ബെംഗളുരു: കോൺഗ്രസുകാർക്ക് സന്തോഷ വാർത്ത . കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 224 സീറ്റില്‍ 118 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രമുഖ ഗവേഷണ സ്ഥാപനമായി സി ഫോറിന്റെ സര്‍വേ ഫലം സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ സി ഫോര്‍ സി.ഇ.ഒ പ്രേംചന്ദ് പാലെറ്റിയുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഔട്ട്ലുക്ക് മുന്‍ എഡിറ്ററുമായ കൃഷ്ണപ്രസാദ് സാംസാരിക്കുന്നു. വിശദമായ നിരീഷണമാണ് നടത്തിയിരിക്കുന്നത് . അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്.
കര്‍ണാടകത്തിലെ നിലവിലെ അവസ്ഥയെക്കുറിച്ച് എന്താണ് തോന്നുന്നത്?
കോണ്‍ഗ്രസിന് വ്യക്തവും സുരക്ഷിതവുമായ ഒരു ലീഡ് ലഭിക്കുമെന്നു തന്നെയാണ് കാണുന്നത്. സി ഫോര്‍ നടത്തിയ രണ്ട് പോളിലും കോണ്‍ഗ്രസിന് 10 ശതമാനം ലീഡ് വ്യക്തമായുണ്ട്. ഇതിന് എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നും പരിശോധിക്കുന്നുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ 120ലേറെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് സുരക്ഷിതമായ മാര്‍ജിനില്‍ അധികാരത്തില്‍ വരും എന്നും തന്നെയാണ് കരുതുന്നു.
നിങ്ങള്‍ കോണ്‍ഗ്രസിന് 47 ശതമാനം വോട്ട് ഷെയര്‍ പ്രവചിക്കുമ്പോല്‍ സി എസ് ഡി എസ് 37 ശതമാനം മാത്രമാണ് കാണുന്നത്. കാരണം?
യാഥാര്‍ഥ്യം പരിഗണിച്ചാല്‍ നമ്മള്‍ ചൂണ്ടിക്കാണിച്ച കണക്കില്‍ എന്തെങ്കിലും മാറ്റമുണ്ടെന്് ഞാന്‍ കരുതുന്നില്ല. നമ്മള്‍ കര്‍ണാടകയുടെ പൊതുചിത്രം പരിശോധിക്കുകയാണെങ്കില്‍ മൂന്ന് നാല് ഘടകങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. ഇതില്‍ ആദ്യത്തേതും പ്രധാനമായതും സിദ്ധരാമയ്യ സര്‍ക്കാര്‍ തന്നെയാണ്. അദ്ദേഹത്തിന്റെ കീഴിലെ വകുപ്പുകളുടെ പ്രവര്‍ത്തനമാണ് രണ്ടാമത്തെ ഘടകം. അദ്ദേഹത്തിന്റെ പ്രതിച്ഛായക്കൊപ്പം സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മറ്റൊരു ഘടകമാണ്. ബി ജെ പിയും ചില മാധ്യമങ്ങളും വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അദ്ദേഹം സത്യസന്ധനായ ഒരു രാഷ്ട്രീയക്കാരനാണ് കര്‍ണാടകത്തില്‍ അറിയപ്പെടുന്നത്. പ്രത്യേകിച്ച് ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ വിഷയത്തിലൊക്കെ ഉറച്ച നിലപാടെടുക്കുന്ന അദ്ദേഹം കന്നഡിഗന്റെ അഭിമാന ബോധമുയര്‍ത്തുന്നതിന് എന്നും മുന്നില്‍ നില്‍ക്കുന്ന നേതാവ് കൂടിയാണ്.
അഴിമതിയുണ്ടായാലും വ്യക്തിപരമായ നേട്ടത്തിനല്ലെന്നും സിദ്ധരാമയ്യയുടെ കൈകള്‍ ശുദ്ധമാണെന്നുമുള്ള ജനങ്ങളുടെ വാദം ശരിയാണോ ?
ചില മന്ത്രിമാര്‍ അഴിമതിക്കാരാണെന്ന് പറയുമ്പോഴും സിദ്ധരാമയ്യ പണമൊന്നും സ്വന്തം വീട്ടിലേകക് കൊണ്ടു പോകില്ലെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ട്. പാവങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാനും സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാനും അദ്ദേഹത്തിന് സഹജമായ താത്പര്യമുണ്ടെന്ന ബോധ്യമാണ് ജനങ്ങളെ അദ്ദേഹത്തോട് അടുപ്പിക്കുന്നത്. അന്നഭാഗ്യ സ്‌കീം, ഇന്ദിര ക്യാന്റീന്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. രണ്ട് വര്‍ഷം മുമ്പ് പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ തിരഞ്ഞെടുപ്പ് സര്‍വേയില്‍ വെള്ളത്തിന്റെ ക്ഷാമത്തെക്കുറിച്ചും, വൈദ്യുതി ലഭ്യതക്കുറവിനക്കുറിച്ചും റോഡുകളെക്കുറിച്ചും വ്യാപകമായ പരാതികള്‍ ജനങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥ മാറി. നേരത്തേ 10 മണിക്കൂര്‍ പവര്‍കട്ടുണ്ടായിരുന്ന സ്ഥലത്ത് ഇന്ന് പവര്‍കട്ടേയില്ല. നിയോജക മണ്ഡല അടിസ്ഥാനത്തിലും ഗ്രാമങ്ങളിലും വരെ ജല എടിഎമ്മുകള്‍ സ്ഥാപിച്ചു കൊണ്ട് വെള്ളത്തിന്റെ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു.തടാകങ്ങളിലെ ജലക്ഷാമം പരിഹരിച്ചു. ഫലത്തില്‍ ജലക്ഷാമം പരിഹരിക്കാനായി സിദ്ധരാമയ്യ സര്‍ക്കാര്‍ ഫലപ്രദവും ക്രിയാത്മകവുമായ ഇടപെടലാണ് നടത്തിയത്. പണ്ട് ബാംഗ്ലൂര്‍ മേഖലയില്‍ റോഡുകളെക്കുറിച്ചുണ്ടായിരുന്ന പരാതി ഇന്നില്ല.
വ്യക്തിശുദ്ധിയും, സാമൂഹ്യ പ്രതിബന്ധതയും, വികസന പ്രവര്‍ത്തനങ്ങളും മാറ്റി നിര്‍ത്തിയാല്‍ സിദ്ധരാമയ്യക്ക് എതിരായി വരാവുന്ന ഘടകങ്ങള്‍ എന്താണ്?
ദളിത്, മുസ്ലീം വോട്ടുകള്‍ ബി.ജെ.പി കരസ്ഥമാക്കാനുള്ള സാധ്യതയുണ്ട്. ബി ജെ പി ധാരാളം പണമിറക്കി ദളിത് വോട്ടുകള്‍ സമാഹരിക്കാനുള്ള ശ്രമത്തിലാണ്. എസ് ഡി പി ഐയും ജെ ഡി എസും മുസ്ലീം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത് മുസ്ലീം വോട്ടുകളില്‍ ഭിന്നതയുണ്ടാക്കും. തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി- ജെ ഡി എസ് സഖ്യത്തെക്കുറിച്ചുള്ള വാര്‍ത്തകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.
ബാക്കിയുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കര്‍ണാടകയിലെ വോട്ടിംഗ് സ്വഭാവം എങ്ങനെയാണ്? ജാതി ഘടകം തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും?
ഇക്കാര്യത്തില്‍ വലിയ മാറ്റമൊന്നും കര്‍ണാടയിലുമില്ല എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ഇക്കുറി കര്‍ണാടകത്തില്‍ ഒരു ഭരണവിരുദ്ധ വികാരം ഇല്ല എന്നത് ശ്രദ്ധേയമാണ്. വാഗ്ദാനങ്ങള്‍ പാലിക്കുന്ന രാഷ്ടീയ നേതാക്കള്‍ക്ക് ജനങ്ങള്‍ വോട്ടു ചെയ്യും. നിലവിലെ ഭരണം മടുത്തു എന്ന് ജനങ്ങള്‍ പറയുന്നില്ല. 1985ന് ശേഷം ഭരിച്ച ഒരു സര്‍ക്കാരിനേയും ജനങ്ങള്‍ വീണ്ടും തിരഞ്ഞെടുത്തില്ല. രാമകൃഷ്ണ ഹെഗ്ഡെ, എസ് എം കൃഷ്ണ എന്നിവര്‍ ഈ അനുഭവങ്ങളിലൂടെ കടന്നു പോയവരാണ്. അഞ്ചു വര്‍ഷത്തെ ഭരണ കാലാവധി പൂര്‍ത്തിയാക്കിയവരും ഈ കാലയളവില്‍ ആരുമില്ല. ആ റിക്കോര്‍ഡ് തകര്‍ത്താണ് സിദ്ധരാമയ്യ വ്യത്യസ്തനാകുന്നത്. ചരിത്രം ആവര്‍ത്തിക്കുകയല്ല മറിച്ച് അദ്ദേഹം ചരിത്രം രചിക്കാനാണ് ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ ഞാന്‍ ശേഖരിച്ച വിവരങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട്.
സിദ്ധരാമയ്യയുടെ വോട്ടു ബാങ്കില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടോ ?
അധികാരത്തിലെത്തിയ ശേഷം അദ്ദേഹത്തിന്റെ വോട്ട് ബാങ്കില്‍ വളരെയധികം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2013ല്‍ അധികാരത്തിലെത്തുമ്പോള്‍ ഞാന്‍ പ്രവചിച്ച 37 ശതമാനം വോട്ട് ഷെയര്‍ തന്നെയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇത്തവണ എന്റെ പ്രവചനം 46 ശതമാനമാണ്. 37ല്‍ നിന്ന് വോട്ട് ഷെയറില്‍ ഒന്‍പത് ശതമാനം വര്‍ധനയാണ് ഞാന്‍ മുന്നില്‍ കാണുന്നത്. 25 ശതമാനത്തിലധികം ലിംഗായത്ത് വോട്ടുകള്‍ ഇക്കുറി കോണ്‍ഗ്രസിനാകുമെന്ന വിലയിരുത്തലാണ് ഉള്ളത്.
ലിംഗായത്ത് വിഷയത്തില്‍ അനുകൂലമായ തീരുമാനമെടുക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടി എന്തെങ്കിലും സര്‍വേ നടത്തിയിരുന്നോ?
കോണ്‍ഗ്രസ് അത്തരത്തിലൊരു സര്‍വേ നടത്തിയിരുന്നു. സത്യത്തില്‍ സിദ്ധരാമയ്യക്ക് ഇക്കാര്യത്തില്‍ അനുകൂല നിലപാടായിരുന്നില്ല. എന്നാല്‍ ലിംഗായത്ത് വിഭാഗത്തില്‍ നിന്ന് ഇക്കാര്യത്തില്‍ ആവശ്യമുയര്‍ന്നു വന്നു. 60 ശതമാനത്തില്‍കൂടുതല്‍ ലിംഗായത്ത് വിഭാഗക്കാര്‍ തങ്ങള്‍ക്ക് പ്രത്യേക മതമോ ന്യൂനപക്ഷ പദവിയോ വേണമെന്ന ആവശ്യം ഉന്നയിച്ചു. എന്നാല്‍ ആദ്യം മുതല്‍ക്ക് ഈ നിലപാടിനോട് സിദ്ധരാമയ്യ മുഖംതിരിക്കുകയാണ് ഉണ്ടായത്. എന്നാല്‍ വിനയ് കുല്‍ക്കര്‍ണി, എം വി പാട്ടീല്‍തുടങ്ങി വിവിധ ലിംഗായത്ത് നേതാക്കളില്‍ നിന്നും സ്വാമിമാരില്‍ നിന്നും ഇക്കാര്യത്തില്‍ സമ്മര്‍ദ്ദമുണ്ടായി എന്നതാണ് സത്യം. ന്യൂനപക്ഷ പദവി എന്ന വാദം അംഗീകരിക്കാത്ത ബി.ജെ.പി നിലപാടില്‍ അസംതൃപ്തരായിരുന്നു ലിംഗായത്ത് വിഭാഗം. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടുന്ന ജൈനവിഭാഗം ഗുജറാത്തില്‍ ന്യൂുനപക്ഷ പദവി അനുഭവിക്കുമ്പോള്‍ തങ്ങള്‍ക്ക് ആ പദവി നിഷേധിക്കുന്നതില്‍ എന്ത് അര്‍ഥത്തിലാണെന്ന് ചോദ്യമാണ് ലിംഗായത്ത് സമുദായം ഉയര്‍ത്തിയത്.
കര്‍ണാടകയിലെ അഞ്ച് പ്രവിശ്യകളിലെ സീറ്റ് നേട്ടം എങ്ങനെയാകുമെന്നാണ് കണക്കു കൂട്ടല്‍ ?
ഹൈദ്രാബാദ്, ബംഗളുരു പ്രവിശ്യകള്‍ കോണ്‍ഗ്രസ് നേടും. കര്‍ണാടകത്തിന്റെ തീരദേശ മേഖലയും കോണ്‍ഗ്രസിനൊപ്പം നില്‍ക്കും. എന്നാല്‍ മധ്യകര്‍ണാടകത്തില്‍ ബി ജെ പിക്കാകും മേല്‍ക്കൈ. ജെ ഡി എസിന് സ്വാധീനമുണ്ടെങ്കിലും ഓള്‍ഡ് മൈസുരില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ബി ജെ പിക്ക് ഇവിടെ എട്ട് സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത.
ബി.ജെ.പിക്ക് ലഭിക്കുന്ന സീറ്റുകളെക്കുറിച്ച് ധാരണയുണ്ടോ?
അവര്‍ കൂടുതല്‍ അവകാശവാദമുന്നയിക്കുന്നുണ്ടെങ്കിലും 60 മുതല്‍ 70 സീറ്റുകള്‍ വരെയാണ് പ്ാര്‍ട്ടിക്കുള്ളില്‍ അവര്‍ പ്രതീക്ഷിക്കുന്നത്. ഒരു മാസം മുമ്പുള്ള ഐ.ബി റിപ്പോര്‍ട്ടനുസരിച്ചും ഇതേ കണക്കുകള്‍ തന്നെയാണ് പ്രതീക്ഷിക്കുന്നത്. താന്‍ പുറത്തു വിട്ട കണക്കുകള്‍ അവര്‍ക്ക് പരിശോധിക്കാമെന്ന് ചൂണ്ടിക്കാട്ടി 70 സീറ്റില്‍ കൂടുതല്‍ ബി ജെ പി നേടില്ലെന്ന് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ഞാന്‍ ബി ജെ പിയെ വെല്ലുവിളിച്ചിരുന്നു.
കഴിഞ്ഞ തവണ ബി.ജെ.പി നേടിയത് 20-30 സീറ്റുകളായിരിക്കെ എവിടെ നിന്നാണ് അവര്‍ക്ക് അധികം വോട്ടുകള്‍ ലഭിക്കുന്നത്?
കെ.ജെ.പിയും ശ്രീരാമലു പാര്‍ട്ടിയുമായുള്ള ലയനത്തിനെ തുടര്‍ന്ന് അവര്‍ക്ക് ഒന്‍പത് ശതമാനം വോട്ടുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഇക്കുറി ഈ വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമായി വരും. ശ്രീരാമലു പാര്‍ട്ടിയില്‍ നിന്നും മറ്റു ചെറിയ പാര്‍ട്ടികളില്‍ നിന്നും വോട്ട് ബി.ജെ.പിക്ക് അനുകൂലമായി വരാനുള്ള സാധ്യതയുണ്ട്.
2018ലെ സര്‍വേയിലെ സാമ്പിള്‍ സൈസ് എപ്രകാരമായിരുന്നു; 224 നിയോജകമണ്ഡലത്തിലും സര്‍വേ നടത്തിയോ?
ആദ്യ റൗണ്ടില്‍ 27000 വും രണ്ടാം ഘട്ടത്തില്‍ 22000 വോട്ടര്‍മാരുമാണ് സര്‍വേയില്‍ പങ്കെടുത്തത്. 154 നിയോജകമണ്ഡലങ്ങളിലാണ് ഈ സര്‍വേ നടത്തിയത്.
6.5 കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് 22000 പേരുടെ സാമ്പിള്‍ സര്‍വേ ഫലപ്രദമാകുമോ എന്ന സാധാരണക്കാരന്റെ ചോദ്യത്തിന് എന്താണ് മറുപടി?
പോളിംഗ് സര്‍വേയുടെ രീതിയനുസരിച്ച് 10000 പേരോട് വിവരങ്ങള്‍ തിരക്കിയാല്‍ തന്നെ നല്ലൊരു നിഗമനത്തിലെത്താന്‍ കഴിയും. ഞങ്ങളുടെ സര്‍വേ ഫലത്തില്‍ 99 ശതമാനം കൃത്യതയുണ്ടാകും. 95 അവസരങ്ങളിലായി 100 തവണ സര്‍വേ നടത്തിയാലും തെറ്റുണ്ടാകാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ്.
ജെ.ഡി.എസിന്റെ നിലപാടുകള്‍ എങ്ങനെ കാണുന്നു?..
30 സീറ്റുകളാണ് ജെ.ഡി.എസിന് ഞങ്ങള്‍ പ്രവചിക്കുന്നത്. വൊക്കലിഗ സമുദായത്തെ മുന്‍നിര്‍ത്തിയുള്ള വോട്ട് പ്രതീക്ഷയാണ് അവര്‍ക്കുള്ളത്. 20 മണ്ഡലങ്ങളിലായാണ് അവര്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. ദളിതരുടേയും ന്യൂനപക്ഷങ്ങളുടേയും പിന്തുണയില്ലാത്തതു കൊണ്ട് 30ല്‍ കൂടുതല്‍ സീറ്റുകള്‍ അവര്‍ക്ക് നേടാനാവില്ലെന്നാണ് അനുമാനം. ദളിത്, ന്യൂനപക്ഷ പിന്തുണ കോണ്‍ഗ്രസിലേക്ക് നീങ്ങുന്നുണ്ട്. ജെ ഡി എസും ബി എസ് പിയുമായുള്ള സംഖ്യം എത്തരത്തില്‍ കലാശിക്കുമെന്ന് വിലയിരുത്താറായിട്ടില്ല.
ബി.എസ്.പിയുടേയും ഉവൈസിയുടേയും നിലപാടുകള്‍ എത്തരത്തില്‍ ബാധിക്കും?..
ജെ ഡി എസുമായി സഖ്യത്തിലാകാന്‍ ബി എസ് പിക്ക് ഒരു ദേശീയ പാര്‍ട്ടി ഫണ്ട് ചെയ്യുന്നുണ്ടെന്ന വാര്‍ത്തകള്‍ അന്തരീക്ഷത്തിലുണ്ട്. അഹിന്ദു വോട്ടുകളുടെ ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ബി ജെ പി ല്ക്ഷ്യമിടുന്നത്.
കോണ്‍ഗ്രസും ബി.ജെ.പിയും തുല്യനിലയില്‍ എത്തിയാല്‍ ജെ.ഡി.എസ് ആര്‍ക്കൊപ്പം നില്‍കും ?…
ദേവഗൗഡയുടെ ഇളയ പുത്രന്‍ കുമാരസ്വാമി ബി ജെ പിക്കൊപ്പമാണ്. മൂത്തമകന്‍ രേവണ്ണ കോണ്‍ഗ്രസിനൊപ്പവും. ഒരു സാഹചര്യത്തിലും ബി.ജെ.പിക്കൊപ്പം പോകില്ലെന്ന നിലപാട് ദേവഗൗഡയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍തികളില്‍ കൂടുതല്‍ സ്വാധീനമുള്ള മണ്ഡലങ്ങളിലെ ശക്തിസാന്നിധ്യമായ കുമാരസ്വാമി ബി ജെ പിക്കൊപ്പം പോകാനാണ് സാധ്യത.
അഭിപ്രായ വോട്ടെടുപ്പും സര്‍വേകളും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടോ ?
ഓരോ നിയമസഭാ മണ്ഡലങ്ങളുടേയും പ്രത്യേകതകള്‍ പഠിച്ച് ശാസ്ത്രീയമായാണ് കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചിട്ടുള്ളത്. ആറോ എഴോ ഇടങ്ങളൊഴിച്ചാല്‍ ബാക്കിയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെല്ലാം ശക്തരാണ്. ബി ജെ പിയുടെ സ്ഥാനാര്‍ഥി പട്ടികയെ അപേക്ഷിച്ച് മെച്ചപ്പെട്ട പട്ടികയാണ് കോണ്‍ഗ്രസിന്റേത്.
സിദ്ധരാമയ്യ സര്‍വേകളെ എങ്ങനേയാണ് കാണുന്നത്?..
ശാസ്ത്രീയ സമീപനമുള്ള സിദ്ധരാമയ്യ അഭിപ്രായ സര്‍വേകളില്‍ വിശ്വസിക്കുന്ന വ്യക്തിയായാണ് എന്റെ തോന്നല്‍..
മോദി പ്രഭാവവും യോഗി പ്രഭാവവും കര്‍ണാടകത്തില്‍ ബോധിക്കുമോ?
ഒരിക്കലുമില്ല. യോഗി ആദിത്യനാഥിനെക്കുറിച്ച് കര്‍ണാടകയില്‍ ഭീകര ചിത്രമാണുള്ളത്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ എ്ല്ലാ ആഴ്ചയും എത്തുന്ന മോദി കര്‍ണാടകയില്‍ കഴിഞ്ഞ ഒരുമാസമായി പ്രചാരണത്തിനെത്തിയിട്ടില്ല. ഇത് ഒന്നുകില്‍ പരാജയം മനസു കൊണ്ട് സമ്മതിക്കുകയോ അല്ലെങ്കില്‍ അമിതപ്രതീക്ഷ വെച്ചു പുലര്‍ത്തുന്നതു കൊണ്ടോ ആകാം…
സിദ്ധരാമയ്യയുടെ ആത്മവിശ്വാസം ?
വളരെ വലുതാണ്. 105 സീറ്റില്‍ കൂടുതല്‍ ലഭിച്ചാല്‍ സ്വതന്ത്രരുടെ സഹായത്തോടെ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകും. 223 സീറ്റില്‍ സിദ്ധരാമയ്യ ക്യാമ്പില്‍ നിന്നുള്ളവരാണ് 90 ശതമാനവും. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി സിദ്ധരാമയ്യയെ പൂര്‍ണമായി വിശ്വസിച്ചാണ് പട്ടിക തയ്യാറാക്കിയത്..
നരേന്ദ്രമോദി യദ്യൂരപ്പയെ വിശ്വസിക്കുന്നുണ്ടോ ?..
ഇല്ല. അമിത്ഷായെ അല്ലാതെ നരേന്ദ്രമോദിക്ക് ആരേയും വിശ്വാസമല്ല. പാര്‍ട്ടിക്കുള്ളിലെ ചില കേന്ദ്രങ്ങളില്‍ നിന്നറിഞ്ഞത് മോദിയും ഷായും കര്‍ണാടക പാര്‍്ട്ടിയിലെ നേതാക്കളെ സ്‌കൂള്‍ കു്ട്ടികളെപ്പോലെയാണ് കാണുന്നതെന്നാണ്. അതില്‍ നേതാക്കള്‍ക്ക് കടുത്ത അമര്‍ഷമുണ്ട് താനും. സി എസ് ഡി എസിന്റെ പോള്‍ പ്രകാരം ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ്. ഈ സാഹചര്യത്തില്‍ സര്‍വേ ഫലങ്ങളെ ഒന്നുകൂടി വിലയിരുത്തകുകയാണ് ഞാന്‍.
മോദിയുടെ വാഗ്ദാനങ്ങളും സിദ്ധരാമയ്യയുടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്ന ആദ്യ വോട്ടര്‍ എന്തു തീരുമാനമെടുക്കും?..
18 നും 25നും മധ്യേ പ്രായമുള്ളവരാണ് വോട്ടര്‍മാരില്‍ ഭൂരിപക്ഷവും. സിദ്ധരാമയ്യയുടെ വികസന പദ്ധതികളുടെ ഗുണഭോക്താക്കള്‍ കൂടുതലും ഇവരാണ്. അതു കൊണ്ടു തന്നെ ഇക്കുറി അവരുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് പോകാനാണ് സാധ്യത. നരേന്ദ്ര മോദിയും സിദ്ധരാമയ്യയും തമ്മിലുള്ള പോരാട്ടത്തിനാണ് കര്‍ണാടകം സാക്ഷ്യം വഹിക്കുന്നത് .
*മറിച്ചുള്ള ഫലം പ്രവചിക്കുന്ന സര്‍വേ ഫലങ്ങളെക്കുറിച്ച്?..
വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് ഇത്തരം സര്‍വേ പോളുകളുടെ കഥകള്‍ ഞാന്‍ കേട്ടിരുന്നു. ഞാന്‍ അറിഞ്ഞത് ആദ്യം അവര്‍ക്ക് ലഭിച്ച കണക്കുകള്‍ മറ്റൊന്നായിരുന്നെന്നും പിന്നീട് സമ്മര്‍ദ്ദം മൂലം അവര്‍ക്ക് ഫലം തിരുത്തേണ്ടി വന്നതുമായാണ്. അതില്‍ ഒരു ഫലം സൂചിപ്പിക്കുന്നത് ബി ജെ പിക്ക് നേരിയ ഭൂരിപക്ഷം ലഭിക്കുമെന്നാണ്. ബി ജെ പിക്ക് രണ്ട് ശതമാനം ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് തന്നെ അമ്പരപ്പിക്കുന്നു. കാരണം മറ്റെല്ലാ സര്‍വേ ഫലങ്ങളും കോണ്‍ഗ്രസിന് അനുകൂലമാണ്.