ചെന്നൈ :ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി. പ്രധാന അവയവങ്ങളുടെ പ്രവർത്തനം തകരാറിലാണ്. തീവ്ര ചികിൽസ തുടരുന്നുണ്ടെങ്കിലും പ്രായാധിക്യം കാരണം മരുന്നുകളോടുള്ള പ്രതികരണം ആശാവഹമല്ല. അടുത്ത 24 മണിക്കൂര്‍ നിര്‍ണ്ണായകമെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനിലുള്ളത്. കഴിഞ്ഞ മാസം 28ന് പുലർച്ചെയാണ് കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29 ന് രാത്രിയില്‍ സ്ഥിതി ഗുരുതരമായെങ്കിലും പിന്നീട് മെച്ചപ്പെടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കരുണാനിധിയുടെ ആരോഗ്യനിലയെ കുറിച്ച് ഏറ്റവും ഒടുവില്‍ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറങ്ങിയത്.
നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് കരുണാനിധി ഉള്ളത്. ആശുപത്രിയിൽ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയെന്നു കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. അരമണിക്കൂർ കരുണാനിധിയെ കസേരയിൽ ഇരുത്തിയതായായിരുന്നു ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട്.മരുന്നുകളോട് കരുണാനിധി മികച്ച രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നു ഡോക്ടര്‍മാരും പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് കരുണാനിധിയുടെ ആരോഗ്യ നില വീണ്ടും വഷളായത്. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
രക്തത്തിലെ അണുബാധ പരിഹരിക്കാൻ സാധിച്ചിട്ടില്ലെന്നും കരുണാനിധി കുറിച്ച് ദിവസം കൂടി ആശുപത്രിയില്‍ തുടരുമെന്നായിരുന്നു മെഡിക്കല്‍ ബുള്ളറ്റിനിലുണ്ടായിരുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി തുടങ്ങിയവർ ഈ ദിവസങ്ങളില്‍ കരുണാനിധിയെ സന്ദർശിച്ചിരുന്നു.