ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഇന്നലെ 6.30ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കിയത്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും കുറച്ചു ദിവസം കൂടി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ തുടരേണ്ടിവരും. ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം എന്നിവ സാധാരണ നിലയിലാണെങ്കിലും പ്രായാധിക്യം കാരണമുള്ള അനാരോഗ്യവും കരളിന്റെ പ്രവര്‍ത്തനത്തിലുള്ള വ്യതിയാനവും കരുണാനിധിയെ അലട്ടുന്നുണ്ട്. മൂത്രനാളിയിലെ അണുബാധ പൂര്‍ണമായി സുഖപ്പെട്ടിട്ടില്ലെന്ന സൂചനയുമുണ്ട്. കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന വാര്‍ത്തയ്ക്കു ശേഷവും ഒട്ടേറെ ഡിഎംകെ പ്രവര്‍ത്തകര്‍ ആശുപത്രിക്കു ചുറ്റും തമ്പടിക്കുന്നത് തുടരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസത്തേക്കാള്‍ ആള്‍ക്കൂട്ടം കുറഞ്ഞിട്ടുണ്ട്. പൊലീസ് സാന്നിധ്യവും കുറച്ചു. ജാഗ്രതാനിര്‍ദ്ദേശം പിന്‍വലിച്ചിട്ടില്ല. നടന്‍ രജനീകാന്ത്, മലേഷ്യന്‍ പാര്‍ലമെന്റ് സ്പീക്കര്‍ വിഘ്‌നേശ്വരന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കരുണാനിധിയെ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ കരുണാനിധിയെ നേരില്‍ കാണാന്‍ ചെന്നൈയിലെത്തിയിരുന്നു. ഈ സമയം കണ്ണു തുറന്ന് കിടക്കുന്ന കരുണാനിധിയുടെ ചിത്രവും മകന്‍ സ്റ്റാലിന്‍ കരുണാനിധിയോട് എന്തോ ചെവിയില്‍ പറയുന്നതും പുറത്ത് വിട്ട ചിത്രങ്ങളില്‍ കാണാമായിരുന്നു