ജോയിന്റ് ആര്‍ടിഒ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, താന്‍ സ്ഥിരമായി ഈ കാര്‍ കേരളത്തില്‍ ഓടിക്കാറില്ലെന്നും വളരെ കുറച്ചു പ്രാവശ്യം മാത്രമാണ് ഇവിടെ ഓടിച്ചിട്ടുള്ളതെന്നും പറഞ്ഞ് പിഴയൊടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു ഫൈസല്‍. ഇതിനുശേഷം ഈ കാര്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ പുതുച്ചേരിയില്‍ നിന്നും എന്‍ഒഎസി വാങ്ങി കാര്‍ വിറ്റതായും അറിഞ്ഞു. ഇതിനു പിന്നാലെ കാരാട്ട് ഫൈസലിനെതിരായ അന്വേഷണങ്ങളും അവസാനിച്ചു.
കൊടുവള്ളി കേന്ദ്രീകരിച്ചുള്ള ഹവാല സ്വർണക്കടത്ത് ഇടപാടുകാരുമായി ഫൈസലിന്റെ ബന്ധം സംബന്ധിച്ച് ഏറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 2013 നവംബറില്‍ കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ആറുകിലോ സ്വര്‍ണം ഡിആര്‍എ പിടികൂടിയ കേസില്‍ കാരാട്ട് ഫൈസലിനെ പ്രതി ചേര്‍ത്തിരുന്നു. സ്വര്‍ണം കടത്താന്‍ ശ്രമിച്ച് അറസ്റ്റിലായവരുമായി ഫൈസലിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയായിരുന്നു നടപടി. മുഖ്യപ്രതിയായ ഷഹബാസിന്റെ ഭാര്യയുടെ പേരിലുള്ള ആഡംബര കാര്‍ ഫൈസലിന്റെ വീട്ടില്‍ നിന്നും ഡിആര്‍എ കണ്ടെത്തുകയും ചെയ്തിരുന്നു.
ഇപ്പോൾ തിരുവനന്തപുരം സ്വര്‍ണക്കടത്തിലും ഫൈസലിന് മുഖ്യപങ്കുണ്ടെന്നാണ് കസ്റ്റംസിനെ ഉദ്ധരിച്ച് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മുന്‍പും നയതന്ത്ര ചാനല്‍ വഴി കൊണ്ടുവന്നിരിക്കുന്ന കള്ളക്കടത്ത് സ്വര്‍ണം വില്‍ക്കാന്‍ ഫൈസല്‍ സഹായം നല്‍കിയിട്ടുണ്ടെന്ന വിവരം കസ്റ്റംസിന് ലഭിച്ചുവെന്നാണ് വിവരം. സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നതിന് പണം നിക്ഷേപിച്ചവരുടെ കൂട്ടത്തിലും ഫൈസലുണ്ടെന്ന സംശയത്തിലാണ് കസ്റ്റംസ്. കേസില്‍ നേരത്തെ അറസ്റ്റിലായ കെ ടി റമീസിനെ ചോദ്യം ചെയ്തപ്പോഴാണ് ഫൈസലിനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഫൈസലിന്റെ വീട്ടിലെത്തിയാണ് കസ്റ്റംസ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകളും കസ്റ്റംസ് ഫൈസലിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.