ന്യൂഡല്‍ഹി: കുറ്റക്കാരനാണെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലിലിടാന്‍ സുപ്രീംകോടതിയോട് കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ ആവശ്യപ്പെട്ടു. വീണ്ടുമൊരിക്കല്‍ താന്‍ കോടതിയില്‍ ഹാജരാകില്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ചിന് മുന്നില്‍ ഹാജരായ കര്‍ണന്‍ അറിയിച്ചു. സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സിറ്റിങ് ജഡ്ജിയെ കേസില്‍ ഹാജരാക്കുന്നത്.കര്‍ണന്‍ വേണമെങ്കില്‍ തന്നെ അറസ്‌റ്റ് ചെയ്‌തു ജയിലിലിടാന്‍ കോടതിയെ വെല്ലുവിളിച്ചു.
ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്‌ജിമാര്‍ക്കെതിരേ ഉന്നയിച്ച അഴിമതിയാരോപണം സംബന്ധിച്ചു കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കണമെന്ന ചീഫ് ജസറ്റിസ് ജെ.എസ്. കേഹാറിന്റെ ഉത്തരവിനെ എതിര്‍ത്തുകൊണ്ടായിരുന്നുകര്‍ണന്റെ പരാമര്‍ശം.
ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിനു മുന്നില്‍ ഇന്നലെ ഹാജരായ കര്‍ണന്‍ ഇനിയൊരിക്കല്‍ക്കൂടിതാന്‍ കോടതിയില്‍ ഹാജരാകില്ലെന്നും വ്യക്‌തമാക്കി. തന്നെ വിളിച്ചുവരുത്തിയ ഏഴംഗ ബഞ്ചിനെതിരേ ഉത്തരവിറക്കുമെന്ന് കോടതിയ്‌ക്ക് പുറത്ത് കര്‍ണന്‍ പ്രതികരിക്കുകയും ചെയ്‌തു.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനും വിരമിച്ച സുപ്രീം കോടതി ജഡ്‌ജിമാര്‍ക്കുമെതിരെ അഴിമതിയാരോപണം ഉന്നയിച്ചു സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് ജസ്‌റ്റിസ് കര്‍ണന്‍ തുറന്ന കത്തെഴുതിയതാണ് കേസിനാസ്‌പദമായ സംഭവം. ജുഡീഷ്യറിയിലെ അഴിമതി ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെടുന്ന കത്തില്‍ 20 ജഡ്‌ജിമാരുടെ പേരും ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നു ജസ്‌റ്റിസ് കര്‍ണനെതിരേ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ച സുപ്രീം കോടതി കോടതിയില്‍ ഹാജരാകാന്‍ ഒന്നിലധികം തവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്നു മാത്രമല്ല ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയും ചെയ്‌തു. തുടര്‍ന്നാണ് സുപ്രീം കോടതി ജസ്‌റ്റിസ് കര്‍ണനെതിരേ അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കര്‍ണനെ അറസ്‌റ്റ് ചെയ്‌തു ഹാജരാക്കാനുള്ള അവസാന ദിവസമായ ഇന്നലെ അദ്ദേഹം നേരിട്ടു സുപ്രീം കോടതിയില്‍ ഹാജരാകുകയായിരുന്നു.
45 മിനിറ്റോളം നീണ്ട വാദപ്രതിവാദത്തിനുശേഷം ആരോപണങ്ങള്‍ക്ക് വ്യക്‌തമായി മറുപടി പറയാത്ത സാഹചര്യത്തില്‍ ജസ്‌റ്റിസ് കര്‍ണനു സത്യവാങ്‌മൂലം നല്‍കാന്‍ നാലാഴ്‌ച സമയം നല്‍കി ഉത്തരവിടുകയാണെന്നു കോടതി വ്യക്‌തമാക്കി. എന്നാല്‍ ഹൈക്കോടതി ജഡ്‌ജിയെന്ന നിലയിലുള്ള തന്റെ അധികാരങ്ങള്‍ എടുത്തു കളഞ്ഞതിലൂടെ തന്നെ മാനസികമായും ശാരീരികമായും തളര്‍ത്തുകയും അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുകയും ചെയ്യുന്ന നടപടിയാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും കര്‍ണന്‍ കുറ്റപ്പെടുത്തി.
തന്റെ പോരാട്ടം ജൂഡീഷ്യറിക്കെതിരേയോ വ്യക്‌തിപരമായ നേട്ടത്തിനോ വേണ്ടിയല്ലെന്ന് വിശദീകരിച്ചാണ് ജസ്‌റ്റിസ് കര്‍ണന്‍ സംസാരിക്കാന്‍ ആരംഭിച്ചത്. കേസിന്റെ പ്രധാന്യത്താല്‍തന്നെ ഇന്നലെ കര്‍ണന്‍ ഹാജരായ കോടതി മുറി തിങ്ങി നിറഞ്ഞിരുന്നു.
കര്‍ണന്‍ ബെഞ്ചിനോട് ഉയര്‍ന്ന സ്വരത്തിലാണ് സംസാരിച്ചത്. ഞാനിന്ന് വന്നില്ലായിരുന്നെങ്കില്‍ നിങ്ങള്‍ എനിക്കെതിരേ ജാമ്യമില്ലാ അറസ്‌റ്റ് വാറന്റ് പുറപ്പെടുവിക്കുമായിരുന്നുവെന്ന് പറഞ്ഞ കര്‍ണന്‍, ഏതു രീതിയിലാണ് താന്‍ കുറ്റക്കാരനാകുന്നതെന്നും ചോദിച്ചു. എന്റെ അഭിമാനം സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട്.
പോലീസ് എന്നെ തേടി എന്റെ കോളനിയിലെത്തിയതിലൂടെ എന്റെ വ്യക്‌തി ജീവിതം തകര്‍ന്നു-അദ്ദേഹം ആരോപിച്ചു. എന്നാല്‍ കേസില്‍ നിരുപാധികം മാപ്പുപറയണമെന്നും അല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും കോടതി കര്‍ണന് മറുപടി നല്‍കി. ജാമ്യം ലഭിക്കുന്ന വാറണ്ട് മാത്രമാണ് താങ്കള്‍ക്കെതിരേ പുറപ്പെടുവിച്ചതെന്ന് ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
അതുകുറ്റക്കാരനായതു കൊണ്ടല്ല, അനുസരണക്കേട് കാട്ടിയതിനാലാണെന്നും കോടതി വ്യക്‌തമാക്കി. എന്നാല്‍ ജഡ്‌ജിയെന്ന നിലയ്‌ക്കുള്ള തന്റെ അധികാരം പുനഃസ്‌ഥാപിക്കണമെന്നും ജഡ്‌ജിയായിരുന്ന് തനിക്കെതിരേയുള്ള ആരോപണങ്ങള്‍ തെളിയിക്കാമെന്നുമായിരുന്നു കര്‍ണന്റെ മറുപടി.
തന്റെ അധികാരങ്ങള്‍ എടുത്തു കളഞ്ഞതിനാല്‍ മാനസിക, ശാരീരികനില തകര്‍ന്നിരിക്കുകയാണെന്നും വേണമെങ്കില്‍ തന്നെ ശിക്ഷിച്ചുകൊള്ളു എന്നും കര്‍ണന്‍ പറഞ്ഞു.എന്നാല്‍ അധികാരം പുനഃസ്‌ഥാപിക്കണമെന്ന കര്‍ണന്റെ ആവശ്യം കോടതി തള്ളി. മാനസികനില തകര്‍ന്നെങ്കില്‍ അതിനുള്ള രേഖകള്‍ ഹാജരാക്കാനും കോടതി കര്‍ണനോട് നിര്‍ദേശിച്ചു.