യാത്രാക്കാരുടെ ബാഗുകള്‍ കുത്തിത്തുറന്ന സംഭവത്തില്‍ അന്താരാഷ്ട്രബന്ധം; കീറിയ ബാഗുകളില്‍ അടയാളപ്പെടുത്തലുകള്‍

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ അന്താരാഷ്ട്ര ബന്ധമെന്ന് സൂചന. വിമാനത്താവളങ്ങളിലെ ബാഗുകളില്‍ നിന്നും സാധനങ്ങള്‍ മോഷ്ടരിക്കുന്ന ശൃംഘല ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. എക്‌സ് റേ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരും ഗ്രൗണ്ട് സ്റ്റാഫുകളുമാണ് സംഘത്തിലുള്ളത്. ഇത്തരം സംഘങ്ങള്‍ക്ക് കോഴിക്കോടും അനുയായികളുണ്ടെന്നാണ് സംശയമുയരുന്നത്. കഴിഞ്ഞദിവസം സാധനങ്ങള്‍ നഷ്ടമായ ബാഗേജുകളില്‍ കണ്ട ചില പ്രത്യേക അടയാളങ്ങളാണ് സംശയം ബലപ്പെടുത്തുന്നത്.

ദുബായ് വിമാനത്താവളത്തിലെ എക്സ്റേ പരിശോധനാവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരും കോഴിക്കോട് വിമാനത്താവളത്തിലെ ഗ്രൗണ്ട്സ്റ്റാഫും തമ്മിലുള്ള ബന്ധമാണ് അധികൃതര്‍ പരിശോധിക്കുന്നത്. ദുബായ് വിമാനത്താവളത്തില്‍ എക്സ്റേ പരിശോധിക്കുന്ന ജീവനക്കാര്‍ക്ക് അതില്‍ എന്താണുള്ളതെന്നു കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. ഇത്തരം വിലയേറിയ സാധനങ്ങളടങ്ങിയ ബാഗേജില്‍ ചില പ്രത്യേക അടയാളങ്ങളിടും. കോഴിക്കോട് വിമാനത്താവളത്തില്‍ സംഘാംഗങ്ങള്‍ ബാഗേജുകള്‍ തുറന്ന് സാധനങ്ങള്‍ കൈക്കലാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിമാന കണ്ടെയ്നറില്‍നിന്ന് സാധനങ്ങള്‍ പുറത്തിറക്കുമ്പോള്‍ ഇത്തരത്തിലുള്ള ബാഗേജുകള്‍ മാറ്റിവെക്കും. സുരക്ഷാജീവനക്കാരും വിമാനക്കമ്പനി സുരക്ഷാജീവനക്കാരും പോയശേഷമായിരിക്കും ഇത്തരം ബാഗേജുകളിലെ സാധനങ്ങള്‍ മോഷ്ടിക്കുന്നത്. കഴിഞ്ഞദിവസം സാധനങ്ങള്‍ നഷ്ടമായ പലര്‍ക്കും വൈകിയാണ് ബാഗേജുകള്‍ ലഭ്യമായത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത്തരത്തിലുള്ള മോഷണങ്ങള്‍ തുടര്‍ക്കഥയായതിനെത്തുടര്‍ന്ന് ദുബായിലും കോഴിക്കോടും കേന്ദ്രീകരിച്ച് എയര്‍ ഇന്ത്യ അന്വേഷണം നടത്തിയിരുന്നു. അന്ന് സംഭവത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയ ഏതാനുംപേരെ എയര്‍ ഇന്ത്യ സ്ഥലംമാറ്റി. ഇതില്‍ ചിലര്‍ ഇപ്പോള്‍ കോഴിക്കോട്ടുതന്നെ തിരിച്ചെത്തിയതായി സൂചനയുണ്ട്. എയര്‍ ഇന്ത്യ വിമാനത്തിലെ ബാഗേജുകളില്‍നിന്നു മാത്രമാണ് സാധനങ്ങള്‍ നഷ്ടമാകുന്നത്.

ബാഗേജുകളില്‍നിന്ന് സാധനങ്ങള്‍ നഷ്ടമാകുന്നതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ ദുബായ് വിമാനത്താവള അധികൃരുടെ സഹായം തേടി. ദുബായ് വിമാനത്താവളത്തിലെ സ്റ്റേഷന്‍ മാനേജര്‍ വഴിയാണ് സഹായം തേടിയത്. രണ്ടാമത്തെ ടെര്‍മിനലിലെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിക്കാനും സംഭവത്തില്‍ അന്വേഷണം നടത്താനുമാണ് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ടെര്‍മിനലില്‍ ജോലിചെയ്യുന്നവരിലധികവും പാകിസ്താന്‍, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. സാധനങ്ങള്‍ വിമാനത്തില്‍ കയറ്റുന്ന സ്ഥലത്തെ ജോലിക്കാരെയാണ് പ്രധാനമായും സംശയിക്കുന്നത്. എന്നാല്‍ വിലയേറിയ സാധനങ്ങള്‍ അടങ്ങിയ ബാഗേജ് ഇവര്‍ക്ക് തനിച്ച് തിരിച്ചറിയാനാകില്ല. അതിനാല്‍തന്നെ എയര്‍ ഇന്ത്യയുടെ എക്സ്റേ പരിശോധനാവിഭാഗത്തിന് സംഭവത്തില്‍ കൈകഴുകാനാകില്ല.

Top