ബംഗലൂരു :കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത സുഹൃത്തും മൈസൂരിലെ പ്രമുഖ രാഷ്ട്രീയ നേതാവുമായ നാഗഭൂഷണിന്റെ മകളെ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗലൂരുവിലെ എച്ച്എസ്ആര്‍ ലേ ഔട്ടിലെ ഭര്‍തൃഗൃഹത്തിലാണ് നാഗ്ഭൂഷണിന്റെ മകള്‍ വനിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു മാസം മുന്‍പാണ് വനിതയുടെ വിവാഹം നടന്നത്.ബംഗലൂരുവില്‍ ഐടി ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി വസന്താണ് യുവതിയുടെ ഭര്‍ത്താവ്. വെള്ളിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങി എത്തിയപ്പോഴാണ് വസന്ത് ഭാര്യയെ വീടിനകത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിലെ ഫാനില്‍ തുണി കൊണ്ട് കഴുത്ത് മുറുക്കിയായിരുന്നു യുവതി ആത്മഹത്യ ചെയ്തത്.സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം മുറിയില്‍ നിന്ന് യുവതിയുടെ നാല് പേജുള്ള ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഭര്‍ത്താവും ഭര്‍തൃമാതാവും കൂടി കഴിഞ്ഞ കുറെ മാസങ്ങളായി സ്ത്രീധനത്തിന്റെ പേരില്‍ തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്ന് വനിത കത്തില്‍ പറയുന്നു. പലപ്പോഴും ഈ കാരണത്താല്‍ ഭക്ഷണം പോലും നല്‍കാതെ മുറിയില്‍ പട്ടിണിക്കിട്ടിരുന്നതായും യുവതി കത്തില്‍ എഴുതിയിട്ടുണ്ട്. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെയും മാതാവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണ്.