ഗോ കാര്‍ട്ടിങ്ങിനിടെ മുടി ചക്രത്തില്‍ കുടുങ്ങി ശിരോചര്‍മം വേര്‍പെട്ട് യുവതി മരിച്ചു

ഭട്ടിന്‍ഡ: അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ഗോ കാര്‍ട്ടിന്റെ ചക്രങ്ങള്‍ക്കിടയില്‍ തലമുടി കുരുങ്ങി ശിരോചര്‍മം വേര്‍പ്പെട്ട് യുവതി മരിച്ചു. പഞ്ചാബിലെ പിഞ്ചോറോറില്‍ യദവീന്ദ്ര ഗാര്‍ഡന്‍സിന്റെ സമീപത്തുള്ള പാര്‍ക്കില്‍ ബുധനാഴ്ചയാണ് സംഭവം. അവധി ആഘോഷിക്കാന്‍ ഹിമാചല്‍ പ്രദേശിലെ പര്‍വാനോയില്‍ പോയി മടങ്ങും വഴി ഭര്‍ത്താവ് അമര്‍ദീപ് സിങ്ങിനും രണ്ടു വയസ്സുകാരനായ മകനും മറ്റു കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് പുനീത് കൗര്‍ പാര്‍ക്കിലെത്തിയത്. ആറു പേര്‍ക്കായി നാലു ഗോ കാര്‍ട്ടുകളാണ് പാര്‍ക്കിലെത്തിയ ഇവര്‍ എടുത്തത്. പുനീതും ഭര്‍ത്താവും ഒന്നിലും മകന്‍ മുത്തശ്ശിക്കൊപ്പം മറ്റൊരു കാര്‍ട്ടിലുമായിരുന്നു. ആദ്യ ലാപ് പൂര്‍ത്തിയാകാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുണ്ടായിരുന്നപ്പോഴാണ് പുനീതിന്റെ മുടി കാര്‍ട്ടിന്റെ ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങിയത്. കാര്‍ട്ട് അതിവേഗതയില്‍ ആയിരുന്നതിനാല്‍ പുനീതിന്റെ ശിരോചര്‍മം തലയില്‍നിന്ന് വേര്‍പെട്ടുവെന്ന് പൊലീസ് പറഞ്ഞു. അപകടം ശ്രദ്ധയില്‍പ്പെട്ടതോടെ ഗോ കാര്‍ട്ടിങ് പെട്ടെന്നുതന്നെ നിര്‍ത്തി. പുനീതിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. 2013ല്‍ ഹരിയാന ടൂറിസം വിഭാഗം പാര്‍ക്ക് സ്വകാര്യ സ്ഥാപനത്തിനു പത്തുവര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കിയതാണ്.

Top