ആരോഗ്യ നില അതീവ ഗുരുതരം; ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം മോശമായി; 24 മണിക്കൂര്‍ അതീവ നിര്‍ണ്ണായകം

ചെന്നൈ: ഡി.എം.കെ. അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കെ. കരുണാനിധിയുടെ അതീവ ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ സുപ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം മോശമായെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.

രോഗങ്ങള്‍ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചികിത്സയിലുള്ള ആള്‍വാര്‍പ്പേട്ട് കാവേരി ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. 24 മണിക്കൂറിനകം മരുന്നുകളോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും ആരോഗ്യനിലയിലെ പുരോഗതിയെന്നും ബുള്ളറ്റിനില്‍ വിശദീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഞ്ഞപ്പിത്തബാധയെത്തുടര്‍ന്ന് കരളിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചതായാണ് അറിയുന്നത്. കരള്‍ രോഗവിദഗ്ധര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. കരുണാനിധിയുടെ ആരോഗ്യനില മോശമായെന്നും ഡോക്ടര്‍മാര്‍ വിദഗ്ധചികിത്സ നല്‍കിക്കൊണ്ടിരിക്കുകയാണെന്നും തിങ്കളാഴ്ച പകല്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എസ്. തിരുനാവക്കരശര്‍ അറിയിച്ചു. എന്നാല്‍, വൈകീട്ട് ആറരയോടെയാണ് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റില്‍ പുറത്തിറക്കിയത്. വിവരമറിഞ്ഞതോടെ ഡി.എം.കെ. പ്രവര്‍ത്തകരും മറ്റും ആശുപത്രിപരിസരത്ത് തടിച്ചുകൂടി.

കരുണാനിധിയെ കാണാന്‍ ഭാര്യ ദയാലുഅമ്മാള്‍ തിങ്കളാഴ്ച ആള്‍വാര്‍പ്പേട്ട് കാവേരി ആശുപത്രിയില്‍ എത്തി. കഴിഞ്ഞ പത്തുദിവസമായി കരുണാനിധി ആശുപത്രിയിലാണെങ്കിലും ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഗോപാലപുരത്തുള്ള വസതിയില്‍ വിശ്രമിക്കുന്ന ദയാലുഅമ്മാള്‍ കാണാനെത്തിയിരുന്നില്ല. രാവിലെ ഏഴരയോടെ മകള്‍ കനിമൊഴിയും പിന്നീട് മറ്റൊരു ഭാര്യയായ രാജാത്തിഅമ്മാളും മറ്റ് മക്കളായ സ്റ്റാലിന്‍, അഴഗിരി തുടങ്ങിയവരും ആശുപത്രിയില്‍ എത്തി.

ജൂലായ് 28-ന് പുലര്‍ച്ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കരുണാനിധിയുടെ നില പിന്നീട് മെച്ചപ്പെട്ടുവെങ്കിലും കഴിഞ്ഞദിവസം വീണ്ടും മോശമായി. ആരോഗ്യനില തൃപ്തികരമാണെന്ന് പറയുന്നുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ആറുദിവസമായി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയിരുന്നില്ല.

കരുണാനിധിയുടെ ആരോഗ്യനില മോശമായെന്ന വാര്‍ത്ത പുറത്ത് വന്നതോടെ ആള്‍വാര്‍പ്പേട്ട് കാവേരി ആശുപത്രിക്കു മുന്നിലേക്ക് വീണ്ടും പ്രവര്‍ത്തകരുടെ ഒഴുക്ക്. കനത്ത പോലീസ്‌കാവല്‍ ഏര്‍പ്പെടുത്തിയ ആശുപത്രിക്കു സമീപം ആശങ്ക നിറഞ്ഞ മുഖത്തോടെയാണ് അണികളുടെ കാത്തിരിപ്പ്. പ്രായമുള്ളവരടക്കം കരഞ്ഞും നിലവിളിച്ചുമായിരുന്നു തങ്ങളുടെ നേതാവിന്റെ ആരോഗ്യവിവരം അറിയാന്‍ ആള്‍വാര്‍പ്പേട്ടേക്ക് എത്തിയത്. നേതാക്കന്മാരും ആശുപത്രിയിലേക്ക് പാഞ്ഞെത്തി.

ആരോഗ്യനിലയില്‍ മികച്ച പുരോഗതിയുണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ബുള്ളറ്റിനൊപ്പം കരുണാനിധിയെ രാഹുല്‍ഗാന്ധി സന്ദര്‍ശിക്കുന്ന ചിത്രംകൂടി പുറത്ത് വന്നതോടെ കുറച്ചുദിവസങ്ങളായി ആശ്വാസത്തിലായിരുന്നു അണികള്‍. ആറു ദിവസത്തോളം ആശുപത്രിക്ക് മുന്നില്‍ കാത്തിരുന്നതിനുശേഷം തലൈവര്‍ തിരികെയെത്തുമെന്ന ശുഭാപ്തിവിശ്വാസത്തില്‍ എല്ലാവരും പിരിയുകയായിരുന്നു. മധുരം വിതരണംചെയ്ത് ആഘോഷിക്കാനും ഇവര്‍ മറന്നില്ല. ഇതോടെ ആശുപത്രിക്കു സമീപമുള്ള ആള്‍ത്തിരക്കിന് അവസാനമായി. ഇതുവഴിയുള്ള ഗതാഗതവും സാധാരണ നിലയിലായി.

കരുണാനിധിയുടെ ആരോഗ്യനില വഷളായെന്ന വാര്‍ത്ത രണ്ടുദിവസം മുമ്പ് തന്നെ പ്രചരിച്ചിരുന്നുവെങ്കിലും വിശ്വസിക്കാന്‍ തയ്യാറാകാതിരുന്ന പ്രവര്‍ത്തകരെ ആശങ്കയിലാക്കിയത് രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് ശേഷം കരുണാനിധിയുടെ ചിത്രം പുറത്ത് വിടാത്തതായിരുന്നു. കലൈഞ്ജറുടെ നില മോശമായെന്ന തിരുനാവക്കരശരുടെ പ്രസ്താവന വേദനയോടെ കേട്ട പ്രവര്‍ത്തകര്‍ പിന്നീട് ആള്‍വാര്‍പ്പേട്ടേക്ക് തിരിക്കുകയായിരുന്നു.

കരുണാനിധിയുടെ മക്കളും കൊച്ചുമക്കളും അടങ്ങുന്ന കുടുംബാംഗങ്ങള്‍ ഒരോരുത്തരായി ആശുപത്രയിലേക്ക് വന്നുതുടങ്ങിയതോടെ പ്രവര്‍ത്തകരും തടിച്ചുകൂടി.

ആരോഗ്യനില മോശമാണെന്ന മെഡിക്കല്‍ബുള്ളറ്റിന്‍ പുറത്ത് വന്നതോടെ ആശുപത്രിക്കു മുന്നിലെ ജനക്കൂട്ടത്തിന്റെ വലുപ്പം വര്‍ധിച്ചു. സുരക്ഷാക്രമീകരണങ്ങള്‍ക്കായി വന്‍തോതില്‍ പോലീസും അണിനിരന്നതോടെ ഒരാഴ്ചമുമ്പുകണ്ട അതേദൃശ്യങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു. ഡി.എം.കെ. ജനറല്‍സെക്രട്ടറി കെ. അന്‍പഴകന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ദുരൈമുരുകന്‍, കവി വൈരമുത്തു, മുന്‍ കേന്ദ്രമന്ത്രി എ. രാജ തുടങ്ങിയവരും ആശുപത്രിയിലേക്ക് വരുകയായിരുന്നു.

Top